ഇംഫാല്‍: ത്രിരാഷ്ട്ര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ കളിയില്‍ ഇന്ത്യക്ക് ജയം. മ്യാന്മറിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. ആദ്യ പകുതിയിലെ ഇഞ്ചുറി സമയത്ത് അനിരുദ്ധ് ഥാപ്പയാണ് ഗോള്‍ നേടിയത്. 28ന് കസാഖിസ്ഥാനെതിരെ ഇന്ത്യയുടെ അടുത്ത മത്സരം.
മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അതൊന്നും ഗോളിലേക്ക് തിരിച്ചുവിടാന്‍ ഇന്ത്യക്കായില്ല. അതിനിടെയാണ് ഥാപ്പ രക്ഷകനായത്. ബോക്സിന് മധ്യത്തിലേക്ക് രാഹുല്‍ ഭെക്കെ നല്കിയ പന്ത് ഥാപ്പ മ്യാന്മര് പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് മത്സരത്തിന്റെ അവസാന മിനിറ്റുകളിലടക്കം അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മണിപ്പൂരില്‍ ആദ്യം നടന്ന അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ ജയം കാണാന്‍ ഇന്ത്യക്കായി.
പോസ്റ്റിനു കീഴില്‍ അമരീന്ദര്‍ സിങ്ങിനെയാണ് പരിശീലകന് ഇഗോര്‍ സ്റ്റിമാക്ക് നിയോഗിച്ചത്. രാഹുല്‍ ഭെക്കെ, ചിംഗ്ലെന്‍സന കൊന്‍ഷാം, ആകാശ് മിശ്ര, മെഹ്താബ് സിങ് എന്നിവരെ പ്രതിരോധത്തിലും അനിരുദ്ധ് ഥാപ്പ, യാസിര്‍ മുഹമ്മദ്, ലാലിയന്‍സുവാല ചങ്തെ, ജീക്സണ് സിങ്, ബിപിന്‍ സിങ് എന്നിവരെ മധ്യനിരയിലും സുനില്‍ ഛേത്രിയെ സ്ട്രൈക്കറായും അണിനിരത്തിയാണ് ആദ്യ ഇലവന് ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: