കൊച്ചി: ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാനും കേരളത്തിലെ ഇതര മതസ്ഥരായ വ്യക്തികളെ ഇല്ലാതാക്കാനും പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രം വിശദമാക്കുന്നു. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎയുടെ ഈ കുറ്റപ്പെടുത്തല്‍. കേരളത്തിലെ 59 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഷ്റഫ് മൗലവിയാണ് ഒന്നാം പ്രതി. ഇസ്ലാമിക രാഷ്‌ട്ര സൃഷ്ടിയ്‌ക്കായി ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
നേതൃത്വത്തിന്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി മുൻകൂട്ടി തിരഞ്ഞെടുത്ത വ്യക്തികളെ ഇല്ലാതാക്കാൻ ‘ആയുധ പരിശീലന വിംഗിനെ ഉപയോഗിച്ച് ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. റിപ്പോർട്ടേഴ്സ് വിംഗ്, ഫിസിക്കൽ ആൻഡ് ആംസ് ട്രെയിനിംഗ് വിംഗ്, സർവീസ് വിംഗ് തുടങ്ങിയ വിഭാഗങ്ങൾ രൂപീകരിച്ച് പ്രവര്‍ത്തനം പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 120B, 153A & 120B r/w 302 എന്നിവയും യുഎപിഎ 13, 16, 18, 18A, 18B & 20 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പിഎഫ്‌ഐയ്‌ക്കെതിരായ ഏത് ആക്രമണത്തിനും തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനും കേഡറിനെ സജ്ജമാക്കാൻ ഭാരവാഹികൾ ഗൂഢാലോചന നടത്തി. പാലക്കാട് ശ്രീനിവാസന്‍ കേസ് പ്രതികളെ കൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. നിരോധിത സംഘടനയായ ഐഎസിനെ പിഎഫ്ഐ നേതാക്കൾ പിന്തുണച്ചു. പിഎഫ്ഐക്ക് ദാറുല്‍ ഖദ എന്ന പേരില്‍ സ്വന്തം കോടതിയുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഈ കോടതി വിധികള്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയെന്നും എൻഐഎ പറയുന്നു.
2022 സെപ്തംബറിലാണ് ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. മുസ്ലീം യുവാക്കളെ ആയുധപരിശീലനത്തിലൂടെ ഇന്ത്യയിലെ വിവിധ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പിഎഫ്ഐ നേതാക്കൾ പ്രവർത്തിച്ചിരുന്നു. 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം.
കരമന അഷ്‌റഫ് മൗലവി, അബ്ദുൾ സത്താർ, സാദിഖ് അഹമ്മദ്, ഷിഹാസ് എം എച്ച്, ഇ പി അൻസാരി, മുജീബ് എം, നജുമുദീൻ, സൈനുദ്ദീൻ ടി എസ്, പി കെ ഉസ്മാൻ, യഹിയ കോയ തങ്ങൾ, അബ്ദുൾ റഊഫ്, മുഹമ്മദലി (കുഞ്ഞാപ്പു), സുലൈമാൻ സി ടി, മുഹമ്മദ് മുബാറക്, മുഹമ്മദ് സാദിഖ് എ, അബ്ദു റഹ്മാൻ എച്ച്, ഉമ്മർ ടി, അബ്ദുൾ ഖാദർ (ഇഖ്ബാൽ), ഫിറോസ് (തമ്പി), മുഹമ്മദ് ബിലാൽ, അൻസാർ കെ പി, റിയാസുദ്ദീൻ, ജംഷീർ എച്ച്, കാജ ഹുസൈൻ എ (റോബോട്ട് കാജ), അബ്ദുൾ ബാസിത്ത് അലി, റിഷിൽ, ജിഷാദ്, അഷ്‌റഫ് (അഷ്‌റഫ് മൗലവി), മുഹമ്മദ് ഷെഫീഖ് കെ, അഷ്‌റഫ് കെ, നാസർ (ലാദൻ നാസർ), ഹനീഫ, കാജാഹുസൈൻ, മുഹമ്മദ് ഹക്കീം. കെ, അബ്ദുൾ നാസർ (നിസാർ), മുഹമ്മദ് ഷാജിദ്, അലി കെ (രാഗം അലി), സഹദ് എം, ഫയാസ്, സദ്ദാം ഹുസൈൻ എം കെ, മുഹമ്മദ് റിസ്വാൻ, അഷ്ഫാക്ക് (ഉണ്ണി), അഷ്റഫ്, അക്ബർ അലി, നിഷാദ്, അബ്ബാസ്, നൗഷാദ്. ടി, ബഷീർ ടി ഇ, ഷാഹുൽ ഹമീദ്, സിറാജുദ്ധീൻ, അബൂബക്കർ സിദിഖ് പി കെ (സിദിഖ് തോട്ടിങ്കര), അബ്ദുൽ കബീർ, മുഹമ്മദലി കെ പി, അമീർ അലി, റഷീദ് കെ ടി (കുഞ്ഞുട്ടി), സൈദാലി (മുത്തു), നൗഷാദ്. എം, ജലീൽ.പി എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 59 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: