മുംബൈ: മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ശക്തമായ നിലപാടുമായി ശിവസേന നേതാവ് ഉദ്ദവ് താക്കറെ രംഗത്ത്. സവര്‍ക്കര്‍ തങ്ങളുടെ ദൈവമാണെന്നും സഖ്യത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകളില്‍നിന്ന് രാഹുല്‍ പിന്മാറണമെന്നും ഉദ്ദവ് ആവശ്യപ്പെട്ടു. ഹിന്ദുത്വ ആശയത്തിന്റെ മുഖ്യശില്പി വി.ഡി സവര്‍ക്കര്‍ ആണെന്നും അദ്ദേഹത്തെ അപമാനിക്കുന്നതില്‍നിന്നും രാഹുല്‍ വിട്ടുനില്‍ക്കണമെന്നും ഉദ്ദവ് ആവശ്യപ്പെട്ടു.
സവര്‍ക്കര്‍ തന്റെ ആരാധനാ പാത്രമാണ്. ‘ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ 14 വര്‍ഷം അനുഭവിച്ചറിഞ്ഞത് സങ്കല്‍പ്പിക്കാനാവാത്ത പീഡനമാണ്. നമുക്ക് കഷ്ടപ്പാടുകള്‍ വായിക്കാനേ കഴിയൂ. അതൊരു ത്യാഗമാണ്. സവര്‍ക്കറെ അപമാനിക്കുന്നത് ഞങ്ങള്‍ സഹിക്കില്ല’ ഉദ്ധവ് താക്കറെ പറഞ്ഞു. രാഹുല്‍ ഗാന്ധി സവര്‍ക്കറെ താഴ്ത്തിക്കെട്ടുന്നത് തുടര്‍ന്നാല്‍ പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘വീര്‍ സവര്‍ക്കര്‍ ഞങ്ങളുടെ ദൈവമാണ്. അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങള്‍ പോരാടാന്‍ തയ്യാറാണ്. പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങള്‍ സഹിക്കില്ലെന്നും ഉദ്ദവ്. ‘ഉദ്ധവ് വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും സഖ്യം ഉണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കുന്നതിനാണ്. രാഹുല്‍ ഗാന്ധിയെ ബോധപൂര്‍വം പ്രകോപിപ്പിക്കുന്നതാണെന്നത് അംഗീകരിക്കുന്നു. എങ്കിലും അദ്ദേഹം സവര്‍ക്കറെ പരിഹസിക്കുന്നത് ജനാധിപത്യത്തിന് തിരിച്ചടിയാകുകയേ ഉള്ളൂവെന്നും ഉദ്ധവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: