തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം വര്‍ദ്ധിക്കാന്‍ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. പാറ്റൂരില്‍ ലൈംഗിക അതിക്രമത്തിനിരയായ അതിജീവിതയുടെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമങ്ങള്‍ ഓരോ ദിവസം കഴിയുംതോറും വര്‍ദ്ധിച്ചു വരുകയാണ്. പൊലീസിന്റെ അനാസ്ഥയാണ് പാറ്റൂരിലെ സംഭവത്തിന് കാരണം. സംഭവം നടന്ന ഉടനെ പൊലീസിനെ വിളിച്ചെങ്കിലും ഇരയായ സ്ത്രീയെ സഹായിക്കാന്‍ ആരുമെത്തിയില്ല. അതിക്രമത്തില്‍ പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസിനെ അറിയിച്ച പെണ്‍കുട്ടിയോട് സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന മനുഷ്യത്വമില്ലാത്ത സമീപനമാണ് പൊലീസ് സ്വീകരിച്ചത്. അക്രമം നടന്ന് അരമണിക്കൂറിനുള്ളിലെങ്കിലും പൊലീസ് എത്തിയിരുന്നെങ്കില്‍ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നു.
മൂന്ന് ദിവസം കഴിഞ്ഞാണ് പൊലീസ് സംഭവത്തില്‍ കേസെടുത്തതെന്നതില്‍ നിന്നു തന്നെ പൊലീസിന്റെ വീഴ്ച മനസിലാക്കാം. എട്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് കേരളത്തിലെ സ്ത്രീ സുരക്ഷ എത്രത്തോളം മോശമാണ് എന്നതിന്റെ ഉദാഹരണമാണ്. അഞ്ച് കിലോമീറ്ററിനുള്ളില്‍ അഞ്ച് മാസത്തിനിടെ ഏഴ് അക്രമങ്ങളാണ് തിരുവനന്തപുരത്തുണ്ടായത്. ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇതിന് കാരണം. പൊലീസ് പലപ്പോഴും കുറ്റവാളികള്‍ക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. പാറ്റൂരിലെ അതിജീവിതയെ സഹായിക്കാന്‍ അധികൃതര്‍ ആരും തയ്യാറായില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു. ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ്, ജില്ലാ വൈസ്പ്രസിഡന്റ് ആര്‍സി ബീന, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: