ന്യൂദല്‍ഹി : മാന നഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ സാമൂഹിക മാധ്യമ ഔദ്യോഗിക അക്കൗണ്ട് പ്രൊഫൈലില്‍ സ്റ്റാസ് തിരുത്തി രാഹുല്‍ ഗാന്ധി. ‘ഡിസ് ക്വാളിഫൈഡ് എംപി’ എന്നാണ് രാഹുല്‍ ട്വിറ്റര്‍, ഫേയ്സ്ബുക്ക് പ്രൊഫൈലില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്.
ലോക്സഭയില്‍ അയോഗ്യനാക്കിയതിനതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിനിടയിലാണ് രാഹുല്‍ സ്വന്തം പ്രൊഫൈലില്‍ മാറ്റം വരുത്തിയിരിക്കുന്നത്. രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധം പ്രതിപക്ഷ ഐക്യശബ്ദമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് യോഗം തീരുമാനമെടുത്തിരുന്നു. അയോഗ്യത ഒരു പ്രചാരണ വിഷയമാക്കി മാറ്റിയെടുക്കാന്‍ തന്നെയാണ് രാഹുലിന്റേയും ഒരുക്കം.
ഇതിന്റ ഭാഗമായി ദല്‍ഹി രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യഗ്രഹം നടത്തി വരികയാണ്. രാവിലെ മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സത്യഗ്രഹം. എന്നാല്‍ കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് സത്യഗ്രഹത്തിന് അനുമതി നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളാണ് രാജ്ഘട്ടില്‍ സത്യഗ്രഹമിരിക്കുന്നത്. അതേസമയം അപകീര്‍ത്തി കേസില്‍ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരെ ധൃതിപിടിച്ച് കോണ്‍ഗ്രസ് അപ്പീലിന് പോയേക്കില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന അനുകൂല സാഹചര്യങ്ങള്‍ പരമാവധി മുതലെടുത്ത് ജന പിന്തുണ വര്‍ധിപ്പിക്കാന്‍ മാത്രമാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: