തൃശൂർ: ഓസ്‌കർ പുരസ്‌കാരം നേടിയ ‘എലിഫന്‍റ് വിസ്പറേഴ്‌സി’ലെ താരദമ്പതികൾ പുരസ്കാരലബ്ധിയ്‌ക്ക് നന്ദി പറയാന്‍ ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ഓസ്‌കറിലൂടെ ആഗോള അംഗീകാരം ലഭിച്ചതിലൂടെ തങ്ങൾക്ക് കൈവന്ന അപൂർവ്വനേട്ടത്തിന് ഗുരുവായൂരപ്പനോട് നന്ദിപറയാനാണ് എത്തിയതെന്നും ഇരുവരും പറഞ്ഞു.
“ഓസ്‌കർ പുരസ്‌കാരം ലഭിച്ചതിന് ഗുരുവായൂരപ്പനോട് നന്ദി പറയണമെന്ന് തോന്നി”-ബൊമ്മന്‍ പറഞ്ഞു. ഈ അംഗീകാരം ഗുരുവായൂരപ്പന്റെ ദാനമാണ്. അതിന് ഞങ്ങൾ ഭഗവാനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ബൊമ്മൻ പറഞ്ഞു. കൊച്ചുമകൻ സഞ്ജുകുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഇരുവർക്കും ദേവസ്വം സ്വീകരണം നൽകി. അഡ്മിനിസ്‌ട്രേറ്റർ കെ.പി വിനയൻ താരദമ്പതികളെ അഭിനന്ദിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ എ.കെ. രാധാകൃഷ്ണൻ, കെ.എസ്. മായാദേവി, ദേവസ്വം ജീവനക്കാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗുരുവായൂരിലെ ദർശനത്തിന് ശേഷം ബൊമ്മനും ബെള്ളിയും കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തി.
മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ഡോക്യുമെന്‍ററി ചിത്രമായ ദി എലിഫെന്‍റ് വിസ്പറേഴ്സില്‍ പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ-ബെള്ളി ദമ്പതികളുടെ ജീവിതമാണ് ഇതിലുള്ളത്. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ഇവർ ജീവിതം ഒഴിഞ്ഞുവെയ്‌ക്കുന്നു. രക്തബന്ധത്തേക്കാൾ വിലപ്പെട്ടതാണ് സ്‌നേഹബന്ധമെന്ന സന്ദേശമാണ് ചിത്രം വരച്ചു കാട്ടിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ മുതുമലൈ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.തമിഴിലും തെക്കേയിന്ത്യൻ ആദിവാസി ദ്രാവിഡ ഗോത്രഭാഷയായ ജെന്നു കുറുംമ്പയിലുമാണ് ചിത്രീകരിച്ചത്.
.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: