നൂറു വര്‍ഷം മുന്‍പ് സംഭവിച്ച ഒരു വംശഹത്യയുടെ ചരിതം ദൃശ്യവല്‍ക്കരിക്കുക, അതും അന്‍പത് വര്‍ഷം മുന്‍പുള്ള കാലത്തേക്ക് പോലും എപ്രകാരമാണോ ഒരു തിരിഞ്ഞുനോട്ടം സാധ്യമാവുക, അതുപോലെ ആവിഷ്‌കരിക്കുക…. അതത്ര എളുപ്പമല്ലെന്ന് ചരിത്രവും, സിനിമയുടെ ഘടനയും കാലഘട്ടത്തിന്റെ രാഷ്‌ട്രീയവും പഠിച്ചവര്‍ക്ക് അറിയാം. പ്രതികൂലമായ സാഹചര്യത്തിലും രാമസിംഹന്‍ അബൂബക്കര്‍ അതിനു മുന്നിട്ടിറങ്ങി. എതിര്‍പ്പുകള്‍, നിരുത്സാഹപ്പെടുത്തലുകള്‍, പരിഹാസം, നിസ്സഹകരണം, സാമ്പത്തികമായ ഇല്ലായ്മകള്‍, കൊറോണാ നിയമങ്ങള്‍, രോഗം… രാമസിംഹന് ഇതൊക്കെയായിരുന്നു ഇക്കാലത്തെ സമ്പാദ്യം. മറ്റേതൊരു ചലച്ചിത്രകാരനെ പോലെയുമല്ല; ഈ മനുഷ്യന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു:
ഒന്ന്: അതുവരെ ക്യാമറയെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒട്ടേറെ വ്യക്തികളെ ഷൂട്ടിങ്ങിനിടയിലൂടെ അഭിനയം, അതിന്റെ സാങ്കേതികത ഇതൊക്കെ പഠിപ്പിക്കേണ്ടിയിരുന്നു. മഹാഭൂരിപക്ഷം അഭിനേതാക്കളും പുതുമുഖങ്ങള്‍ ആണ് എന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്. സാങ്കേതിക വൈദഗ്ധ്യമേഖല തികച്ചും പുതിയതോ, സാമ്പത്തിക അപര്യാപ്തതകളുടെ അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്തതോ ആയ ഒരവസ്ഥയും സംവിധായകന് നേരിടേണ്ടി വന്നിട്ടുണ്ട്.
രണ്ട്: ലിഖിതചരിത്രത്തെ മാറ്റിവച്ച്, അതിനെ തിരുത്തുന്ന വിധത്തില്‍ യഥാര്‍ത്ഥ വസ്തുതകളെ അതിഭാവുകത്വത്തിന്റെ കലര്‍പ്പില്ലാതെ പച്ചയായി അവതരിപ്പിക്കേണ്ടിയിരുന്നു.
മൂന്ന്: രണ്ടുവര്‍ഷത്തോളം നീണ്ട ഒരു ലഹളയുടെ ദൃശ്യാവിഷ്‌കരണത്തില്‍ നായക-നായികാ കേന്ദ്രിതമായ പതിവു സിനിമാരീതിയെ അവലംബിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയെ സംവിധായകന്‍ ഏറ്റെടുക്കണ്ട സ്ഥിതിയും ഉണ്ടായിരുന്നു.
നാല്: സെന്‍സര്‍ ബോര്‍ഡ് ഇത്രമേല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഒരു സിനിമ ഇതുപോലെ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. അത്രമേല്‍ വെട്ടലുകള്‍ കൊണ്ട് മുറിവുകള്‍ തുന്നിച്ചേര്‍ക്കാന്‍ വയ്യാത്ത വിധം പരിക്കു പറ്റിയ ഒരു സിനിമയും ഇതു പോലുണ്ടാവില്ല.
ഇനിയും സംവിധായകന്‍ എന്തൊക്കെ അനുഭവിച്ചിട്ടുണ്ടായിരിക്കുമെന്ന് ചോദിച്ചറിയണം. അതവിടെ നില്‍ക്കട്ടെ, സിനിമയിലേക്ക് വരാം…
ചാത്തനും സാവിത്രിയും
സംവിധായകന്‍ കഥ പറയാന്‍ മഹാകവിയുടെ കഥാപാത്രങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ചാത്തനും സാവിത്രിയും കുമാരനാശാന്റെ ദുരവസ്ഥ എന്ന കാവ്യത്തിലെ കഥാപാത്രങ്ങളാണ്. കാവ്യത്തില്‍ സാവിത്രി കണ്ട ലഹളയുടെ വിവരണമാണ് ഉള്ളത്; വികാരവിചാരവും അവളുടേത് തന്നെ. എന്നാല്‍ സിനിമയില്‍ ലഹളയെ വിവരിക്കുന്നത് ചാത്തന്റെ വാക്കിലൂടെയാണ്. സാവിത്രി ഭര്‍ത്താവായി സ്വീകരിച്ച്, അവളില്‍ നിന്ന് അക്ഷരവെളിച്ചം ലഭിച്ച ചാത്തനാണ് സിനിമയില്‍ സംസാരിക്കുന്നത്. 1970 കളില്‍ നടന്ന സെമിനാറില്‍ ചര്‍ച്ചയ്‌ക്കായി കയറി വന്ന ചാത്തനും സാവിത്രിയും എതിര്‍ക്കുന്നത് ഇടതുപക്ഷ, ഇസ്ലാമികപക്ഷ പരിപ്രേക്ഷ്യങ്ങളെയാണ്. സാവിത്രി പഠിപ്പിച്ച ചാത്തനാണ് ലഹളയുടെ യഥാതഥമായ അവസ്ഥയെ അനാവൃതമാക്കുന്നത്.
സിനിമയില്‍ ഉല്‍പതിഷ്ണുവായ സാവിത്രിയുടെ അച്ഛനെന്ന കഥാപാത്രത്തെ പ്രമുഖ നടന്‍ ജോയ്മാത്യു മനോഹരമായി അവതരിപ്പിച്ചു. ‘ദൃഷ്ടിയില്‍ പോലും കടന്നെത്താന്‍ പാടില്ലാത്ത ചാത്തന്’ ഇല്ലത്തിന്റെ ഇറയത്ത് വരെ സ്ഥാനം നല്‍കിയ ഇരുപതാം നൂറ്റാണ്ടിലെ ഒരു നമ്പൂതിരിയന്‍ പരിവര്‍ത്തനത്തെ രാമസിംഹന്‍ ഇതിലൂടെ രേഖപ്പെടുത്തുന്നുണ്ട്. അയിത്തോച്ചാടനത്തിന്റെ ഗാന്ധിയന്‍ കാറ്റേറ്റ ഒരു പ്രദേശം തന്നെയായിരുന്നു അക്കാലത്തെ മലബാര്‍ എന്നോര്‍ക്കണം. ‘ഖിലാഫത്ത് അകിലാപത്ത്’ ആവുമെന്ന ചാത്തന്‍പുലയന്റെ യുക്തിഭദ്രമായ സംശയത്തെ പോലും തളളിക്കളഞ്ഞുകൊണ്ടുളള വിധത്തില്‍ രൂഢമായ അഹിംസ എന്ന ആശയത്തിനേറ്റ ആഘാതത്തെ യഥാതഥമായി തന്നെയാണ് രാമസിംഹന്‍ അവതരിപ്പിച്ചത്. താത്രിയുടെ പലായനം വരെയുള്ള ഭാഗങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.
പൂക്കോട്ടൂരും നിലമ്പൂരും
1921 ലെ കലാപത്തിന്റെ മുഖ്യകേന്ദ്രങ്ങളില്‍ ഒന്ന് പൂക്കോട്ടൂര്‍ ആയിരുന്നല്ലോ. ചിന്നുണ്ണി തമ്പാന്‍ പൂക്കോട്ടൂര്‍ ചേരിക്കല്ല് ഭരിക്കുന്ന കാലത്താണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. അദ്ദേഹത്തിന്റെ കാര്യസ്ഥന്‍ വലിയ വീട്ടില്‍ മുഹമ്മദുമായുള്ള തര്‍ക്കത്തെ ചൂഷക – ചൂഷിത സിദ്ധാന്തമുദ്ധരിച്ച് മാര്‍ക്‌സിയന്‍മാര്‍ വ്യാഖ്യാനങ്ങള്‍ ചമച്ചതാണ് നാമിതുവരെ വായിച്ചത്. ഖിലാഫത്ത് സമിതിയുടെ ലോക്കല്‍ സെക്രട്ടറി കൂടി ആയിരുന്ന വലിയവീട്ടില്‍ മുഹമ്മദ് യാതൊരു വിധത്തിലും പീഡിപ്പിക്കപ്പെട്ടിരുന്നില്ല എന്നത് ചരിത്ര വസ്തുത ആണെന്നിരിക്കെ, വില്ലന്‍ പരിവേഷം മുഴുവന്‍ ചാര്‍ത്തപ്പെട്ടത് പൂക്കോട്ടൂര്‍ കോവിലകത്തെ തമ്പുരാനാണ്. ഐ. വി. ശശി സംവിധാനം ചെയ്ത സിനിമയിലും പൂക്കോട്ടൂര്‍ രാജയാണ് വില്ലന്‍. രാമസിംഹന്‍ തന്റെ സിനിമയിലൂടെ പൂക്കോട്ടൂര്‍ തമ്പുരാന്റെ യഥാര്‍ത്ഥ അവസ്ഥ അവതരിപ്പിച്ചു. ബാബു സ്വാമി തമ്പുരാന്റെ ദയനീയ ചിത്രം, അദ്ദേഹത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന വള്ളുവമ്പ്രം അധികാരിയുടെ നിസ്സഹായത, തമ്പുരാനും മുഹമ്മദും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടുന്നുവെന്ന മട്ടില്‍ സ്ഥലം വിടാന്‍ തമ്പുരാനെ ഉപദേശിക്കുന്ന കൗശലക്കാരനായ മാപ്പിള എന്നിവയെല്ലാം ‘നിര്‍മിതചരിത്രാഖ്യാന’ങ്ങളെ യഥാര്‍ത്ഥ വസ്തുതകള്‍ അവതരിപ്പിച്ചുകൊണ്ട് തിരുത്തുന്ന ചരിത്രമുഹൂര്‍ത്തമായി വേണം മനസ്സിലാക്കാന്‍.
നിലമ്പൂര്‍ രാജകുടുംബത്തിലെ അന്നത്തെ വലിയ തമ്പുരാന്‍ മാനവേദരാജ ലഹളയുടെ ആദ്യ ഘട്ടത്തില്‍ പലായനം ചെയ്യാതെ ലഹളക്കാരെ ഗോപുരമാളികയില്‍ നിന്നുകൊണ്ട് അഭിമുഖീകരിച്ച രംഗം യഥാര്‍ത്ഥ ചരിത്രത്തോടുള്ള നീതികരണമായി. കുടിയാനും ജന്മിയും തമ്മിലുള്ള സംഘര്‍ഷമല്ലായിരുന്നു 1921 ല്‍ നടന്നത്. അന്നത്തെ ജന്മിമാരുടെ പാട്ടപ്പിരിവു കാര്യസ്ഥന്‍മാര്‍ ഏറിയകൂറും മാപ്പിളമാരായിരുന്നു. എന്തിനേറെ അംശം അധികാരിമാരായും മാപ്പിളമാര്‍ ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി ‘ഹാലിളക്കം’ എന്ന അനുഭവം ഉള്ള സമൂഹം എന്ന നിലയില്‍ മാപ്പിളഭയം ഉള്ള ഇടമായിരുന്നു അവിടം. ഹിന്ദു സ്വേച്ഛാധികാരം മറ്റിടങ്ങളെ അപേക്ഷിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും കുറവായിരുന്നു; മതസൗഹാര്‍ദ്ദം കൂടുതലുമായിരുന്നു. അതുകൊണ്ടാണ് മാപ്പിളമാര്‍ വന്നു വിളിച്ചപ്പോഴേക്കും പല ഹിന്ദു തറവാടുകളില്‍ നിന്നും കാരണവന്‍മാര്‍ പുറത്തേക്കിറങ്ങി വന്നതും, വഞ്ചകരായ കലാപകാരികള്‍ അവരെ അരിഞ്ഞു തള്ളിയതും. രാമസിംഹന്‍ ഈയൊരു സന്ദര്‍ഭത്തെ കൃത്യമായി അവതരിപ്പിച്ചു.
ഒരു പാട്ടിലൂടെ ആണെങ്കിലും ചിലയിടങ്ങളില്‍ മുസ്ലീംസ്ത്രീകള്‍ തങ്ങളുടെ അയല്‍പക്ക ബന്ധങ്ങളെ അറിഞ്ഞു സംരക്ഷിച്ചിരുന്നുവെന്ന യാഥാര്‍ത്ഥ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഓഫീസര്‍ ആമു സാഹിബ്, റാവു ബഹദൂര്‍ ചേക്കുട്ടി, കൊണ്ടോട്ടി തങ്ങള്‍ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളിലൂടെ സൗഹാര്‍ദ്ദവും സഹിഷ്ണുതയും പുലര്‍ത്തിയ ഇസ്ലാമികമുഖത്തേയും തന്മയത്വത്തോടെ ഈ സിനിമ പരിഗണിച്ചിട്ടുണ്ട്. ഹിന്ദുക്കളെയും മറ്റും ചികിത്സിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷയേറ്റ് മരിച്ചു വീഴുന്ന വൈദ്യരുടെ ശാപമാണ് വാര്യന്‍കുന്നന്റെ പതനമെന്നും, അതല്ല കൊണ്ടോട്ടി തങ്ങളുടെ ശാപമാണതിനു നിദാനമെന്നും വിശ്വസിക്കുന്ന കൂട്ടായ്മകള്‍ ഇപ്പോഴും മലപ്പുറത്തുണ്ട്! ഈയൊരു ബോധ്യത്തെ രാമസിംഹന്‍ തന്റെ സിനിമയിലൂടെ വെളിവാക്കുന്നുണ്ട്. സമാധാന കാംക്ഷികളായ മുസ്ലിം പ്രമാണിമാര്‍ ആലി മുസ്ല്യാരെ കണ്ട് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അപേക്ഷിക്കുന്ന രംഗവും സിനിമയിലുണ്ട്; ചരിത്രത്തില്‍ രേഖപ്പെടുത്തിയതുപോലെ ഗൂര്‍ഖാ റെജിമെന്റ് ലഹള ബാധിത പ്രദേശങ്ങളില്‍ പ്രവേശിച്ചതോടെ ഉണ്ടായ തിരിച്ചടികളെ ഈ സിനിമ സ്പര്‍ശിക്കുന്നുണ്ട്. സ്വന്തം അയല്‍പക്കങ്ങളെ മുച്ചൂടും മുടിപ്പിക്കുന്ന രംഗങ്ങള്‍ കണ്ടിട്ടും മൗനം അവലംബിച്ചതിന്റെ ശിക്ഷയാണ് ഇതെന്ന ചിന്ത 1921 ലെ ബഹുഭൂരിപക്ഷം മാപ്പിളമാര്‍ക്കും ഉണ്ടായിരുന്നു. ഈ സിനിമ അത്തരം ചിന്തകളെ ദൃശ്യവല്‍ക്കരിക്കുന്നുണ്ട്.
നുണപ്രചാരണത്തിന്റെ നൂറാണ്ട്
മമ്പുറം പള്ളി കത്തിച്ചു, തിരൂരങ്ങാടി പള്ളിയില്‍ പൊലീസ്-അതും അമുസ്ലീങ്ങളായവര്‍-ഇസ്ലാമികചര്യകളെ മാനിക്കാതെ കയറി, പൂക്കോട്ടൂരിലെ വലിയവീട്ടില്‍ മുഹമ്മദിനെ പൊലീസ് അറസ്റ്റു ചെയ്തു മര്‍ദ്ദിച്ചു, കുളത്തില്‍ മുക്കി തോക്കെടുപ്പിച്ചു, പട്ടാളത്തിന്റെ തോക്കിലെ ഉണ്ട കലാപകാരികള്‍ക്ക് ഏല്‍ക്കില്ല ഇങ്ങനെ പോവുന്നു 1921 ലെ കലാപത്തിന് ഹേതുവായതും ആക്കം കൂട്ടിയതുമായ നുണകള്‍.
മമ്പുറം മഖാമിലേക്ക് പട്ടാളം കയറുകയോ അവിടെ എന്തെങ്കിലും നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തിരുന്നില്ല. അന്നത്തെ മമ്പുറം തങ്ങള്‍ക്ക് ‘റാവു ബഹാദൂര്‍ പട്ടം’ നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍ ആദരിച്ചിട്ടുണ്ടായിരുന്നു എന്ന വസ്തുത നിലനില്‍ക്കെയാണ് ഇത്തരം കിംവദന്തികള്‍ പരന്നത്. ആലി മുസ്ല്യാര്‍ തിരൂരങ്ങാടി പള്ളിയിലെ ദര്‍സ് അധ്യാപകനായിരുന്നു. പുഴയ്‌ക്കപ്പുറമുള്ള മമ്പുറത്ത് ആലി മുസ്ല്യാര്‍ക്ക് ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. അലി മുസ്ല്യാരെ അന്വേഷിച്ച് അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോയത് മുസ്ലീങ്ങളായ പൊലീസുകാര്‍ ആയിരുന്നു പള്ളിയിലേക്ക് പൊലീസ് കയറിയിരുന്നില്ല. പള്ളിയില്‍ നിന്ന് വെടിവെയ്പ് ഉണ്ടായതിനു ശേഷമാണ് പട്ടാളം തിരിച്ചു വെടിവെച്ചത് എന്ന ചരിത്ര സത്യത്തെ ഈ സിനിമ അനാവരണം ചെയ്യുന്നു.
വലിയവീട്ടില്‍ മുഹമ്മദ് എന്ന കലാപകാരി മതസ്ഥനായ വള്ളുവമ്പ്രം അധികാരിയെ നിരന്തരം ധിക്കരിച്ചിരുന്നു. പൂക്കോട്ടൂര്‍ തമ്പുരാനുമായുണ്ടായ അസ്വാരസ്യം പരിഹരിക്കാന്‍ കരുണാകര മേനോന്‍ എന്ന സമാധാനകാംക്ഷിയും ഇരുവിഭാഗത്തിനും സ്വീകാര്യനുമായിരുന്ന പോലീസ് ഓഫീസര്‍ വിളിച്ചു കൂട്ടിയ മധ്യസ്ഥ ചര്‍ച്ചയെവരെ തന്റെ തീവ്രവാദചിന്ത കൊണ്ട് തകര്‍ത്ത വ്യക്തിയാണ് മുഹമ്മദ്. ‘മുഹമ്മദും കുളവും കഥ’ തികഞ്ഞ നുണയായിരുന്നു എന്നും, എന്താണ് യഥാര്‍ത്ഥ ചരിത്രമെന്നും തന്റെ സിനിമയിലൂടെ സംവിധായകന്‍ മലയാളത്തെ ബോധിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. തങ്ങള്‍മാരും മുസ്ല്യാന്‍മാരും കലാപത്തെ നല്ലൊരു കച്ചവടകാലം ആക്കിയിരുന്നു. വെടിയേല്‍ക്കാതിരിക്കാനുള്ള ഉറുക്ക് വ്യാപകമായി വിതരണം ചെയ്തിരുന്നു. ഈ കാര്യം ഫലിതരസത്തോടെ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ടിവിടെ. നുണയെ ആവര്‍ത്തിച്ചുദ്ധരിക്കാതെ സത്യത്തെ അവതരിപ്പിക്കുക എന്ന ദൗത്യം സംവിധായകന്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.
സിനിമയിലെ കോണ്‍ഗ്രസ്
ഗാന്ധിജിയുടെ വാക്കുകളെ അതേപടി സ്വീകരിച്ച ഏറനാടിന്റെ ഹിന്ദുമനസ്സിനെ ജോയ്മാത്യു എന്ന അതുല്യനടന്‍ കൃത്യമായി അവതരിപ്പിച്ചു. സ്വന്തം മതത്തേയും ദൈവത്തേയും മുറുകെ പിടിച്ച് മരണം വരിച്ചാല്‍ അതാണ് യഥാര്‍ത്ഥ ധീരത എന്ന ഗാന്ധിജിയുടെ പ്രസ്താവനയെ അതേപടി ബിംബവല്‍ക്കരിക്കാന്‍ ഈ സിനിമ തയ്യാറായിട്ടുണ്ട്. യുവാക്കളായിരുന്ന അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഖിലാഫത്ത് യോഗങ്ങളില്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍, മുസ്ലിം നാമധാരികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോനില, ഒടുവില്‍ കെ. മാധവന്‍ നായരും വാരിയന്‍ കുന്നനുമായി നടന്ന അഭിമുഖത്തിലെ പ്രസ്താവന ഇതെല്ലാം മാപ്പിളലഹളയുടെ നൂറാമാണ്ടില്‍ കോണ്‍ഗ്രസ് എടുത്ത രാഷ്‌ട്രീയ നിലപാടിനോടുള്ള കനത്ത മറുപടിയായി അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ലഹളക്കാലത്തെ കോണ്‍ഗ്രസ്സിന്റെ നിസ്സഹായത, മാധവന്‍ നായരുടെ പിന്നീടുള്ള ഏറ്റുപറച്ചില്‍ എന്നിവയെല്ലാം സിനിമയ്‌ക്ക് ഉപയുക്തമാക്കുവാന്‍ രാമസിംഹന് സാധിച്ചു.
അപനിര്‍മാണ രാമതന്ത്രം
ആഷിക്അബു എന്ന പ്രോ ഇസ്ലാമിസ്റ്റ് സംവിധായകന്‍ തന്റെ പുതിയ സിനിമയിലെ വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി പൃഥ്വിരാജ് എന്ന സൂപ്പര്‍താരത്തെ അവതരിപ്പിക്കുവാന്‍ തയ്യാറെടുക്കുന്ന വേളയിലാണ് രാമസിംഹന്‍ തന്റെ സിനിമ പ്രഖ്യാപിക്കുന്നത്. പൃഥ്വിരാജിനെ യുവത്വത്തിന്റേയും ശരീര സൗന്ദര്യത്തിന്റേയും ബിംബമായാണ് പ്രേക്ഷകര്‍ കരുതുന്നതും ആരാധിക്കുന്നതും. വാര്യന്‍കുന്നന്‍ എന്ന യഥാര്‍ത്ഥ മതതീവ്രവാദിയെ, അതും വാര്‍ദ്ധക്യത്തിന്റേതായ രൂപഭാവവും ശാഠ്യബുദ്ധിയും ഉയരക്കുറവും ഒക്കെയുള്ള, ആകര്‍ഷണീയത ഒട്ടും തോന്നിക്കാത്ത ഒരു രൂപമെന്ന് കെ. മാധവന്‍ നായര്‍ വിശേഷിപ്പിച്ച വംശഹത്യക്കാരനെ, എങ്ങനെ സൗന്ദര്യവല്‍ക്കരിക്കുകയും വീരപരിവേഷം ചാര്‍ത്തി ‘കേരള സിംഹം’ ആക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്ന ഗവേഷണബുദ്ധിയെയാണ് രാമസിംഹന്‍ തകര്‍ത്തത്.
ആഷിക് അബുവും പൃഥ്വിരാജും ആ സിനിമാ പദ്ധതി ഉപേക്ഷിച്ചു എന്നത് മറ്റൊരു കാര്യം. ഐ. വി. ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമയില്‍ ടി. ജി. രവി എന്ന വില്ലന്‍ പരിവേഷമുള്ള നടനായിരുന്നു വാര്യന്‍കുന്നന്റെ വേഷമണിഞ്ഞിരുന്നത്. വാര്യന്‍കുന്നന്റെ ഒടുങ്ങാത്ത പക, കാമാര്‍ത്തി, ഇസ്ലാമികരാജ്യ സ്ഥാപനത്തിനായുള്ള ത്വര ഇതൊക്കെ -ചരിത്ര സത്യങ്ങളാണിവ-സംവിധായകന്‍ കലര്‍പ്പുകള്‍ ലവലേശമില്ലാതെ പ്രേക്ഷകര്‍ക്ക് മുന്‍പാകെ അവതരിപ്പിച്ചിട്ടുണ്ട്; ഈ സിനിമയില്‍. 18 പോലും തികയാത്ത പെണ്ണിനെ വിവാഹം ചെയ്യുക, സമര്‍ത്ഥയായ അവര്‍ വാര്യന്‍ കുന്നന്റെ അഥവാ ഖലീഫയുടെ റാണിയാവുക, ഭര്‍ത്താവിന്റെ അനുജനൊപ്പം ഒളിച്ചോടുക, തന്നെ നേര്‍വഴി ഉപദേശിച്ച തന്റെതന്നെ മതകാരണവരുടെ തലയറുത്ത് കുന്തത്തില്‍ എടുപ്പിച്ച് പ്രദര്‍ശിപ്പിക്കുക, ട്രഷറികള്‍ കൊള്ളയടിക്കുക, പാസ്‌പ്പോര്‍ട്ട് തന്റെ രാജ്യത്തിനായി ഉണ്ടാക്കുക, ശരീഅത്ത് ഭരണം നടപ്പിലാക്കി ഇതരമതസ്ഥരെ വംശീയമായി ഇല്ലായ്മ ചെയ്യുക തുടങ്ങിയ ഔദ്യോഗിക ചരിത്രത്തില്‍ നിന്ന് തമസ്‌കരിക്കപ്പെട്ട വാര്യന്‍കുന്നന്റെ യഥാതഥമായ ഭീകരജീവചരിതത്തെ ഈ സിനിമ സധൈര്യം ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു.
1921 എന്ന സിനിമയില്‍ മധു ആയിരുന്നു ആലി മുസ്ല്യാരുടെ വേഷത്തില്‍ വന്നത്. ആലി മുസ്ല്യാരുടെ കീഴടങ്ങല്‍കാലത്തെ ചിത്രം പലപ്പോഴായി മാധ്യമങ്ങളില്‍ വന്നതാണ്. കൃശഗാത്രം, വാര്‍ദ്ധക്യം, കണ്ണിലെ ക്രൗര്യം എന്നിവയാല്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു രൂപം ആണ് അലി മുസ്ല്യാരുടെ ഫോട്ടോ നല്‍കുന്ന ഭാവങ്ങള്‍. അതിരിക്കെയാണ് മധു എന്ന സത്ഗുണ സമ്പന്നത, പ്രണയഭാവം, കുലീനത, എന്നീ സങ്കല്‍പ്പങ്ങളുടെ ബിംബം ആലി മുസ്ല്യാര്‍ ആവുന്നത് എന്നോര്‍ക്കണം. ചരിത്രത്തില്‍ അദ്ദേഹം മഖ്ദൂമി ധാരയില്‍ പെട്ട ഒരു മദ്രസ അധ്യാപകനാണ്.
മക്കയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഇദ്ദേഹത്തിന്റെ ചിന്തയനുസരിച്ച് മലബാറിലെ മാപ്പിളമാരും ഹിന്ദുക്കളും ചേര്‍ന്നുള്ള കൂട്ടായ്മാ ജീവിതം അനിസ്ലാമികമാണ്; തിരുത്തപ്പെടേണ്ടതാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട്, തന്റെ അനുയായികളെ കലാപത്തിന് പറഞ്ഞയച്ച്, ഖലീഫയായി സ്വയം ചമഞ്ഞ്, സമാധാനത്തിന്റെ കോണ്‍ഗ്രസ് പാതയെ തട്ടിമാറ്റി, ഒടുവില്‍ വെള്ളക്കൊടി കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് മരണത്തെ ഭയന്ന് കീഴടങ്ങിയ മുസ്ല്യാരുടെ യഥാര്‍ത്ഥ ചരിത്രം രാമസിംഹന്‍ പുഴ മുതല്‍ പുഴ വരെ ഉള്ള നിണമണിഞ്ഞ കരയില്‍ തന്നെ വരച്ചു വെച്ചിട്ടുണ്ട്. ചെമ്പ്രശ്ശേരി തങ്ങള്‍, കൊന്നാറ തങ്ങള്‍ തുടങ്ങി ഒട്ടേറെ ഇസ്ലാമിക തീവ്രവാദികളുടെ കൊടും ക്രൂരതകളെ നാടകീയമായി ചിത്രീകരിച്ച ഈ സിനിമ, തുവ്വൂര്‍, നാഗാളികാവ് കിണറുകളില്‍ കുളിപ്പിച്ചുകയറ്റല്‍ എന്ന കൂട്ട മനുഷ്യക്കുരുതിയെ ചിത്രണം ചെയ്യുമ്പോള്‍ പ്രേക്ഷകന്റെ ഞരമ്പുകള്‍ പിടച്ചു കയറുന്നതില്‍ അത്ഭുതപ്പെടാനില്ല.
മലയാളി സായിപ്പിന്റെ ഇംഗ്ലീഷ്
സാധാരണ മലയാളസിനിമകളില്‍ വെള്ളക്കാരന്റെ വേഷമണിയുന്ന അഭിനേതാക്കള്‍ മലയാള ഭാഷയെ ഇംഗ്ലീഷീകരിച്ചു കൊണ്ട് നടത്തുന്ന ഡയലോഗുകള്‍ തിക്കിനിറച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ ഒറിജിനല്‍ സായിപ്പിനെ കൊണ്ടുതന്നെ ആ വേഷം ചെയ്യിക്കും. ഈ സിനിമയില്‍ മലയാളി നടന്മാര്‍ തന്നെ കളക്ടറുടേയും പൊലീസ് സൂപ്രണ്ടിന്റേയും (ഇംഗ്ലീഷുകാരായ) വേഷമണിയുകയും ബ്രിട്ടീഷ് ആക്‌സന്റില്‍ തന്നെ ഡയലോഗുകള്‍ പറയുകയും, നല്ല അഭിനയം കാഴ്ചവെക്കുകയും ചെയ്തു. ആ ഭാഗം പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്.
പുത്തന്‍ സാങ്കേതികവശങ്ങളെ കൃത്യമായി ഉപയോഗിക്കുവാന്‍ ഒരു സിനിമ എന്ന നിലയില്‍ 1921 പുഴ മുതല്‍ പുഴ വരെയ്‌ക്ക് പൂര്‍ണ്ണമായും സാധിച്ചിട്ടില്ല. നാടകത്തിന്റെ സങ്കേതങ്ങളെ കൂടുതലായി ആശ്രയിച്ചിട്ടുണ്ടോയെന്ന് പ്രേക്ഷകന് തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. നല്ല അഭിനേതാക്കളുടെ അഭാവം മുഴച്ചു നില്‍ക്കുന്നുണ്ടെങ്കിലും പലരും കയ്യൊതുക്കത്തോടെ തങ്ങളുടെ ഭാഗങ്ങള്‍ കൈകാര്യം ചെയ്തു. ചരിത്രത്തിന്റെ യഥാതഥമായ ചിത്രീകരണം എന്ന നിര്‍ബന്ധത്തില്‍ അതിഭാവുകത്വത്തിന്റെ ലാഞ്ഛനകള്‍ കുറയുക എന്നത് ഒരു കുറവല്ല, മറിച്ച് ഭൂഷണമാണുതാനും.
ഡോ. വി.കെ. ദീപേഷ് (9497075322)
പ്രതികരിക്കാൻ ഇവിടെ എഴുതുക: