ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇസഡ് പ്ലസ് സുരക്ഷ വെട്ടിക്കുറച്ചേക്കില്ല. സിആര്‍പിഎഫ് അവലോകകനത്തിന് ശേഷമായിരിക്കും അദ്ദേഹത്തിന്റെ സുരക്ഷ സംബന്ധിച്ച തീരുമാനം കൈക്കൊള്ളൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാല വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷയിലുള്ള സമിതിയാണ് ഏത് കാറ്റഗറി സുരക്ഷ നല്‍കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. അയോഗ്യനാക്കിയതോടെ രാഹുല്‍ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 12 തുഗ്ലക് ലെയിന്‍ ആണ് രാഹുല്‍ താമസിക്കുന്നത്. ഈ വസതി ഏപ്രില്‍ 22-ന് അകം ഒഴിയാനാണ് ലോക്സഭാ ഹൗസിങ് കമ്മിറ്റി നല്കിയ നോട്ടീസില്‍ പറയുന്നത്. പുതിയ വസതിയിലേക്ക് മാറിയാല്‍ സുരക്ഷ അവലോകനം ചെയ്യാനാണ് സിആര്‍പിഎഫിന്റെ തീരുമാനം.
നിലവില്‍ രാഹുല്‍ ഗാന്ധിക്ക് സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എസ്പിജി സുരക്ഷ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷയാണിത്. സുരക്ഷാ ഭീഷണി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് കാറ്റഗറി തീരുമാനിക്കുന്നത്. നിലവില്‍ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ്.
കര്‍ണ്ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കള്ളന്മാര്ക്കെല്ലാം മോദിയെന്ന പേര് എങ്ങനെയാണെന്ന് പ്രസ്താവന നടത്തിയതിലാണ് സൂറത്തിലെ സിജെഎം കോടതി രാഹുലിനെ രണ്ട് വര്‍ഷം തടവിന് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: