കൊച്ചി: ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ചിരിയും ചിന്തയും പടര്‍ത്തിയ നടന് ഇന്നസെന്റ്(75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രണ്ടാഴ്ചയിലേറയായി ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു മരണം.
മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ് മലയാള സിനിമ നടിനടന്മാരുടെ സംഘടനയായ ‘അമ്മ’യില്‍ 18 വര്‍ഷം പ്രസിഡന്റുമായിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ അദേഹം അഞ്ചു പത്തിറ്റാണ്ടോളം മലയാള സിനിമയില്‍ സ്ഥിര സാനിധ്യമായിരുന്നു. 700 ഓളം ചിത്രങ്ങളുടെ ഭാഗമായ അദേഹം 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ലോകസഭാംഗവുമായി.
ഇന്നസെന്റിന്റെ മൃതശരീരം രാവിലെ 8 മുതല്‍ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഉച്ചക്ക് ഒരു മണി മുതല്‍ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും ശേഷം സ്വവസതിയായ പാര്‍പ്പിടത്തിലും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ചെയ്യും. വൈക്കിട്ട് അഞ്ചുമണിക്ക് സെന്റ് തോമസ് കത്രീഡല്‍ ദേവാലയത്തില്‍ സംസ്ക്കാര ചടങ്ങുകള്‍ നടക്കും.
നിര്‍മ്മാതാവായി തുടങ്ങി, ഹാസ്യതാരമായി തിളങ്ങി, ഒടുവില്‍ രാഷ്ട്രീയത്തിലുമായി നിറഞ്ഞ ജീവിതം
മാര്‍ച്ച് നാലിനായിരുന്നു നടന് 75 വയസ്സ് പൂര്‍ത്തിയായത്. എന്നാല്‍ അതിന് മുന്നേ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ആലീസും മക്കളും പേരക്കുട്ടികളും ചേര്‍ന്ന് നടന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. നടന്റെ ശാരീരകമായ അവശത അന്ന് പുറത്ത് വന്ന പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോയില്‍ വ്യക്തമായിരുന്നു. അതിന് തൊട്ടുപിന്നാലെ ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശനിലയില്‍ ആയിരുന്ന ഇന്നസെന്റ് പിന്നീട് മരുന്നുകളോട് പ്രതികരിക്കുകയും ഇതേ തുടര്‍ന്ന് ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ അധികം വൈകാതെ ആരോഗ്യസ്ഥിതി മോശമായി. ഏറ്റവുമൊടുവില്‍ രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് എക്സ്ട്രാ കോർപോറിയൽ മെംബ്റെയ്ൻ ഓക്സിജനേഷന്റെ (ECMO) സഹായത്താൽ ചികിത്സ മുന്നോട്ടു പോവുകയായിരുന്നു. ഇന്നസെന്റിന്റെ ചികിത്സയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു.
2012ലായിരുന്നു ഇന്നസെന്റിന് ക്യാന്‍സര്‍ ബാധ (നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ ) സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം എയിംസിൽ ഉൾപ്പെടെ ചികിത്സ തേടി. അസുഖം ഭേദമായി സിനിമയിൽ സജീവമായതായിരുന്നു. എന്നാല്‍ 2023ല്‍ വീണ്ടും ക്യാന്‍സര്‍ ബാധ തിരികെ എത്തി ആരോഗ്യനില വഷളായി.
നിർമ്മാതാവ് എന്ന നിലയിലാണ് ഇന്നസെന്റ് ചലച്ചിത്ര മേഖലയിലേക്ക് കടക്കുന്നത്. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അതിനിടെ 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി. അന്ന് ബെന്നി ബെഹനാനെ തോല്പിച്ച് ഇന്നസെന്റ് ലോക്സഭാ എംപിയായി.
ഇന്നസെന്റിന്റെ ആദ്യകാലം
1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, നാഷണൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ എസ്.എൻ.എച്ച്.സ്കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
ചലച്ചിത്ര നിര്‍മ്മാതാവായി സിനിമാലോകത്തേക്ക്, പക്ഷെ ശ്രദ്ധേയനായത് ഹാസ്യനടന് എന്ന നിലയില്‍
എട്ടാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തിയ ഇന്നസെന്റ് പല ജോലികളും മാറി മാറി ചെയ്തു. ഇടയ്ക്ക് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായി. സംവിധായകന് മോഹന്‍ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. ആദ്യ സിനിമ നൃത്തശാലയാണ് (1972). തുടര്‍ന്നും ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു.സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന പേരില്‍സിനിമാ നിർമ്മാണ ക്കമ്പനി ആരംഭിച്ചു. ഈ ബാനറിൽ ശ്രദ്ധേയമായ ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ചു. ഇളക്കങ്ങൾ, വിട പറയും മുൻപെ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ഇന്നസെന്റ് നിര്‍മ്മിച്ച ചിത്രങ്ങളാണ്. പിന്നീടാണ് നിര്‍മ്മാണം നിര്‍ത്തി അഭിനയത്തിലേക്ക് പ്രവേശിച്ചത്. അത് ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി.
മഴവില്‍ക്കാവടി, കിലുക്കം, ദേവാസുരം, ഗജകേസരി യോഗം, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് റാംജി റാവു സ്പീക്കിംഗ്, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, രാവണപ്രഭു, ഹിറ്റ്ലര്‍, മനസ്സിനക്കരെ, ഡോളി സജാകെ് രഖ്ന, മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന് അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ 11 വര്‍ഷമായി ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ്.
2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു.കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്.
ഇന്നസെന്റ് എന്ന എഴുത്തുകാരന്
ഇദ്ദേഹം രചിച്ച “ക്യാന്‍സര്‍ വാര്‍ഡിലെ ചിരി” എന്ന ആത്മകഥ 20പതിപ്പുകളില്‍ അധികം പ്രസിദ്ധീകരിച്ച് ജനപ്രിയമായ പുസ്തകമാണ്. ക്യാന്‍സര്‍ ബാധിച്ച താന്‍ എങ്ങിനെയാണ് ക്യാന്‍സറിന്റെ പിടിയില്‍ നിന്നും മോചിതനായത് എന്ന കഥയാണ് ലളിതമായ, നര്‍മ്മം കലര്‍ന്ന ഭാഷയില്‍ ഇന്നസെന്റ് പറഞ്ഞത്. ”ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന് എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ – ഇന്നസെന്റ്
കൃതികള്‍: മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ.്
ഭാര്യ: ആലീസ്. മകന്: സോണറ്റ്. മരുമകള്‍: രശ്മി സോണറ്റ്. പേരമക്കള്‍: ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ്. വിലാസം: പാര്‍പ്പിടം, ഇരിങ്ങാലക്കുട, തൃശ്ശൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: