തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും നടുരോഡില്‍ യുവതിക്കു നേരേ ലൈംഗിക അതിക്രമം. പേട്ട പൊലീസ് സ്റ്റേഷന് മൂക്കിന്തുമ്പില് ആണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന ഉടന്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്ത് അന്വേഷിക്കാന്‍ തയാറായത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം. അക്രമിക്കപ്പെട്ട സ്ത്രീ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കിയ ശേഷമാണ് പോലീസ് കേസെടുത്തത്. പാറ്റൂര്‍ മൂലവിളാകം സ്വദേശിയായ 49കാരിയാണ് പേട്ട പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ 13ന് രാത്രി 11ന് വീടിന് 50 മീറ്റര്‍ അകലെ വച്ചായിരുന്നു അജ്ഞാതന്റെ ആക്രമണം. പീഡനശ്രമം ചെറുത്തതോടെ പ്രതി അവരെ മാരകമായി ദേഹോപദ്രവം ഏല്‍പ്പിച്ച് കടന്നുകളയുകയായിരുന്നു. പൊലീസില്‍ അറിയിച്ചപ്പോള്‍ സ്റ്റേഷനിലെത്തി പരാതി കൊടുക്കാനായിരുന്നു മറുപടി. 13 വര്‍ഷമായി തനിച്ച് താമസിക്കുകയാണ് 49കാരി.
മകള്‍ ജോലി സംബന്ധമായി വര്‍ഷങ്ങളായി ദല്‍ഹിയിലാണ്. സംഭവത്തെ പറ്റി യുവതി പറയുന്നത് ഇങ്ങനെ- ‘കടുത്ത തലവേദനയെ തുടര്‍ന്നാണ് രാത്രി 11ഓടെ മരുന്നു വാങ്ങാനിറങ്ങിയത്. പണമെടുക്കാന്‍ മറന്നതോടെ തിരികെ വീട്ടിലേക്ക് വരുമ്പോള്‍ ആരോ പിന്തുടരുന്നതായി തോന്നി. സ്കൂട്ടറിന് വേഗത കൂട്ടിയെങ്കിലും വീടിന് 50 മീറ്റര്‍ അകലെ വച്ച് ഹോണ്ട ആക്ടീവയിലെത്തിയ 35 വയസ് പ്രായം തോന്നിക്കുന്നൊരാള്‍ സ്കൂട്ടര്‍ തടഞ്ഞുനിറുത്തി കയറിപ്പിടിക്കാന്‍ ശ്രമിച്ചു. ബഹളംവച്ചപ്പോള്‍ തലപിടിച്ചു രണ്ടുതവണ ചുവരിലിടിച്ച് പരിക്കേല്‍പ്പിക്കുകയും മുഖത്തും കണ്ണിലും കഴുത്തിലുമൊക്കെ മാന്തി മുറിവേല്‍പ്പിക്കുകയും ചെയ്തു.
‘നിന്നെ തൊട്ടാ നീ എന്തു ചെയ്യുമെടീ’ എന്ന് ചോദിച്ചായിരുന്നു അക്രമം. കൈയില്‍ കിട്ടിയ കരിങ്കല്ല് കൊണ്ട് കൊണ്ട് തിരികെ തല്ലിയപ്പോള്‍ അയാള്‍ സ്കൂട്ടറില്‍ കയറി രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ സെക്യൂരിറ്റി നിലവിളി ശബ്ദം കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല. വല്ലവിധേനയും വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. ഉടന്‍ പേട്ട സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും ഒരു സഹായവും കിട്ടിയില്ല. മകള്‍ തന്നെ അമ്മയെ ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് ഇടി കൊണ്ടതിനാല്‍ കണ്ണൊക്കെ കലങ്ങിപ്പോയിരുന്നു. ഇതിനിടെ അര്‍ദ്ധരാത്രി 12ഓടെ പേട്ട സ്റ്റേഷനില്‍ നിന്നു വിളിച്ചിട്ട് മകളോട് സ്റ്റേഷനില്‍ ചെന്ന് പരാതി കൊടുക്കാന്‍ പറഞ്ഞു. മറ്റാരും സഹായത്തിനില്ലെന്നും അമ്മയെ തനിച്ചാക്കി വരാനാവില്ലെന്നും മകള്‍ അറിയിച്ചു. പിന്നെ ഒരന്വേഷണവുമുണ്ടായില്ല. പരിക്കുകള്‍ കുറച്ച് ഭേദമായ ശേഷം വ്യാഴാഴ്ചയോടെ കമ്മിഷണര്‍ക്ക് നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. അതിനു ശേഷമാണ് പേട്ട പൊലീസ് സി.സി.ടിവി പരിശോധിക്കാന്‍ പോലും തയാറായത്. കേരളത്തില്‍ ഇനിയും തുടരാനാകില്ല, മരിച്ചാലേ ഇവര്‍ നടപടിയെടുക്കൂ, മകള്‍ക്കൊപ്പം ദല്‍ഹിക്ക് പോകാനാണ് യുവതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: