ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചത് സ്വാഭാവിക നടപടിയാണ്. ഈ സംഘടനകള്‍ മതവിഭാഗീയത സൃഷ്ടിക്കുകയും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം നിരോധനം കൊണ്ടുവന്നത്. രാജ്യവ്യാപകമായി ഈ സംഘടനകളുടെ കേന്ദ്രങ്ങളില്‍ റെയ്ഡു നടത്തുകയും, നേതാക്കളെ അറസ്റ്റുചെയ്യുകയുമുണ്ടായി. ഇവര്‍ ഇപ്പോഴും ജയിലുകളിലാണ്. ഇവര്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധ്യമുള്ള അന്വേഷണ ഏജന്‍സികള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ഇക്കൂട്ടര്‍ക്ക് കോടതികള്‍ ജാമ്യം അനുവദിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് അന്വേഷണ ഏജന്‍സികള്‍ ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച് ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ്കുമാര്‍ ശര്‍മ അധ്യക്ഷനായ യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവച്ചിട്ടുള്ളത്. നൂറിലേറെ സാക്ഷികളെ വിസ്തരിച്ച ട്രൈബ്യൂണല്‍, നിരോധിത സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വീഡിയോകളും പരിശോധിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയും, വിദേശരാജ്യങ്ങളില്നിന്നുള്പ്പടെ അനധികൃതമായി ധനസമാഹരണം നടത്തിയത് കണ്ടെത്തിയുമാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. ഒരു വര്‍ഷത്തിനകമാണ് നിരോധനം ശരിവച്ചുകൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയുമൊക്കെ സമീപിക്കാവുന്നതാണെങ്കിലും തെളിവുകള്‍ വിലങ്ങുതടിയാവും.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതുകൊണ്ടാണ് നിരോധനമെന്നും, തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചിരുന്നു. മതത്തിന്റെ പേരില്‍ തങ്ങള്‍ വേട്ടയാടപ്പെടുകയാണെന്ന് ചില മാധ്യമങ്ങളുടെ സഹായത്തോടെ ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയിട്ടുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മറയിട്ട് ഇരയുടെ പരിവേഷം എടുത്തണിയുന്നതിനായിരുന്നു ഇത്. സാമുദായിക പിന്തുണ നഷ്ടപ്പെട്ട ഇവര്‍ അത് തിരിച്ചുപിടിക്കാന്‍ വ്യാപകമായ കുപ്രചാരണവും അഴിച്ചുവിട്ടു. ഇതൊന്നും ഫലം കണ്ടില്ലെന്നു മാത്രമല്ല, നില കൂടുതല്‍ പരുങ്ങലിലാവുകയും ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എന്‍ഐഎ വിശദമായ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതോടെ തനിനിറം കൂടുതല്‍ വെളിപ്പെട്ടു. ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പദ്ധതിയിട്ടെന്നും, ഇതിനായി ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇതരമതസ്ഥരായ വ്യക്തികളെ വധിക്കാന്‍ നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ആയുധപരിശീലനം ലഭിച്ച പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും, ദാറുള്‍ ഖദ എന്ന പേരില്‍ സ്വന്തമായി മതകോടതികള്‍ രൂപീകരിച്ച് ശിക്ഷകള്‍ നടപ്പാക്കിയെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചതും, യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവച്ചതും കേരളീയ സാഹചര്യത്തില്‍ പ്രത്യേക പ്രാധാന്യമുള്ളതാണ്. രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഏറ്റവും ശക്തമായിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്കുന്ന ഇടതു-വലതു മുന്നണികളുടെ പിന്തുണയും സംരക്ഷണവും മുതലാക്കിയാണ് ഈ സംഘടന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഈ ഭീകരവാദികളുടെ പിന്തുണ ഇടതു-വലതു മുന്നണികള്‍ മാറി മാറി സ്വീകരിച്ചു. ചില തദ്ദേസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇക്കൂട്ടരുടെ പിന്തുണയോടെ ഭരണം നടത്തുകയുമാണ്. ആഗോള ഭീകരസംഘടനയായ ഐഎസിനോടുപോലും ഐക്യം പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നേര്‍ക്ക് കണ്ണടയ്ക്കുക മാത്രമല്ല, അതിനെ ന്യായീകരിക്കാന്‍ പോലും സിപിഎമ്മും കോണ്‍ഗ്രസ്സും മടിച്ചില്ല. പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റും നിരോധിച്ച നടപടിയെ സിപിഎമ്മും ഇടതുമുന്നണിയും അനുകൂലിച്ചില്ല. നിരോധനത്തിനെതിരെ നടത്തിയ അക്രമ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് ഈ സംഘടനയില്പ്പെട്ടവരില്നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുപോലും സര്‍ക്കാര്‍ മടിച്ചുനിന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ എസ്ഡിപിഐക്ക് രാഷ്ട്രീയപാര്‍ട്ടിയുടെ ലേബലുള്ളതിനാല്‍ നിരോധനം ബാധകമായിട്ടില്ല. ഇതിന്റെ മറവില്‍ മതഭീകരവാദികള്‍ക്ക് സംഘടിക്കാന്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്താശ ചെയ്യുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നിയമപരമായി ശരിവയ്ക്കപ്പെട്ടതോടെ അവരെ എല്ലാ അര്‍ത്ഥത്തിലും സമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: