മലയാളിക്ക് ചിരിപ്പൂക്കള്‍ സമ്മാനിക്കുന്നതിനായി ഇന്നസെന്റ് നടന്നു തീര്‍ത്തത് ദുഖവും ദുരിതവും ദാരിദ്ര്യവും കല്ലും മുള്ളും നിറഞ്ഞ ജീവിതപ്പാത. അനുഭവങ്ങളായിരുന്നു ഇന്നസെന്റ് കഥാപാത്രങ്ങളുടെ ഉള്‍ക്കരുത്ത്. ആള്‍ക്കൂട്ടത്തിലൊരാളായും ആരാലും ശ്രദ്ധിക്കപ്പെടാനിടയില്ലാത്ത കഥാപാത്രമായും വന്ന് മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടും സ്വഭാവ നടനായും എല്ലാം മാറിയ അഭിനേതാവ്. ആരായിരുന്നു എന്ന ചോദ്യത്തേക്കാള്‍ ആരല്ല എന്ന് തിരയുന്നതാവും അഭികാമ്യം. നടന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍, ജനപ്രതിനിധി തുടങ്ങി സര്‍ഗാത്മകതയുടേയും സമാജ സേവനത്തിന്റേയും വഴിയില്‍ നടന്നുനീങ്ങിയ വ്യക്തി. സ്‌ക്രീനില്‍ ഇന്നസെന്റ് എന്ന പേര് തെളിഞ്ഞാല്‍ സിനിമയ്‌ക്ക് മിനിമം ഗ്യാരണ്ടി ഉറപ്പിച്ചിരുന്നു പ്രേക്ഷകര്‍. ജീവിതത്തിന്റെ പിരിമുറുക്കങ്ങളിള്‍ പെട്ടുഴറിയ ജനതയ്‌ക്ക് ആ ചിരി ഒരു ഔഷധമായിരുന്നു.
നടനായി പരിവര്‍ത്തനപ്പെടും മുമ്പ് ഇന്നസെന്റിന്റെ ജീവിതത്തിനൊരു പിന്നാമ്പുറ കഥയുണ്ട്. ഉപജീവനത്തിനായി പല തൊഴിലുകള്‍. തീപ്പെട്ടി കമ്പനിയുടമ, സ്റ്റേഷനറി കട, സിമന്റ് ഏജന്‍സി, വോളിബോള്‍ ടീം മാനേജര്‍ അങ്ങനെ പലതും. കര്‍ണാടകയിലെ ദാവണ്‍ഗരെയില്‍ തീപ്പെട്ടി കമ്പനി ഉടമയായിരുന്ന ഇന്നസെന്റ് കടത്തില്‍ മുങ്ങി ആരും അറിയാതെ രാത്രി നാട്ടിലേക്കു മടങ്ങി. തീപ്പെട്ടി കമ്പനിയിലേക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ ശിവകാശിക്കു പോകുമ്പോഴാണ് മദിരാശിയിലും കോടമ്പാക്കത്തും കറങ്ങുന്നതും സിനിമ തലയ്‌ക്കു പിടിക്കുന്നതും. സിനിമാ മോഹം തലയ്‌ക്കുപിടിച്ച്, സിനിമാ മോഹികളുടെ പറുദീസയായ മദ്രാസിലേക്ക് ചേക്കേറി ഇന്നസെന്റ്. പ്രേം നസീര്‍, അടൂര്‍ ഭാസി, മധു, ശങ്കരാടി തുടങ്ങി മുന്‍നിര നടന്മാര്‍ക്ക് മാത്രം റോളുള്ള കാലം. അതിനിടയില്‍ ചെറിയ ചില വേഷങ്ങള്‍ കിട്ടിയാല്‍ ഭാഗ്യം. സിനിമയിലെത്താന്‍ പലവിധ വേഷം കെട്ടലുകള്‍ നടത്തുന്നവര്‍ക്കിടയില്‍ ഇന്നസെന്റും. എ. ബി. രാജിന്റെ സംവിധാനത്തില്‍ 1972 ല്‍ പുറത്തിറങ്ങിയ നൃത്തശാലയിലൂടെ തുടക്കം. പത്രപ്രവര്‍ത്തകന്റെ റോളായിരുന്നു അതില്‍. മദ്രാസിലായിരുന്നു ഷൂട്ടിങ്. അങ്ങനെ ഒന്ന് രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. നാട്ടില്‍ വന്ന് തിയേറ്ററില്‍ പോയി താന്‍ അഭിനയിച്ച സിനിമ കാണും. അന്നൊന്നും അധികമാരും അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല. കൈ നിറയെ സിനിമയുണ്ടെണ്ടണ്ടണ്ടന്നായിരുന്നു ചിലരുടെ ധാരണ. അവര്‍ ചോദിക്കും അടുത്തപടത്തെ കുറിച്ച്. അവരോടൊക്കെ മാസാവസാനത്തെ ഒരു തിയതി പറഞ്ഞ് തടിതപ്പും. തിരിച്ച് മദ്രാസിലെത്തും. റോളുകള്‍ തേടും. അങ്ങനെ രണ്ട് വര്‍ഷം അവിടെ പിടിച്ചു നിന്നു. പട്ടിണി പെരുകിയതല്ലാതെ വേഷങ്ങള്‍ പെരുകിയില്ല. തിരിച്ച് നാട്ടിലെത്തി. പല ബിസിനസുകള്‍ പയറ്റി നോക്കി. അപ്പോഴും സിനിമ അണയാത്ത കനലായി ഉള്ളിലെരിഞ്ഞു. വയറു കായുമ്പോള്‍ ഉള്ളിലെ സിനിമാ മോഹം അല്‍പം ശമിച്ചു. ദല്‍ഹി,ആഗ്ര, കാണ്‍പൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് ലേഡീസ് ബാഗ് പോലുള്ള സാധനങ്ങള്‍ ഹോള്‍സെയിലായി വാങ്ങി വന്ന് വില്‍ക്കും. അങ്ങനെ നടക്കുമ്പോഴാണ് നടന്‍ സുകുമാരന്‍ കാറില്‍ പോകുന്നത് കാണുന്നതും, ഇന്നസെന്റിന്റെയുള്ളിലെ നടന്‍ വീ്ണ്ടും ഉണരുന്നതും.
കെ.മോഹന്‍ സംവിധാനം ചെയ്ത ഇളക്കങ്ങള്‍ ആയിരുന്നു ഇന്നസെന്റിന്റെ തുടക്ക കാലത്തെ ശ്രദ്ധേയ ചിത്രം. ദേവസ്സിക്കുട്ടി എന്ന കറവക്കാരന്റെ വേഷം. ഹാസ്യ കഥാപാത്രമായിരുന്നു അത്. മദ്രാസ് ഫിലിം ഫാന്‍സിന്റെ മികച്ച ഹാസ്യനടനുള്ള അവാര്‍ഡും അതിലൂടെ നേടി. കുറേ കാലത്തേക്ക് വേറെ പടങ്ങളൊന്നും തേടിയെത്തിയില്ല. പിന്നെ അഭിനയിച്ച ചിത്രമാണ് അവിടുത്തെ പോലെ ഇവിടെയും. കച്ചവടക്കാരന്റെ വേഷത്തില്‍. അതോടെ സിനിമയില്‍ ഇന്നസെന്റിന്റെ രാശിയും തെളിഞ്ഞു. ഉലയില്‍ ഊതിക്കാച്ചിയ പൊന്നുപോലെ പത്തരമാറ്റിന്റെ തിളക്കത്തില്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ഉരുവം കൊണ്ട അഭിനേതാവ് ജ്വലിച്ചുയരുന്ന കാഴ്ചയ്‌ക്കാണ് പിന്നീട് വെള്ളിത്തിര സാക്ഷ്യം വഹിച്ചത്.
ഇന്നസെന്റ് എന്നാല്‍ ഹാസ്യ നടന്‍ മാത്രം ആയിരുന്നില്ല. ഫസ്റ്റ് ക്ലാസ് വില്ലനും കൂടിയായിരുന്നു. കാതോടുകാതോരത്തിലെ റപ്പായി, കേളിയിലെ ലാസര്‍, പൊന്മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി, തസ്‌കരവീരനിലെ ഈപ്പച്ചന്‍ തുടങ്ങി എണ്ണം പറഞ്ഞ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ വില്ലന്‍ സങ്കല്‍പ്പത്തെ തന്നെ തച്ചുടച്ചു ഇന്നസെന്റ്.
ഹാസ്യ കഥാപാത്രത്തില്‍ നിന്ന് സ്വഭാവ നടനിലേക്ക് പകര്‍ന്നാട്ടം നടത്തിയ ചിത്രമാണ് കാബൂളിവാല. ഇതിലെ കന്നാസ് എന്ന കഥാപാത്രത്തില്‍ ഹാസ്യത്തോടൊപ്പം സ്വഭാവനടനും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വേഷത്തില്‍ മമ്മൂട്ടിയുടെ അച്ഛനായി അസാധാരണ അഭിനയമായിരുന്നു കാഴ്ചവച്ചത്. സൂക്ഷ്മാഭിനയത്തിന്റെ ചാരുതയുണ്ടായിരുന്നു ഇന്നസെന്റിന്റെ ഓരോ കഥാപാത്രത്തിനും. ഒന്നില്‍ ദര്‍ശിച്ചത് മറ്റൊന്നില്‍ കാണാനാവാത്ത വിധം അഭിനയത്തില്‍ ഇഴുകിച്ചേര്‍ന്ന പ്രതിഭ. ചുറ്റുപാടുകളും അവിടുത്തെ മനുഷ്യജീവിതങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പാഠപുസ്തകം. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവായിരുന്നു ദുരിത കാലത്ത് അദ്ദേഹത്തിന് തുണയായതും. ചെറു സദസ്സുകളില്‍ ഫലിതം പറഞ്ഞും ഇതുകേള്‍ക്കുന്ന കേള്‍വിക്കാര്‍ വാങ്ങിക്കൊടുക്കുന്ന ആഹാരം കഴിച്ചും വിശപ്പടക്കിയ നാളുകള്‍. പഠനം എട്ടാം ക്ലാസില്‍ മതിയാക്കി. പക്ഷേ ജീവിതാനുഭവങ്ങളില്‍ ഇന്നസെന്റ് എന്നും ഒന്നാമതായിരുന്നു. ആരുടേയും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കഥകള്‍ നര്‍മത്തില്‍ ചാലിച്ച് എഴുതുന്ന ഇന്നസെന്റിനെ ‘എഴുതാത്ത ബഷീര്‍’ എന്നാണ് സത്യന്‍ അന്തിക്കാട് വിശേഷിപ്പിച്ചത്. ചിരിക്കുപിന്നില്‍ എന്ന ആത്മകഥയ്‌ക്കുള്ളില്‍ അനുഭവ തീക്ഷ്ണത അത്രയും അക്ഷരങ്ങളായി വേരുറപ്പിച്ചിട്ടുണ്ട്. ‘ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്‍കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം എന്ന് പറഞ്ഞുവച്ചൂ ഇന്നസെന്റ്. ആ ചിരി മാഞ്ഞു. പക്ഷേ അദ്ദേഹം പകര്‍ന്നു നല്‍കിയ ആ ഔഷധ പ്രവാഹം ഒരുനാളും നിലയ്‌ക്കുകയില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: