അന്തര്‍ദ്ദേശീയ വനിതാ ദിനത്തില്‍ ഒരു രണ്ടാം കെട്ട് നടന്നു. അതിപ്പോള്‍ ഇത്ര പറയാനുണ്ടോ എന്നാവും ചോദ്യം. പലപ്പോഴും നമ്മള്‍ കേള്‍ക്കാറുള്ള ഒന്നാണല്ലോ ആരുടെയെങ്കിലുമൊക്കെ രണ്ടാം വിവാഹം ? വിവാദമാകുന്നത് പോയിട്ട് അതൊന്നും ഇപ്പോള്‍ ഒരു വാര്‍ത്ത പോലുമാകാറില്ല. എന്നാല്‍ നടനും അഭിഭാഷകനുമായ പി ഷുക്കൂറിന്റെ വിവാഹം ഇപ്പോള്‍ വാര്‍ത്തയും, വിവാദവും സൃഷ്ടിച്ച് വലിയ കോലാഹലത്തിന് കാരണമായിരിയ്‌ക്കുകയാണ്.
ഷുക്കൂറിന്റെ ജീവിതത്തിലെ തികച്ചും വ്യക്തിപരമായ ഒരു സംഭവം. വിവാഹം വാര്‍ത്തകളില്‍ ഇടം പിടിച്ചതിന് കാരണം, അദ്ദേഹം മുതിര്‍ന്ന മൂന്നു പെണ്‍മക്കളുടെ പിതാവാണ് എന്നതോ, അവരെ സാക്ഷിയാക്കിയാണ് വിവാഹം എന്നതോ ഒന്നുമല്ല. മദ്ധ്യവയസ്‌ക്കന്‍ ചെറുപ്പക്കാരിയെ കെട്ടിയതുമല്ല വിഷയം. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഒളിച്ചോടി പോയി വിവാഹം കഴിച്ചതുമല്ല കാരണം. വധൂവരന്മാര്‍ രണ്ടു മതക്കാരുമല്ല. ഈ പറഞ്ഞ കാരണങ്ങള്‍ പോലും ഇന്ന് ഒരു വാര്‍ത്തയേ അല്ല.
പിന്നെന്താണ് ഇവിടെ പ്രശ്‌നം ? ഇസ്ലാമിക മതാചാരപ്രകാരം 1996 ല്‍ വിവാഹിതരായവരാണ് ഷുക്കൂര്‍-ഷീന ദമ്പതികള്‍. അതുകൊണ്ടു തന്നെ അവര്‍ മുസ്ലീം വ്യക്തി നിയമത്തിനു കീഴില്‍ വരുന്നു. അവര്‍ക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. മുസ്ലീം വ്യക്തി നിയമം അനുസരിച്ച് അവരുടെ കാലശേഷം അവരുടെ സ്വത്തുക്കള്‍ പൂര്‍ണ്ണമായും സ്വന്തം മക്കള്‍ക്ക് കിട്ടുകയില്ല. കാരണം അവര്‍ പെണ്‍മക്കള്‍ ആണ് എന്നതു തന്നെ. ഇപ്പോള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഇസ്ലാമിക നിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ വ്യക്തമായ വിവേചനം നിലനില്‍ക്കുന്നു എന്ന് നിയമജ്ഞരായ ഷുക്കൂര്‍ ഷീന ദമ്പതികള്‍ പറയുന്നു. ഈ വിവേചനത്തില്‍ നിന്ന് രക്ഷനേടാനുള്ള ഒരേയൊരു മാര്‍ഗ്ഗം എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പു നല്‍കുന്ന ഭരണഘടനാ വകുപ്പില്‍ അഭയം തേടുക മാത്രമാണ്. അതിനായി സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് വീണ്ടും തമ്മില്‍ വിവാഹിതരാവുക. അതാണ് ഷുക്കൂര്‍ ഷീന ദമ്പതികള്‍ മാര്‍ച്ച് 8 ന് നിര്‍വ്വഹിച്ചത്. അതോടെ അവരെ അലട്ടിയിരുന്ന ഇസ്ലാമിക വ്യക്തി നിയമം അവര്‍ക്ക് ബാധകമല്ലാതായി. സാധാരണ പൗരന്മാരെ പോലെ അവര്‍ സ്വതന്ത്രരായി.
ഇസ്ലാമിക നിയമത്തിന്റെ പേരില്‍ തങ്ങളെ ബന്ധിച്ചിരുന്ന അനാവശ്യ പൗരോഹിത്യ ചങ്ങലയെയാണ് ഭരണഘടനയുടെ സഹായത്തോടെ ഇവര്‍ പൊട്ടിച്ചെറിഞ്ഞത്. ഇതേ ബന്ധനത്തില്‍ വീര്‍പ്പുമുട്ടുന്ന മറ്റനേകം കുടുംബങ്ങള്‍ക്കാണ് അവര്‍ വഴികാണിച്ചു കൊടുത്തത്. കാലഹരണപ്പെട്ട മതവ്യക്തിനിയമങ്ങള്‍ പൊളിച്ചെഴുതി ആധുനിക മൂല്യങ്ങള്‍ക്കനുസരിച്ച് എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ ഒരു ഏകീകൃത സിവില്‍ നിയമം കൊണ്ടു വരണം എന്നത് ദീര്‍ഘകാലമായി ഉയര്‍ന്നു കേള്‍ക്കുന്ന ആവശ്യമാണ്. അത്തരമൊന്നിന്റെ അഭാവത്തില്‍ തല്ക്കാലം ഇതുപോലെ നിലവിലെ ഇസ്ലാമിക നിയമത്തെ അസാധുവാക്കുന്ന ഭരണഘടനാ വകുപ്പുകള്‍ ഉപയോഗപ്പെടുത്തുക മാത്രമേ വഴിയുള്ളൂ.
എന്നാല്‍ വിചാരിച്ച പോലെ സംഗതി ലളിതമായിരുന്നില്ല. അത് അടുത്ത ദിവസങ്ങളിലെ പലരുടേയും പ്രതികരണം തെളിയിച്ചു. വ്യക്തിനിയമത്തിന് വിധേയമായി നില്‍ക്കാന്‍ കഴിയാത്തവര്‍ മതം വിട്ടു പോകട്ടെ എന്ന് മുസ്ലീം ലീഗ് നേതാവായ കെ എം ഷാജി ആക്രോശിച്ചു. മുമ്പ് ‘മതമാണ് മതമാണ് മതമാണ് പ്രശ്‌നം’ എന്നാക്രോശിച്ച് ശ്രദ്ധ നേടിയ എണ്ണം പറഞ്ഞ മതേതര നേതാവാണ് കെ എം ഷാജി. മുഖ്യമന്ത്രിയുടെ മകള്‍ മതംമാറി നിക്കാഹ് കഴിയ്‌ക്കാത്തതു കൊണ്ട് റിയാസുമായുള്ള അവരുടെ വിവാഹം വ്യഭിചാരം മാത്രമാണ് എന്ന് മറ്റൊരു ലീഗ് നേതാവ് പരസ്യമായി വിളിച്ചു പറഞ്ഞതും ഇവിടെ സ്മരണീയമാണ്. നിക്കാഹ് എന്ന പായ്‌ക്കേജിനൊപ്പം മുസ്ലീം സ്ത്രീകള്‍ക്ക് സമ്മാനിയ്‌ക്കപ്പെടുന്ന ബാദ്ധ്യതയാണ് മുസ്ലീം വ്യക്തിനിയമം. ഈ വിവാഹത്തെ തുടര്‍ന്ന് ‘കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച്’ എന്ന സംഘടനയില്‍ നിന്ന് ഭീഷണിയുണ്ടെന്നും തനിയ്‌ക്കെതിരെ ആക്രമണം ഉണ്ടായാല്‍ അവരായിരിയ്‌ക്കും ഉത്തരവാദികള്‍ എന്നും ഷുക്കൂര്‍ പ്രസ്താവന ഇറക്കി. മതമൗലിക വാദികളുടെ ഭീഷണിയെ തുടര്‍ന്ന് ഷുക്കൂറിന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്‌ക്കുന്നത്.
ലവ് ജിഹാദിന്റെ ഭാഗമായി നടക്കുന്ന മുസ്ലീം പുരുഷനും അമുസ്ലീം സ്ത്രീയും തമ്മിലുള്ള വിവാഹത്തില്‍ വരന്റെയും കുടുംബത്തിന്റെയും സമ്മര്‍ദ്ദ ഫലമായി ഇസ്ലാമിക രീതിയിലുള്ള നിക്കാഹ് ആണ് നടക്കുക. ഹിന്ദുശൈലിയിലുള്ള വിവാഹത്തിലോ സ്‌പെഷ്യല്‍ മാര്യേജിലോ ഒരു അഹിന്ദുവിനെ മതം മാറ്റുന്നില്ല. എന്നാല്‍ നിക്കാഹ് അങ്ങനെയല്ല. മുസ്ലീങ്ങള്‍ക്ക് തമ്മിലേ നിക്കാഹ് ഉള്ളൂ. അപ്പോള്‍ സ്വാഭാവികമായും ആദ്യം സ്ത്രീയുടെ മതംമാറ്റം നടക്കുന്നു. പിന്നീട് വിവേചനം നിലനില്‍ക്കുന്ന ഇസ്ലാമിക നിയമപ്രകാരമുള്ള നിക്കാഹിന് സ്ത്രീകള്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. എന്നാല്‍ ദൂരവ്യാപകമായ അതിന്റെ അനന്തര ഫലങ്ങളെ കുറിച്ച് അതിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അപ്പോള്‍ വേണ്ടത്ര അവബോധം ഉണ്ടായിരിയ്‌ക്കുകയുമില്ല.
നിക്കാഹില്‍ ഏര്‍പ്പെടുന്ന പുരുഷന് നിലവില്‍ ഭാര്യയുള്ളപ്പോള്‍ തന്നെ വീണ്ടും വിവാഹം കഴിയ്‌ക്കാം. സ്ത്രീയ്‌ക്ക് നിയമപരമായി എതിര്‍ക്കാന്‍ കഴിയില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ചുള്ള വിവാഹത്തില്‍ അത് സാദ്ധ്യമല്ല.
ഇസ്ലാമിക നിയമമനുസരിച്ച് മരിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്നാണ് മക്കളില്ലാത്ത ഒരു ഭാര്യക്ക് കിട്ടുക. എന്നാല്‍ കുട്ടികളുള്ളവര്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ എട്ടിലൊന്നേ ലഭിയ്‌ക്കൂ. ഭര്‍ത്താവിന് ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെങ്കില്‍ സ്വത്ത് വീതം വച്ച് പോകും.
ഏറ്റവും കുറഞ്ഞത് നിക്കാഹില്‍ പെട്ടതു കൊണ്ട് ഒരു അമുസ്ലീം സ്ത്രീയും ഇസ്‌ളാമിക വ്യക്തി നിയമത്തിന് വിധേയമാവുന്നില്ല എന്നെങ്കിലും ഉറപ്പു വരുത്തേണ്ടതുണ്ട്. അത്തരത്തില്‍ ഒരു പുതിയ നിയമം ഉടനെ കൊണ്ടു വരേണ്ടിയിരിക്കുന്നു. അതിലൂടെ അവളുടെ പഴയ അവകാശങ്ങള്‍ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം. മുമ്പ് ഒരു സ്ത്രീയ്‌ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ ഒന്നും തന്നെ വിവാഹത്തിലൂടെ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഷുക്കൂറിനേയും ഷീനയേയും പോലെ നിയമത്തിന്റെ സാദ്ധ്യതകളോ, നൂലാമാലകളോ അറിയുന്നവരായിരിയ്‌ക്കില്ല ലവ് ജിഹാദ് ഇരകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: