Categories: Literature

പുതുകഥയുടെ സൗന്ദര്യശാസ്ത്രം

ഇന്നത്തെ കഥകള്‍ ആധുനികതയുടേയും ഉത്തരാധുനികതയുടേയും തുടര്‍ച്ചതന്നെയാണ്. വിപണിയും മാധ്യമങ്ങളും നിര്‍ണയിക്കുന്ന സാമൂഹ്യ മണ്ഡലത്തിലാണ് പുതുകഥകള്‍ രൂപപ്പെടുന്നത്. എണ്ണമറ്റ ടെലിവിഷന്‍ ചാനലുകള്‍, വിവര സാങ്കേതിക വിദ്യ നല്‍കുന്ന തുറസ്സുകള്‍, അച്ചടി മാധ്യമങ്ങളുടെ നവരൂപങ്ങള്‍, അവയുടെ സൈബര്‍ പതിപ്പുകള്‍ ഇവയൊക്കെ ചേര്‍ന്നതാണ് ഇന്നത്തെ കഥയുടെ ലോകം

Published by

ഡോ. റഷീദ് പാനൂര്‍

ആധുനികതയ്‌ക്കും ഉത്തരാധുനികതയ്‌ക്കും ശേഷം മലയാള ചെറുകഥാ സാഹിത്യത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഇന്നത്തെ തലമുറയിലെ കഥാകൃത്തുക്കളില്‍ ലാസര്‍ഷൈനും വിനോയ് തോമസും ഷീബ ഇ.കെ.യും ഷാഹിന ഇ.കെ.യും വി.എം. ദേവദാസും എടുത്തുപറയേണ്ട പേരുകളാണ്. പ്രമേയങ്ങളുടെ സ്വീകരണത്തിലും ശൈലിയിലും നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്ന ഇന്നത്തെ കഥാകൃത്തുക്കള്‍ ആഖ്യാന പരീക്ഷണങ്ങളുടേയും വാക്യരചനാ വിശേഷണങ്ങളുടെയും മത്സരത്തിനപ്പുറത്ത് ജീവിതാനുഭവങ്ങളുടെ നേര്‍ ചിത്രീകരണത്തിലേക്ക് വ്യാവര്‍ത്തിക്കുന്ന രചനാ രീതി സ്വീകരിക്കുന്നു.

ജീവിതത്തോടുള്ള സത്യസന്ധമായ ആഭിമുഖ്യമാണ് പുതുതലമുറക്കഥകളിലെ രാഷ്‌ട്രീയത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. സങ്കീര്‍ണ്ണമായ ആഖ്യാനത്തിന്റെ മുഖാവരണങ്ങളില്‍ പെട്ട് നട്ടംതിരിയുന്നവരല്ല ഇന്നത്തെ കഥാകൃത്തുക്കള്‍.

പുതിയ കാലത്തെ പെണ്ണനുഭവങ്ങളെ സൂക്ഷ്മമായി അളന്നെടുക്കുന്ന യമയുടേയും മറ്റും കഥകള്‍ സാറാ ജോസഫിനെ ഓര്‍മിപ്പിക്കുന്നു. ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങളെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഒരു സാഹിതിക്കും ഏറെക്കാലം നിലനില്‍ക്കാന്‍ കഴിയില്ല. വ്യക്ത്യനുഭവനങ്ങളുടെ സങ്കീര്‍ണമേഖലകളും അവിടെ ഉയര്‍ന്നമരുന്ന ലോലഭാവങ്ങളുടെ ശോണ മുഹൂര്‍ത്തങ്ങളും തേടി മലയാള സാഹിതി നടത്തിയ അന്വേഷണത്തിന്റെ ഫലമാണ്  എംടിയിലും ടി. പത്മനാഭനിലും മാധവിക്കുട്ടിയിലും മറ്റും കണ്ടത്. മലയാള ചെറുകഥ കലാരൂപമാണെന്ന പ്രഖ്യാപനമായിരുന്നു പത്മനാഭന്റെയും എംടിയുടേയും കഥകള്‍. കഥകളെ സാമൂഹ്യമാറ്റത്തിനു വേണ്ടിയുള്ള ഒരു ടൂള്‍ ആക്കാനുള്ള വ്യഗ്രത ബഷീറിനും പൊന്‍കുന്നം വര്‍ക്കിക്കും ഇല്ലായിരുന്നു.

അസ്തിത്വദുഃഖവും അന്യതാബോധവും അവമാനവീകരണവും ഇടകലര്‍ന്ന എം.മുകുന്ദന്റെയും ആനന്ദിന്റെയും കാക്കനാടന്റെയും കഥകള്‍ കേരളം ഏറെ ചര്‍ച്ച ചെയ്തു.

പുതുകഥയുടെ ലോകം

ഇന്നത്തെ കഥകള്‍ ആധുനികതയുടേയും ഉത്തരാധുനികതയുടേയും തുടര്‍ച്ചതന്നെയാണ്. വിപണിയും മാധ്യമങ്ങളും നിര്‍ണയിക്കുന്ന സാമൂഹ്യ മണ്ഡലത്തിലാണ് പുതുകഥകള്‍ രൂപപ്പെടുന്നത്. എണ്ണമറ്റ ടെലിവിഷന്‍ ചാനലുകള്‍, വിവര സാങ്കേതിക വിദ്യ നല്‍കുന്ന തുറസ്സുകള്‍, അച്ചടി മാധ്യമങ്ങളുടെ നവരൂപങ്ങള്‍, അവയുടെ സൈബര്‍ പതിപ്പുകള്‍ ഇവയൊക്കെ ചേര്‍ന്നതാണ് ഇന്നത്തെ കഥയുടെ ലോകം. മലയാളിയുടെ ദിനചര്യപോലും പുതുക്കി എഴുതുന്ന ഇന്നത്തെ സാഹചര്യത്തില്‍ കഥകള്‍ നവരൂപവും ഭാവവും കൈകോര്‍ത്ത് മുന്നോട്ടു നീങ്ങുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സാങ്കേതിക ബുദ്ധിയാണ് ഇന്ന് മനുഷ്യനെ ഭരിക്കുന്നത്.

ഇന്നത്തെ കഥാകൃത്തുക്കളെ സമീപിക്കുമ്പോള്‍ വി.എം. ദേവദാസിനെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഇന്നത്തെ ഉത്തര, ഉത്തര ആധുനിക കഥാകൃത്തുക്കളില്‍ കൃത്യമായ ഒരു രചനാ പദ്ധതിക്കുള്ളില്‍നിന്ന് കൊണ്ട് കഥ പറയുകയാണ് ദേവദാസ്.  നോവലിലും കഥയിലും സമാനതകള്‍ ഇല്ലാത്ത എഴുത്തുശൈലി ദേവദാസിനുണ്ട്. കഥയുടെ രൂപത്തിലും ഉള്ളടക്കത്തിലും ഒന്നിനൊന്ന് വ്യത്യസ്തമാണ് ദേവദാസ് കഥകള്‍. ജീവിതത്തെ നിര്‍വചിക്കാനും, സമകാലിക ജീവിതരീതികളെ അടയാളപ്പെടുത്താനും മാത്രമല്ല, രാഷ്‌ട്രീയ യാഥാര്‍ത്ഥ്യവും ജനാധിപത്യ സങ്കല്‍പ്പവും ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വിചാരണ ചെയ്യപ്പെടുന്നു. ‘ചുവരെഴുത്ത്’, ‘മരണ സഹായി’ തുടങ്ങിയ കഥകള്‍ അടുത്തകാലത്ത് എഴുതപ്പെട്ട മികച്ച കഥകളാണ്. ‘നായകന്‍’ എന്ന കഥയിലെ സിനിമാ നടന്‍ ഒരേസമയം അഭിനയത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ലോകത്ത് ജീവിക്കുന്നു. കഥയുടെ ചട്ടക്കൂടിനെ പുതുക്കിപ്പണിയാന്‍ ഈ കഥാകൃത്ത് ശ്രമിക്കുന്നു.  

നമ്മുടെ സദാചാര മൂല്യങ്ങളെ കീഴ്‌മേല്‍ മറിച്ച മാധവിക്കുട്ടിയും സാറാജോസഫും കഥയില്‍ വിപ്ലവം സൃഷ്ടിച്ചവരാണ്. ഉത്തരാധുനിക കാലത്തെ എഴുത്തില്‍നിന്ന് പ്രകടമായ വ്യതിയാനം കാണിക്കുന്ന ഇന്നത്തെ തലമുറ വീണ്ടും സംവേദന ശീലങ്ങളെ മാറ്റി എഴുതാന്‍ ശ്രമിക്കുന്നു. യൂണിവേഴ്‌സിറ്റി ബിരുദമില്ലാതെ, ഭാഷയുടെ ഗ്രാമറും ശൈലിയും അക്കാദമിക് ആയി പഠിക്കാത്ത ഇന്നത്തെ പുതുകഥാകൃത്തുക്കള്‍ ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ ജോലി ചെയ്യുന്നവരാണ്.  

ജീവിതത്തിലേക്കുള്ള സൂക്ഷ്മമായ നേട്ടവും ഭാവനാത്മകമായ ഇടപെടലുമാണ് ഓരോ ചെറുകഥയും. അത് ജീവിതത്തെ കീറിമുറിച്ച് ചെറു കഷ്ണങ്ങളാക്കി മാറ്റി. ഒടുവില്‍ കഷ്ണങ്ങളെ കോര്‍ത്തിണക്കി ഭാവനാരൂപത്തിലുള്ള ചെറുകൊട്ടാരങ്ങള്‍ നിര്‍മിക്കുന്നു. ഓരോ കഥയും ആഴത്തില്‍ ജീവിതത്തോടും ദേശത്തോടും കാലത്തോടും ചേര്‍ന്നുനില്‍ക്കുന്നു. ജീവിതം എപ്പോഴും സമതലത്തില്‍ കൂടി ഒഴുകുന്ന ഒരു പുഴയല്ല, അത് ചിലപ്പോള്‍ കാട്ടാറുപോലെ നുരയിട്ട് പതഞ്ഞൊഴുകുന്നു. എഴുത്തുകാര്‍ പലതരം കണ്ണടകള്‍ വച്ച് ജീവിതത്തെ കാണുന്നു. വൈവിധ്യമില്ലാതെ കലയും സാഹിത്യവും നിലനില്‍ക്കില്ല. ഈ വൈവിധ്യം ആനന്ദിലും ഒ. വി.വിജയനിലും എം. കുമാരനിലുമുണ്ട്. യമയെന്ന എഴുത്തുകാരി കമിറ്റ്‌മെന്റ് കഥകള്‍ കലയുടെ മൂശയില്‍ വാര്‍ത്തെടുക്കുന്നു. എം. സുകുമാരനും എം. ഗോവിന്ദനും സി.വി. ശ്രീരാമനും യുപി. ജയരാജിനും ഈ സിദ്ധിയുണ്ട്.  

യമയുടെ കഥകള്‍

സവിശേഷമായ രാഷ്‌ട്രീയ ബോധ്യത്തെ കലയുടെ സ്വര്‍ണനൂലുകൊണ്ട് വരിഞ്ഞുകെട്ടുന്ന യമയുടെ കഥകള്‍ പ്രത്യേകം പഠനമര്‍ഹിക്കുന്നു. വളരെ കുറച്ച് കഥകള്‍ എഴുതുന്ന യമ പെണ്‍ മനസ്സിന്റെ സൂക്ഷ്മതലങ്ങള്‍ അനാവരണം ചെയ്യുന്നു. സാമൂഹികമായ കീഴാളത അനുഭവിക്കുന്ന സ്ത്രീകളുടെ ഒറ്റപ്പെടല്‍ യമ അതിമനോഹരമായി കലയാക്കി മാറ്റുന്നു. ‘ചുടുലതതെങ്ങ്’ എന്ന കഥ യമയുടെ എടുത്തുപറയേണ്ട ഒരു കഥയാണ്. തകര്‍ച്ചയിലൂടെ കടന്നുപോകുന്ന ഒരു കുടുംബവും, അതിലെ രണ്ട് സ്ത്രീകളും നമ്മുടെ മനസ്സിനെ വേട്ടയാടുന്നു. ‘ദാരിദ്ര്യം’ തീമാക്കി എങ്ങനെ ഒരു കഥയെ ആധുനികരീതിയില്‍ വളര്‍ത്തിയെടുക്കാം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ കഥ. വളരെ സാധാരണമെന്ന് തോന്നാവുന്ന യമയുടെ കഥകള്‍ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളുടെ കുരുക്കഴിക്കാന്‍ ശ്രമിക്കുന്നു. ‘സിനിമാ തീയേറ്റര്‍’ സ്ത്രീ അനുഭവത്തിന്റെ ഇതിഹാസമാണ്. സ്ത്രീ സ്വത്വത്തിന്റെ വ്യത്യസ്തമായ ഒരു മുഖമാണ് ‘സതി’യെന്ന കഥ. വലിയ കാന്‍വാസില്‍ സംഭവ ബഹുലമായ കഥ പറയുന്ന  എഴുത്തുകാരിയല്ല യമ. അരിക് ജീവിതത്തെ സൗന്ദര്യത്തിന്റെ ലായനിയില്‍ ചാലിച്ച് എഴുതുന്ന ഈ കഥാകാരി തീര്‍ത്തും ഒറ്റപ്പെട്ടു നില്‍ക്കുന്ന എഴുത്തുകാരിയാണ്.

‘പുഴ കത്തുമ്പോള്‍ മീനുകള്‍’ എന്ന കഥയെഴുതിയ ലാബര്‍ ഷൈന്‍ നവ കഥാകൃത്തുക്കളുടെ പട്ടികയില്‍ ആദ്യത്തെ അഞ്ചോ പത്തോ പേരില്‍ വരും. തകഴിയും ദേവും മറ്റും കഥ പറയാന്‍ റിയലിസവും സോഷ്യലിസ്റ്റ് റിയലിസവും മാറി മാറി ഉപയോഗിച്ചിട്ടുണ്ട്. റിയലിസം പോലും മറനീക്കി കാണിക്കാന്‍ മടിച്ച ജീവിതത്തിന്റെ ഇരുട്ടറകളെ തുറന്നുകാണിക്കാന്‍ ലാസര്‍ ഷൈനി കഴിഞ്ഞു.

പുതിയ കാലത്തെ മാറിയ ജീവിതവും മനുഷ്യ പരിണാമവും ആഴത്തില്‍ പഠനവിധേയമാക്കുന്ന കഥകള്‍ ലാസര്‍ ഷൈന്‍ എഴുതിയിട്ടുണ്ട്. സാമൂഹ്യ ശാസ്ത്രവും മനഃശാസ്ത്രവുമൊക്കെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ടാണ് ആത്മത്തേയും അപരത്തേയും വിനോയ് തോമസ് നിര്‍വചിക്കുന്നത്. ആധുനീകരണത്തിലൂടെ പ്രകൃതിയേയും മനുഷ്യനേയും നശിപ്പിക്കുന്ന പുരോഗിതയെന്ന രാക്ഷസന്‍ ആഗോളവല്‍ക്കരണ കാലത്തെ ഏറ്റവും വലിയ സാത്താനാണെന്ന് ‘രാമച്ചി’ പോലുള്ള കഥകളിലൂടെ വിനോയ് തോമസ് കാണിച്ചു തരുന്നു.

ഷീബ ഇ.കെ.യുടെ കഥകള്‍ സ്‌ത്രൈണ ചോദനകളില്‍ നിന്ന് ജന്മമെടുക്കുന്നു. അനുസ്യൂതമായി തുടരുന്ന ദേശകാലാതീതമായ സ്ത്രീയനുഭവങ്ങളുടെ വെളിച്ചം ഷീബയുടെ കഥകള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കുന്നു. ഗാര്‍ഹികമായ ചുമതലകളുടെ കമ്പിവേലികളില്‍ തട്ടി ശ്വാസംമുട്ടുകയും രക്തം കിനിയുകയും ചെയ്യുന്ന സ്ത്രീത്വത്തിന്റെ സാക്ഷിമാത്രമാണ് ‘കനലെഴുത്ത്’ എന്ന കഥ. ‘കീഴാളന്‍’ ‘കാളിയമര്‍ദ്ദനം’ തുടങ്ങിയ കഥകള്‍ രാഷ്‌ട്രീയ സ്വഭാവമുള്ളതാണെങ്കിലും കമിറ്റ്‌മെന്റ് കഥകളുടെ സൂപ്പര്‍ഫിഷല്‍ സ്വഭാവം ഈ കഥകള്‍ക്കില്ല. അടുത്ത കാലത്ത് വായിച്ച കഥകളില്‍ വി.എസ്. അജിത്തിന്റെ ‘എലിക്കെണി’ ഒറ്റപ്പെട്ടു നില്‍ക്കുന്നു. ആക്ഷേപ ഹാസ്യത്തിന്റെ കുപ്പായമിട്ട് പ്രത്യക്ഷപ്പെടുന്ന അജിത്തിന്റെ കഥകള്‍ വി.പി. ശിവകുമാര്‍ കഥകളെ ഓര്‍മിപ്പിക്കുന്നു. വിദൂഷക സ്വഭാവം കുത്തിനിറച്ച അജിത്തിന്റെ കഥകളില്‍ പരിഹാസവും നിഷേധവും കലര്‍ന്ന ചിരിയുണ്ട്. ‘മോടിയുള്ള മദ്യക്കുപ്പി’ ഈ സമാഹാരത്തിലെ മികച്ച കഥകളിലൊന്നാണ്. പുതിയ ദമ്പതിമാരുടെ ജീവിതത്തിലേക്ക് അവരുടെ വിശ്വാസത്തിന്റെ നീര്‍ക്കുമിള പൊട്ടിച്ച് ഒരു വ്യാജ ജിന്ന് കടന്നുവരുന്നതാണ് കഥ. വൈവാഹിക ജീവിതം ആരംഭിക്കുന്ന വധൂവരന്മാര്‍ എങ്ങനെയൊക്കെ വഞ്ചിക്കപ്പെടുന്നു എന്ന് ഈ കഥ അസാധാരണമായ ഹ്യൂമര്‍സെന്‍സോടെ വായനക്കാരോട് പറയുന്നു. ‘ണറോക്കോപിച്ചിക്കോവ്’, ‘തിമോത്തി അരിക്കാടി’ തുടങ്ങിയ കഥകള്‍ക്ക് രാഷ്‌ട്രീയ സ്വഭാവമുണ്ട്. കഥയുടെ തന്മാത്രകളായി പ്രത്യക്ഷപ്പെടുന്ന പ്രാദേശിക കൊളോക്ക്യല്‍ സ്റ്റൈലും തെക്കന്‍ പദങ്ങളുടെ കുത്തി ഒഴുക്കും ശക്തമായ സറ്റയറിന്റെ സാന്നിദ്ധ്യമറിയിക്കുന്നു.

”പുരുഷത്വത്തിന്റെ വെല്ലുവിളികളെ മദ്യംകൊണ്ട് മയക്കി കിടത്തുന്ന മര്‍ത്ത്യന്റെ പേരാണ് മലയാളി” (തണ്ട് ഒടിഞ്ഞ താമര) കഥാകൃത്ത് ഒരു ശൈലിയായി രൂപപ്പെടുത്തിയ വിരുദ്ധോക്തി മടുപ്പുളവാക്കുന്നില്ല.

കല്‍പ്പിത വൃത്താന്തം

പുതുകഥയുടെ വസന്തം പെയ്തിറങ്ങുന്ന ഈ കാലത്ത് പ്രജിത്ത് പനയൂരിന്റെ കല്‍പ്പിത വൃത്താന്തം എന്ന കഥാസമാഹാരം ശ്രദ്ധേയമാണ്. വ്യക്തിയും സമൂഹവും തമ്മിലുള്ള നിലയ്‌ക്കാത്ത സംഘര്‍ഷങ്ങളുടെ ഭൂമികയില്‍നിന്നുകൊണ്ടാണീ യുവകഥാകൃത്ത് കഥകള്‍ എഴുതുന്നത്. സമൂഹത്തെ പിച്ചിച്ചീന്തുകയല്ല മറിച്ച് നിരീക്ഷണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി വായനക്കാരുടെ മനസ്സില്‍ ആത്മ സംഘര്‍ഷങ്ങളുടെ തീകോരിയിടുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ‘അകലം’ ‘നുണക്കഥയിലെ രാജകുമാരി’ തുടങ്ങിയ കഥകള്‍ നല്ല വായനാ സന്ദര്‍ഭങ്ങള്‍ നല്‍കുന്നു. പച്ച മനുഷ്യന്റെ ആകുലതകളുടെ വാതിലുകളാണീ കഥകള്‍. എം. രാജീവ് കുമാറിന്റെ ‘അപരിചിത’ ഹരിദാസ് നീലഞ്ചേരിയുടെ ‘ഹൃദയരാഗങ്ങള്‍ കൂടി’ പ്രകാശന്‍ ചുനങ്ങാടിന്റെ ‘ഹൈദരാബാദ് എക്‌സ്പ്രസ്’ തുടങ്ങിയ കഥാസമാഹാരങ്ങളും അപൂര്‍വം സൗന്ദര്യാത്മകത നിറഞ്ഞു നില്‍ക്കുന്ന കൃതികളാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by