ന്യൂദല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കെട്ടിടത്തില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ അതിക്രമിച്ചു കയറി ഇന്ത്യന്‍ പതാകയെ അവഹേളിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. ദല്‍ഹിയിലെ ബ്രിട്ടന്റെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷന് കെട്ടിടത്തിലെ ദേശീയപതാക താഴ്ത്താനുള്ള ശ്രമം നടത്തിന് പിന്നാലെയാണിത്. വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ലണ്ടനില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ അഴിഞ്ഞാട്ടം.
ഇന്ത്യന്‍ ഹൈക്കമ്മീഷന് കെട്ടിടത്തിന് മതിയായ സുരക്ഷ നല്കാത്തത്തില് വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധം തുടങ്ങിയത്. അക്രമികള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസ് കെട്ടിടത്തില്‍ കടന്നുകയറി ദേശീയപതാക താഴ്ത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, അക്രമികളെ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. അക്രമികള്‍ക്ക് കെട്ടിടത്തില്‍ കടന്നുകയറാന്‍ കഴിഞ്ഞത്
എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വിയന്ന കണ്വെന്ഷന് പ്രകാരം സുരക്ഷ ഒരുക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം യു.കെ സര്‍ക്കാരിനാണുള്ളത്. ഇന്ത്യന്‍ ഹൈക്കമ്മീഷന് കെട്ടിടത്തിനും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ നടപടി അങ്ങേയറ്റം അപലപനീയമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: