തൃശൂര്‍: ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത 36 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയ്‌ക്കായി കാത്തിരിക്കുകയാണ് തൃശൂരിലെ പൂങ്കുന്നത്തുള്ള സീതാരാമക്ഷേത്രത്തിലെ ജീവനക്കാരും നാട്ടുകാരും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് ആന്ധ്രയിലെ നന്ദ്യാല്‍ അല്ലഗഡയില്‍ കൊത്തിയെടുത്തത്. രണ്ടു കോടി രൂപയിലാണ് പ്രതിമയുടെ നിര്‍മ്മാണം. പ്രതിമ സ്ഥാപിക്കാന്‍ 20 അടി ഉയരമുള്ള പീഠം ഒരുങ്ങിക്കഴിഞ്ഞു. 55 അടി ഉയരത്തിലാണ് ഭക്തരെ അനുഗ്രഹിക്കുന്ന ഭക്തഹനുമാന്റെ പ്രതിമ സ്ഥാപിക്കുക.
ശില്‍പി വി. സുബ്രഹ്മണ്യന്‍ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമ നിര്‍മ്മിക്കുന്നത്. പ്രശസ്ത ശിൽപി വി. സുബ്രഹ്‌മണ്യം ആചാര്യലുവിന്റെ ശ്രീഭാരതി ശിൽപകലാമന്ദിരമാണ് പ്രതിമ കൊത്തിയെടുത്തത്. 40-ലധികം ശിൽപികളുടെ നാല് മാസത്തെ അദ്ധ്വാനമാണ് ശിൽപം.വലതുകൈയാല്‍ ഭക്തരെ അനുഗ്രഹിക്കുന്ന രൂപമാണ് കൊത്തിയെടുക്കുന്നത്. രാമായണത്തിലെ പ്രസക്തഭാഗങ്ങള്‍ പ്രതിമയില്‍ പ്രതിഫലിക്കുന്ന രീതിയില്‍ ലേസര്‍ ഷോയും സംഘടിപ്പിക്കുന്നുണ്ട്. കവി തുളസീദാസ് ഹനുമാനെക്കുറിച്ച് രചിച്ച ഭക്തികാവ്യമാണ് ഈ ലേസര്‍ ഷോയ്‌ക്ക് പശ്ചാത്തലമായി അവതരിപ്പിക്കുക. ഈ ഗാനത്തിന്റെ റെക്കോഡിങ്ങ് കഴിഞ്ഞു.
വിജയവാഡയില്‍ നിന്നുള്ള മണിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലേസര്‍ ഷോ സജ്ജീകരിക്കുന്നത്. ഒരു കോടി രൂപയാണ് ലേസര്‍ ഷോയ്‌ക്ക്. ഏകദേശം 100 ടണ്‍ ഭാരമുണ്ട് പ്രതിമയ്‌ക്ക്. രണ്ടു ട്രക്കുകളിലായി നാല് ദിവസം യാത്ര ചെയ്താണ് പ്രതിമ പൂങ്കുന്നത് എത്തുക. പ്രതിമ കൊണ്ടുവരാനുള്ള യാത്രച്ചെലവ് തന്നെ പത്ത് ലക്ഷം രൂപയോളം വരും. കല്ല്യാണ്‍ സ്വാമിമാര്‍ക്കൂടി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തറവാട് ക്ഷേത്രമാണ് സീതാരാമക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: