തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം സംപ്രേഷണം ചെയ്യാത്തതിനെ തുടര്‍ന്ന് സഭാ ടിവി ഉന്നതാധികാര സമിതിയില്‍ നിന്നും പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെക്കുന്നു. ആബിദ് ഹുസ്സൈന്‍ തങ്ങള്‍, റോജി എം ജോണ്‍, എം വിന്‍സെന്റ്, മോന്‍സ് ജോസഫ് എന്നിവരാണ് രാജി വെയ്ക്കുന്നത്.
സഭ ടിവി നിയസഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ അടുത്തിടെയായി നല്‍കുന്നില്ല. കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിനു മുന്നിലെ പ്രതിഷേധം ഉള്‍പ്പടെ സഭാ ടിവി പുറത്തുവിട്ടില്ല. സ്പീക്കറും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷം ഇക്കാര്യം അറിയിച്ചിരുന്നു. ഇതില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാര്‍ സഭാ ടിവി പ്രത്യേക പ്രതിനിധി സംഘത്തില്‍ നിന്നും രാജിവെക്കുന്നത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ എംഎല്‍എമാര്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ സംപ്രേക്ഷണം ചെയ്യാത്ത സഭാ ടിവിയുടെ നടപടികളില്‍ പ്രതിപക്ഷം ഇതിനുമുമ്പും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. സഭാ ടിവി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയെന്ന് വി.ഡി സതീശന് കുറ്റപ്പെടുത്തി. സഭാ ടിവി ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അവരുമായി സഹകരിക്കണമോയെന്നതില്‍ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരുമെന്നും പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: