കൊടുങ്ങല്ലൂര്‍: ഭക്തിലഹരിയുടെ തിരമാല ഉയര്‍ത്തി, അശ്വതി കാവുതീണ്ടാന്‍ കൊടുങ്ങല്ലൂര്‍ കുരുംബക്കാവിലേക്ക് ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരക്കണക്കിന് കോമരക്കൂട്ടങ്ങളാണ് എത്തിതുടങ്ങിയത്. കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇനി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആയിരങ്ങള്‍ കൊടുങ്ങല്ലൂരിലെത്തും.
അശ്വതി കാവുതീണ്ടാന്‍ ചെമ്പട്ട് ഞൊറിഞ്ഞുടുത്ത്, അരമണി കിലുക്കി, പള്ളിവാളേന്തിയ കോമരങ്ങള്‍ ക്ഷേത്രാങ്കണത്തെ ചെഞ്ചായം തേച്ച കണക്കെയാക്കി. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, വയനാട് തുടങ്ങി വടക്കന്‍ ജില്ലകളിലെ വിവിധ ദേശങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയെത്തി.
കോഴിക്കല്ല് മൂടല്‍ ചടങ്ങ് പൂര്‍ത്തിയായതോടെ ക്ഷേത്രമുറ്റത്തേക്ക് ഭക്തജനപ്രവാഹം തുടങ്ങി. രേവതി നാളായ വ്യാഴാഴ്ച നാടും നഗരവും ഭരണിയാഘോഷത്തില്‍ ലയിക്കും.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ സംഘമാണ് ക്ഷേത്രത്തില്‍ എത്തുന്നത്. മഞ്ഞള്‍പ്പൊടിയും കുരുമുളകും പൂവന്‍കോഴിയും ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന സംഘങ്ങള്‍ വെള്ളിയാഴ്ച നടക്കുന്ന അശ്വതി കാവ് തീണ്ടലിന് ശേഷമേ മടങ്ങുകയുള്ളൂ. വ്യാഴാഴ്ച വൈകീട്ടാണ് രേവതി വിളക്ക് തെളിയിക്കുക. ഈ സമയം പതിനായരങ്ങള്‍ കൊടുങ്ങല്ലൂര്‍ കാവിലെത്തും.
ക്ഷേത്രത്തില്‍ രേവതി വിളക്ക് തെളിയിക്കുമ്പോള്‍ ക്ഷേത്രാങ്കണത്തിലും ആല്‍ത്തറകളിലും കോമരങ്ങള്‍ ഉറഞ്ഞുതുള്ളും. പിന്നീട് അശ്വതി കാവുതീണ്ടല്‍ വരെ നാടാകെ കോമരങ്ങള്‍ ഉറഞ്ഞുതുള്ളും. വെള്ളിയാഴ്ചയാണ് അശ്വതി കാവുതീണ്ടല്‍ ചടങ്ങ്.
മീനഭരണി മഹോത്സവത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് 24ന് കൊടുങ്ങല്ലൂര്‍ താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ആഫിസുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: