പായിപ്ര രാധാകൃഷ്ണന്
സ്വര്‍ഗത്തില്‍ പ്രവേശനം കിട്ടിയിട്ടും മുഖമുയര്‍ത്തി ദൈവത്തെ കാണാതെ പോയ ദുരയുടെ ആള്‍രൂപമായ മേമണ്‍ പുതിയ രൂപത്തില്‍ പുനര്‍ജനിക്കുകയാണ്. സ്വര്‍ഗ്ഗത്തിലെ സ്വര്‍ണം പതിച്ച തറയിലേക്കും രത്നങ്ങളിലേക്കും ആര്‍ത്തിയോടെ നോക്കിനടന്ന മേമണാണ് ഭൂമിയുടെ മാറുപിളര്‍ന്ന് ധാതുസമ്പത്തുകള്‍ ഖനനം ചെയ്തെടുക്കാനുള്ള ആദിമ പ്രേരണയായത്. എന്തായാലും അടങ്ങാത്ത മനുഷ്യന്റെ ദുരയുടെ പ്രതീകമാണയാള്‍. ഒടുവില്‍ ദൈവം മേമണെ ശിക്ഷിച്ച് നരകത്തിലേക്കുതന്നെ മടക്കി അയച്ചുവത്രെ. അധികാരികളുടെ അടങ്ങാത്ത ദുരയ്ക്കും അലംഭാവത്തിനും പ്രകൃതി നല്കിയ താക്കീതായിരുന്നു ഈയിടെ കൊച്ചിയിലുണ്ടായ ബ്രഹ്മപുരം അഗ്നിബാധ. കൊച്ചിക്കാര് ഒരു ഗ്യാസ് ചേംബറിലെന്നപോലെ അടയ്ക്കപ്പെട്ട ദിനങ്ങള്‍. അഴിമതിക്കാരുടെ അന്തഃപുരങ്ങളിലും വിഷപ്പുക എത്തി. ചിലര്‍ക്കൊക്കെ ശ്വാസംമുട്ടി. ഉള്ളിലേക്ക് ഇറക്കാനും പുറത്തേക്ക് വമിക്കാനും പറ്റാതെ നീലകണ്ഠ പ്രായമായി വിഷബാധയേറ്റ കൊച്ചി.
കാട്ടുതീയില്‍ വനമെല്ലാം വെന്തെരിയുമ്പോള്‍, തന്റെ കുഞ്ഞിച്ചിറകുകള്‍ അടുത്തുള്ള നദീപ്രവാഹത്തില്‍ മുക്കിയെടുത്ത്, തീകെടുത്താന്‍ ശ്രമിച്ച ഒരു കളിക്കുഞ്ഞിന്റെ കഥ ഭഗവാന് ബുദ്ധന് പറയുന്നുണ്ട്. ഒടുവില്‍ മഹര്‍ഷിമാരുടെ അഭ്യര്‍ത്ഥന മാനിച്ച് ദേവേന്ദ്രനാണ് മഴ പെയ്യിച്ച് തീകെടുത്തിയത്. ഇതിന് ആരുടെ പ്രവൃത്തിയാണ് മഹത്തരം എന്നായിരുന്നു ബുദ്ധന്റെ ചോദ്യം. ജലസേചന-അഗ്നിശമന വകുപ്പായിരുന്നല്ലോ ദേവേന്ദ്രന്റെ ചുമതലയില്‍. അധികാരികളോട് അഭ്യര്‍ത്ഥിക്കേണ്ട ബുദ്ധിജീവികള്‍ അധികാരതണലില്‍ മയക്കത്തിലാണ്. ഭരണത്തിന്റെ പുറംതിണ്ണയില്‍ അഭയം തേടിയ അവര്‍ ഉണരാന്‍ സമയമെടുക്കും. എല്ലാം കത്തിത്തീര്‍ന്നിട്ട് നമുക്ക് വീമ്പിളക്കാമെന്നാണ് നേതാക്കന്മാരുടെ ഭാവം. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ് ഈ ദിനങ്ങളില്‍ കണ്ടത്. ആകപ്പാടെ ഉണര്‍ന്നിരിക്കുന്നത് കോടതി മാത്രം. സാധാരണക്കാരുടെ ദുഃഖം വനരോദനമായി പ്രതിധ്വനിക്കുന്നു.
അഞ്ചിക്കൈമള്‍മാരിലൊരാളായ ചേരാനല്ലൂര്‍ കര്‍ത്താവിന്റെ ചതുപ്പുനിലങ്ങളില്‍നിന്നാണ് എറണാകുളവും പിന്നീട് കൊച്ചിയും മെട്രോനഗരമായി ഉയര്ത്തെഴുന്നേല്ക്കുന്നത്. മുള്ളു, മുരട് മൂര്‍ഖന്‍ പാമ്പിനോ കുറുക്കന്മാര്‍ക്കോ പോലും പറ്റിയ ആവാസവ്യവസ്ഥ ആയിരുന്നില്ല ആ പഴയ തീരദേശം. ആകപ്പാടെ ഒരു സെന്‍ട്രല്‍ ജയില്‍ മാത്രം! മേനകയ്ക്ക് മുന്നിലൂടെ പോലീസ് സത്യനെ വിലങ്ങണിയിച്ച് കൊണ്ടുപോകുന്ന ഒരു രംഗമുണ്ട് തകഴിയുടെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയില്‍. ആ രംഗം കണ്ട് തലയ്ക്ക് കൈകൊടുത്ത് ഇരുന്നുപോകുന്ന ബഹദൂറിനരികില്‍ നില്ക്കുന്ന ഒരു കാഴ്ചക്കാരനായിട്ടാണ് അന്നത്തെ മഹാരാജാസ് സതീര്‍ത്ഥ്യനായിരുന്ന മമ്മൂട്ടിയുടെ മുഖം ആദ്യമായി അഭ്രപാളികളില്‍ തെളിയുന്നത്. അന്ന് കശുമാവിന് ചില്ലകളിട്ട് നികത്തിയെടുത്ത- പഴയ ബ്രിസ്റ്റോ സായ്വിന്റെ എഞ്ചിനീയറിങ്-മറൈന്‍ ഡ്രൈവ് നിലവിലുണ്ടായിരുന്നില്ല. അരനൂറ്റാണ്ട് മുമ്പത്തെ എറണാകുളം!
മെട്രോയുടെ ആകാശപാതകള്‍ക്ക് കീഴെ നഗരം ശരിക്കും മെട്രോ ആയി. വാഹനത്തിരക്കും ബ്ലോക്കും മാലിന്യവും ഓടകളും കൈകാര്യം ചെയ്യാന്‍, കൊതുകിനെ നേരിടാന്‍ ഒരുകാലത്തും കോര്‍പ്പറേഷനോ ജില്ലാ കളക്ടര്‍മാര്‍ക്കോ കഴിഞ്ഞില്ല. എല്ലാവരും ഇരുട്ടുകൊണ്ട് ഓടയടക്കാനാണ് ശ്രമിച്ചുപോന്നത്. നഗരമാലിന്യങ്ങളുടെ ഗിരിനിരകളില്‍ ബ്രഹ്മപുരത്തെ ആറേക്കറില്‍ നിറഞ്ഞുകവിയുമ്പോള് ഭരിക്കുന്നവര്‍ക്ക് ബുദ്ധിയുദിച്ചില്ല. ഐഎഎസ്സുകാര്‍ക്കും സാദാ രാഷ്ട്രീയക്കാര്‍ക്കും തെളിയാത്ത ബുദ്ധി കരാറെടുത്തവര്‍ക്ക് തെളിഞ്ഞു എന്നുവേണം കരുതാന്‍. എവിടെത്തിരിഞ്ഞുനോക്കിയാലും അവിടെല്ലാം മാലിന്യങ്ങള്‍ മാത്രം! എന്നതാണ് കൊച്ചിയുടെ സ്ഥിതി.
ആറ്റുകാല്‍ പൊങ്കാലക്ക് തിരുവനന്തപുരം നഗരം പൊങ്കാല അടുപ്പുകളുയര്‍ത്തിയ ഹോമധൂമങ്ങളെക്കൊണ്ട് യാഗശാലക്കു സമാനമായിരുന്നു. എന്നാല്‍ ബ്രഹ്മപുരം കൊച്ചിയെ വിഷപ്പുക ചേമ്പറിലിട്ട് ശ്വാസംമുട്ടിക്കുകയായിരുന്നു. പുകയുന്ന ബ്രഹ്മപുരം ഒരു പ്രതീകമാണ്. അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെയും അതിനു പിന്നില്‍ ആളിയുയരുന്ന അഴിമതിയുടെയും തീയണയുന്നില്ല. എല്ലാറ്റിനും മുകളില്‍ നീറിനില്ക്കുന്ന അഴിമതിക്കും അന്ത്യമില്ല. ഭരണ-പ്രതിപക്ഷക്കാരൊക്കെ അഴിമതിപ്പുക മറയ്ക്കുള്ളിലാണ്. അനുസരണയുള്ള കുട്ടികളായി ചൈന കണ്ടു മടങ്ങിയ കെ.ജി. ശങ്കരപ്പിള്ളയും എം. മുകുന്ദനുമൊക്കെ പറയും പോലെ അവിടെയെല്ലാം ഒരു മൂടല്‍ മറയ്ക്കുള്ളില്‍ ഒളിപ്പിക്കുന്ന ചൈനാ തന്ത്രം. ഇവിടെ അഴിമതിയുടെ പുകമറയാണ് കൊച്ചിക്കാര് കാണുന്നതെന്നുമാത്രം!
പ്രളയവും കൊതുകും മാലിന്യവും ചേര്‍ന്ന് കൊച്ചിയെ പല പ്രകാരത്തില്‍ ഞെരുക്കുകയാണ്. അതിനിടയിലാണ് മാലിന്യം ഹോമിക്കുന്ന കരാറുകാരുടെ കൗശലങ്ങള്‍. എല്ലാം കത്തിയമര്‍ന്നാല്‍ കോടികളുടെ നേട്ടമാണ് പോക്കറ്റിലെത്തുന്നത്. ന്യായവില ഭക്ഷണശാലകള്‍ പോലെ സൗജന്യ ഓക്സിജന്‍ പാര്‍ലറുകളും ആരംഭിക്കേണ്ടിവരും. കൊവിഡ് ഒഴിഞ്ഞുപോയാലും മുഖാവരണങ്ങള്‍ മുഖാഭരണങ്ങളായി തുടരേണ്ടിവരും.
ഒടുവില്‍ മാലിന്യപ്പുക പടലങ്ങള്‍ തലസ്ഥാനത്തും എത്തിയപ്പോഴാണ് മന്ത്രിപുംഗവന്മാര് മാലിന്യമല ചവിട്ടുന്നത്. അപ്പോഴാണ് സംഗതിയുടെ ആഴവും പരപ്പും അറിയാനായത്. അസംഖ്യം അഗ്നിരക്ഷാസേവകര്‍ രാപകല്‍ പണിതിട്ടും നേവി ഹെലികോപ്ടര്‍ പനിനീര് തളിച്ചിട്ടും അഗ്നിദേവന് അടങ്ങിയില്ല. കെട്ടാല്‍ കെട്ടൂ എന്നേ പറയാവൂ എന്നാണ് മന്ത്രിമാരും പറഞ്ഞത്. തീയും പുകയും അടങ്ങിയതിനു പുറകെ ഒരു വേനല്‍മഴ നല്കി പ്രകൃതി കൊച്ചിയെ തല്ക്കാലം ആശ്വസിപ്പിച്ചു. ചോദിക്കാനും പറയാനും ആളില്ലാത്തവര്‍ക്ക് ദൈവം തുണ എന്നാണല്ലോ പറയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: