ന്യൂദല്‍ഹി: രാജ്യത്തെ പുതിയ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന് (ഐടിയു) ഏരിയ ഓഫീസും നൂതനാശയ കേന്ദ്രവും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (2023 മാര്‍ച്ച് 22ന്) ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30നു വിജ്ഞാന് ഭവനിലാണു പരിപാടി. ചടങ്ങില്‍ ഭാരത് 6ജി കാഴ്ചപ്പാടുരേഖ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുകയും 6ജി ഗവേഷണവികസന പരീക്ഷണസംവിധാനത്തിനു തുടക്കംകുറിക്കുകയും ചെയ്യും. ‘കോള്‍ ബിഫോര്‍ യൂ ഡിഗ്’ ആപ്ലിക്കേഷനും അദ്ദേഹം പുറത്തിറക്കും. ചടങ്ങില്‍ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യും.
വിവര വിനിമയ സാങ്കേതികവിദ്യകള്‍ക്കായുള്ള (ഐസിടി) ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജന്‍സിയാണ് ഐടിയു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിയുവിനു ഫീല്‍ഡ് ഓഫീസുകള്‍, റീജണല്‍ ഓഫീസുകള്‍, ഏരിയ ഓഫീസുകള്‍ എന്നിവയുടെ ശൃംഖലയുണ്ട്. ഏരിയ ഓഫീസ് സ്ഥാപിക്കുന്നതിനായി ഐടിയുവുമായി 2022 മാര്‍ച്ചിലാണ് ഇന്ത്യ ആതിഥേയരാജ്യ കരാര്‍ ഒപ്പിട്ടത്. ഇന്ത്യയിലെ ഏരിയ ഓഫീസ്, ഐടിയുവിന്റെ മറ്റ് ഏരിയാ ഓഫീസുകളില്‍നിന്നു വേറിട്ടതാക്കി മാറ്റാന്‍ നൂതനാശയകേന്ദ്രം ഉള്‍പ്പെടുത്താനും വിഭാവനം ചെയ്തിട്ടുണ്ട്. ഇന്ത്യ പൂര്‍ണമായും ധനസഹായം നല്കുന്ന ഏരിയ ഓഫീസ്, ന്യൂഡല്‍ഹി മെഹ്റൗളിയിലെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സിഡോട്ട്) കെട്ടിടത്തിന്റെ രണ്ടാം നിലയിലാണു സ്ഥിതിചെയ്യുന്നത്. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്, ഇറാന് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കാനും മേഖലയില്‍ പരസ്പരപ്രയോജനകരമായ സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനും ഇതു സഹായിക്കും.
വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍, ഗവേഷണ വികസന സ്ഥാപനങ്ങള്‍, അക്കാദമികള്‍, മാനദണ്ഡസമിതികള്‍, ടെലികോം സേവനദാതാക്കള്‍, വ്യവസായം എന്നിവയില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി 2021 നവംബറില്‍ രൂപീകരിച്ച 6ജി സാങ്കേതികവിദ്യാ നവീകരണ സമിതി(ടിഐജി6ജി)യാണ്, ഇന്ത്യയില്‍ 6ജിക്കായി രൂപരേഖയും പ്രവര്‍ത്തന പദ്ധതികളുമൊരുക്കാന്‍ ലക്ഷ്യമിട്ട്, ഭാരത് 6ജി കാഴ്ചപ്പാടുരേഖ തയ്യാറാക്കിയത്. അക്കാദമിക സ്ഥാപനങ്ങള്‍, വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍, വ്യവസായം മുതലായവയ്ക്കു വികസിച്ചുവരുന്ന ഐസിടി സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാനും സാധൂകരിക്കാനും 6ജി പരീക്ഷണസംവിധാനം വേദിയൊരുക്കും. ഭാരത് 6ജി കാഴ്ചപ്പാടുരേഖയും 6ജി പരീക്ഷണസംവിധാനവും രാജ്യത്തു നവീകരണത്തിനും ശേഷിവര്‍ധനയ്ക്കും സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കുന്നതിനുമുള്ള അന്തരീക്ഷം പ്രാപ്തമാക്കും.
പിഎം ഗതിശക്തിക്കു കീഴിലുള്ള അടിസ്ഥാനസൗകര്യ സമ്പര്‍ക്കസംവിധാന പദ്ധതികളുടെ സംയോജിത ആസൂത്രണവും ഏകോപിതനിര്‍വഹണവും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഉദാഹരണമാണ് ‘കോള്‍ ബിഫോര്‍ യൂ ഡിഗ്’ (സിബിയുഡി) ആപ്ലിക്കേഷന്‍. ഏകോപനമില്ലാത്ത കുഴിക്കലും ഖനനവും കാരണം, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ പോലുള്ള അടിസ്ഥാന ആസ്തികള്‍ക്കു കേടുപാടുകള്‍ സംഭവിച്ച്, രാജ്യത്തിനു പ്രതിവര്‍ഷം 3000 കോടിരൂപയുടെ നഷ്ടമുണ്ടാക്കുന്നതു തടയാന്‍ വിഭാവനം ചെയ്ത ഉപകരണമാണിത്. മൊബൈല്‍ ആപ്ലിക്കേഷനായ സിബിയുഡി ഖനനം ചെയ്യുന്നവരെയും ആസ്തി ഉടമകളെയും എസ്എംഎസ്/ഇമെയില്‍ അറിയിപ്പുവഴി ബന്ധിപ്പിക്കുകയും കോള്‍ ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്യും. അതുവഴി ഭൂഗര്‍ഭ ആസ്തികളുടെ സുരക്ഷ ഉറപ്പാക്കി രാജ്യത്ത് ആസൂത്രിത ഖനനങ്ങള്‍ നടത്താനാകും.
രാജ്യഭരണത്തില്‍ ‘ഗവണ്മെന്റിന്റെ സര്‍വതോമുഖസമീപന’ത്തെ സൂചിപ്പിക്കുന്ന സിബിയുഡി, വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിലൂടെ എല്ലാ പങ്കാളികള്‍ക്കും പ്രയോജനപ്രദമാകും. റോഡ്, ടെലികോം, വെള്ളം, പാചകവാതകം, വൈദ്യുതി തുടങ്ങിയ അവശ്യസേവനങ്ങളിലെ തടസം കുറയുന്നതിനാല്‍, വ്യാവസായിക നഷ്ടവും പൗരന്മാര്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കാനും ഇതു സഹായിക്കും.
ഐടിയുവിന്റെ വിവിധ ഏരിയ ഓഫീസുകളിലെ ഐടി/ടെലികോം മന്ത്രിമാര്‍, സെക്രട്ടറി ജനറല്‍, ഐടിയുവിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഐക്യരാഷ്ട്രസഭയുടെയും ഇന്ത്യയിലെ മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും മേധാവികള്‍, അംബാസഡര്‍മാര്‍, വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് എംഎസ്എംഇ മേധാവികള്‍, അക്കാദമിക വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: