ഹ്യൂസ്റ്റൺ: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ 2023 ജൂലൈയിൽ ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷനിൽ പങ്കെടുക്കും. അമേരിക്കയിലെ മലയാളികളുടെ ഇടയിൽ സനാതന ധർമ്മ പ്രചാരണത്തിന് പുതിയ മാതൃകകൾ ഉയർത്തി മുന്നേറുന്ന സംഘടനക്ക്, കേരളത്തിലെ ഹൈന്ദവ ഏകീകരണത്തിനു വേണ്ടി പതിറ്റാണ്ടുകൾ ആയി അക്ഷീണം പ്രയത്നിക്കുന്ന ടീച്ചറുടെ സാന്നിധ്യം ഊർജം നൽകുമെന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.
ഹൈന്ദവ സമൂഹം നേരിടുന്ന സാമുഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ വേണ്ടി സദാ ജാഗരൂകയായി പ്രവർത്തിച്ചു വരുന്ന ശശികല ടീച്ചർ ശബരിമലയിലെ ആചാര അനുഷ്ഠാന സംരക്ഷണ സമര രംഗത്ത് മുന്നണി പോരാളി ആയിരുന്നു.
മന്ത്ര ഗ്ലോബൽ കൺവെൻഷനുള്ള തയാറെടുപ്പുകൾ ഹ്യുസ്റ്റണിൽ അതിവേഗം പുരോഗമിക്കുകയാണ്. വിവിധ കമ്മിറ്റികളിലായി പ്രായഭേദമെന്യേ ഇരുനൂറോളം സന്നദ്ധ പ്രവർത്തകർ പ്രവർത്തിക്കുന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരുടെ സംഗമം കൂടിയാവും മന്ത്രയുടെ പ്രഥമ കൺവെൻഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: