മുംബൈ: വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ അപമാനിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാപ്പു പറയണമെന്ന് മുംബൈ പ്രസ് ക്ലബ് ആവശ്യപ്പെട്ടു.
രാഹുല്‍ ശനിയാഴ്ച പാര്‍ട്ടി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകനെ പരസ്യമായി അപമാനിച്ചത്. അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനായോ എന്ന് ചോദിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട രാഹുല്‍ രോഷാകുലനായി റിപ്പോര്‍ട്ടര്‍ക്ക് നേരെ കയര്‍ക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകന്റെ ജോലി ചോദ്യങ്ങള്‍ ചോദിക്കുകയെന്നതാണെന്ന് മുംബൈ പ്രസ് ക്ലബ് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനങ്ങള്‍ വിളിക്കുകയും മാധ്യമപ്രവര്‍ത്തകരുമായി ഇടപഴകുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ കടമയാണ് ചോദ്യങ്ങള്‍ക്ക് മാന്യതയോടെയും മര്യാദയോടെയും ഉത്തരം നല്‍കുകയെന്നത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലൊന്നിന്റെ നേതാവ് എന്ന നിലയില്‍ മാധ്യമങ്ങളുടെ അന്തസ്സ് മാനിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്നത് നിര്‍ഭാഗ്യകരമാണ്.
വിശാലമായ തലത്തില്‍, എല്ലാ തരത്തിലുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തികരമായ ഭാഷയും ഭീഷണിയും ഉപയോഗിച്ച് വിരട്ടാന്‍ ശ്രമിക്കുന്നത് ആശങ്കാജനകമാണ്. റിപ്പോര്‍ട്ടു ചെയ്യാനും വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ പറയാനുമുള്ള മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു.
സംസാര, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. ഈ സാഹചര്യത്തില്‍, രാഹുല്‍ നിലപാട് തിരുത്തി, ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകനോട് മാപ്പ് പറയുന്നതാണ് ഉചിതം. ചെയര്മാന് ഗുര്‍ബീര്‍ സിങ്ങും സെക്രട്ടറി രാജേഷ് മസ്കരാനസും പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: