കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് എംഎസ്എഫ് കെഎസ്യുവുമായുള്ള സഖ്യം വിട്ടു. വോട്ട് സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സഖ്യം വിട്ടത്. ഇതിന്റെ ഭാഗമായി യുഡിഎസ്എഫിന്റെ കണ്‍വീനര്‍ സ്ഥാനം എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. നവാസ് രാജിവെച്ചു.
കഴിഞ്ഞ ബുധനാഴ്ച കാലിക്കറ്റ് സര്‍വ്വകലാശാല ജില്ലാ എക്സിക്യൂട്ടീവിലേക്ക് അടക്കം നടന്ന ഒമ്പത് സീറ്റുകളില്‍ എസ്എഫ്ഐക്കായിരുന്നു വിജയം. എന്നാല്‍ സഖ്യം പൂര്‍ണ്ണ പരാജയം ആണെന്നതുള്‍പ്പടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നവാസ് രാജിവെച്ചത്.
തൃശൂര്‍ ജില്ലയില്‍ മുന്നണിയില്‍ തന്നെ വോട്ട് ചോര്‍ച്ചയുണ്ടായി. കോഴിക്കോട് ജില്ലയിലെ കെഎസ്യു വോട്ടുകള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല. അതിനാല്‍ മുന്നണി ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുകയാണെന്നും നവാസിന്റെ കത്തില്‍ പറയുന്നുണ്ട്. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും ചെയര്മാന് കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് നവാസ് രാജിക്കത്ത് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: