യുനെസ്‌കോ 1948 ല്‍ സ്ഥാപിച്ച അന്തര്‍ദേശീയ രംഗകലാസ്ഥാപനം ഐടിഐ (ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട്) 1962 മുതല്‍ ആചരിച്ചുവരുന്നതാണ് മാര്‍ച്ച് 27ലെ ലോകനാടകദിനം. ഇന്നിപ്പോള്‍ ഉപ്പുതൊട്ടു കര്‍പ്പൂരത്തിനെന്നു പറയുംപോല്‍ സകല കാര്യങ്ങള്‍ക്കും ലോകദിനമാചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നല്ലതുതന്നെ. പക്ഷേ ഇങ്ങനെ പോയാല്‍ കൊല്ലത്തിന് മുന്നൂറ്റി അറുപത്തി അഞ്ചേകാല്‍ ദിനങ്ങള്‍ പോരാതെവരുമോ എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. അതുകൊണ്ടുതന്നെ ലോകനാടകദിനാചരണത്തില്‍ വലിയ പുതുമയൊന്നുമില്ല. എന്നാല്‍ ഈ ദിന സന്ദേശത്തിന്റെ മഹത്വവും പ്രസക്തിയും കാരണമത് ശ്രദ്ധേയമാകുന്നു.
“Theatre and a culture of peace’- എന്നാണ് ലോകനാടകദിന സന്ദേശത്തിന്റെ വിഷയം. ‘അരങ്ങും ശാന്തിയുടെ സംസ്‌കാരവും’ എന്നതിനെ മലയാളപ്പെടുത്താം. പക്ഷേ കേരളത്തില്‍ ഇത് ‘അരങ്ങും സൗഹൃദസംസ്‌കാരവും’ എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ശാന്തിയുടെ സംസ്‌കൃതി എന്നു പറഞ്ഞാല്‍ അത് ആര്‍ഷസംസ്‌കൃതിക്ക് അനുകൂലമാകുമോ എന്ന ഭയത്താലാണോ എന്തോ തലയ്‌ക്കു വെളിവില്ലാത്ത ചില നാടകാചാര്യന്മാര്‍ അതങ്ങിനെയാണ് ഭാഷാന്തരീകരിച്ചു കാണുന്നത്. കഷ്ടം! ഭാരതത്തിന് ശാന്തിയുടെ ഒരു സംസ്‌കൃതി ഉള്ളതുകൊണ്ട് ലോകനാടകവേദിയ്‌ക്കെന്തോ നഷ്ടമുള്ളതുപോലെ! ആയിരക്കണക്കിനു നൂറ്റാണ്ടുകള്‍ക്കു മുമ്പെ ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ശാന്തിമന്ത്രം മുഴക്കിയ ഭാരതീയ ഋഷിപരമ്പരയുടെ അവകാശികളായ നമുക്ക് ലോകനാടകദിനത്തില്‍ ലോകശാന്തിക്കായി നിലകൊള്ളാനൊരു നാടകവേദിയെക്കുറിച്ചുള്ള സ്വപ്‌നം പങ്കിടുന്നതില്‍ വലിയ അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല.
ഈജിപ്ഷ്യന്‍ അഭിനേത്രി മുത്തശ്ശി 91 വയസ്സുകാരിയായ സമീഹ അയോബാണ് ഈവര്‍ഷത്തെ ലോകനാടകദിന സന്ദേശം നല്‍കുന്നത്. ഈജിപ്തിലെയും വിദേശങ്ങളിലേയും നാടക, ചലച്ചിത്ര, ദൂരദര്‍ശന്‍ മാധ്യമങ്ങളില്‍ ശക്തമായ കഥാപാത്രാവിഷ്‌കാരം നടത്തി പേരെടുത്ത പ്രഗല്‍ഭ അഭിനേത്രിയാണവര്‍. ലോകസംസ്‌കാരത്തിന്റെ കളിത്തൊട്ടിലുകളിലൊന്നായിരുന്ന നൈല്‍ നദീതടങ്ങളിലിരുന്ന് അവര്‍ നല്‍കുന്ന സന്ദേശം മത, വര്‍ഗ്ഗ, വര്‍ണവെറികളാല്‍ യുദ്ധോത്‌സുകരും അക്രമാസക്തരുമാകുന്ന വിദേശങ്ങളിലും പ്രകൃതിക്ഷോഭങ്ങളാലും മഹാവ്യാധിയാലും പൊറുതിമുട്ടുന്ന മനുഷ്യര്‍ക്കിടയിലും തീര്‍ത്തും ്രപസക്തമാണ്. അതിനെ എല്ലാം അതിജീവിച്ച് മാനവികതയുടെയൂം ശാന്തിയുടെയും ഉപാസകരായി സര്‍ഗ്ഗസൃഷ്ടികളിലേര്‍പ്പെടാന്‍ കഷ്ടപ്പെടുന്ന കലാകാരന്മാര്‍ക്ക് ഉജ്ജീവനൗഷധമാണ്. ആയതിനാല്‍ മഹത്തായ ഈ ലോകനാടകദിനത്തില്‍ ആ നാടകമുത്തശ്ശിയോടൊപ്പം നമുക്കും പ്രതിജ്ഞ ചെയ്യാം. നമ്മുടെ എല്ലാ കലാപ്രകടനങ്ങളും ആത്യന്തികമായി ലോകശാന്തിക്കും സാഹോദര്യത്തിനും വേണ്ടിയുള്ളതായിത്തീരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: