ചങ്ങനാശേരി: റംസാന് വ്രതാരംഭത്തോടാനുബന്ധിച്ച് ചങ്ങനാശേരി നഗരസഭ വൈകിട്ട് സൈറണ്‍ മുഴക്കണമെന്ന നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തിലായി. പുത്തൂര്‍ പള്ളി മുസ്ലിം ജമാഅത്തിന്റെ അപേക്ഷ പ്രകാരം മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 21 വരെ റംസാന് നോമ്പുതുറ സമയമായ വൈകിട്ട് 6.39ന് മുനിസിപ്പല്‍ സൈറണ്‍ മുഴക്കണമെന്നാണ് ഉത്തരവ്.
ഇതിനായി മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാരന് ബിജുവിനെയും സൈറണ്‍ കൃത്യമായി മുഴക്കുന്നുണ്ടന്ന് ഉറപ്പ് വരുത്താന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സോണ്‍ സുന്ദറിനെയും ചുമതലപ്പെടുത്തിയാണ് നഗരസഭ സെക്രട്ടറി എല്‍.എസ്. സജി ഉത്തരവ് ഇറക്കിയത്. സൈറണിന് തകരാര്‍ സംഭവിച്ചാല്‍ നഗരസഭ എന്‍ജിനീയറിങ് വിഭാഗ വുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നഗരസഭ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ സെക്രട്ടറി ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതില്‍ പരക്കെ ആക്ഷേപമുയര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ പൊതുവായ ഉത്തരവ് ഇറക്കിയിട്ടില്ല. മുന്‍കാലങ്ങളില്‍ നോമ്പുതുറ സമയത്ത് സൈറണ്‍ മുഴക്കാറുണ്ടെന്നും മുസ്ലിം ജമാഅത്തിന്റെ അപേക്ഷ പ്രകാരമാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു. വിവാദം ചൂടു പിടിച്ചതോടെ ഉത്തരവ് നിര്‍ത്തിവയ്ക്കുകയാണെന്നും ഇന്ന് യോഗം ചേര്‍ന്നതിന് ശേഷം ഉത്തരവ് നടപ്പാക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: