ടി. പ്രവീണ്‍
മലപ്പുറം: രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സ്ഥാനമേറ്റ ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനത്തില്‍ നാവിക സേന സമ്മാനമായി നല്കിയ ദ്രോണാചാര്യ ശില്പം നിര്‍മിച്ചു നല്‍കിയത് പ്രീതി പ്രകാശ് പറക്കാട്ട്. ആയോധന കലയുടെ കുലപതി മഹര്‍ഷി ദ്രോണാചാര്യരുടെ തങ്കത്തില്‍ തീര്‍ത്ത പ്രതിമയാണ് നിര്‍മിച്ചത്. കാലങ്ങളായി പ്രീതി ശില്പ നിര്‍മാണ മേഖലകളില്‍ ജോലി ചെയ്തുവരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, നടന് മോഹന്‍ലാല്‍ എന്നിവര്‍ക്ക് മരപ്രഭുവിന്റെ ശില്പം മുന്‍പ് പ്രീതി രൂപകല്‍പ്പന ചെയ്ത് തങ്കത്തില്‍ തീര്‍ത്ത് നല്‍കിയിരുന്നു. കൊച്ചിയില്‍ ഐഎന്‍എസ് ദ്രോണാചാര്യക്ക് പ്രസിഡന്‍സ് കളര്‍ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ അഡ്മിറല്‍ ആര്. ഹരികുമാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ശില്പം സമര്‍പ്പിച്ചു.
ഇരുപത്തിനാല് കാരറ്റ് തങ്കത്തില്‍ പൊതിഞ്ഞ ദ്രോണാചാര്യ വിഗ്രഹത്തിന് ഏകദേശം രണ്ടര അടി നീളവും പത്ത് കിലോഗ്രാം ഭാരവുമുണ്ട്. ശില്പത്തിന്റെ ചെറുപതിപ്പുകള്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, നേവിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ തുടങ്ങി വിശിഷ്ട വ്യക്തികള്‍ക്കും സമ്മാനിക്കുമെന്നും രാഷ്ട്രപതിക്ക് ശില്പം നിര്‍മിച്ച് നല്കാന് സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നുവെന്നും പ്രീതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: