തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സഭാ ടിവിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. സഭാ ടിവി ഉന്നതാധികാര സമിതിയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാർ രാജിവെക്കും. നാല് പ്രതിപക്ഷ എംഎൽഎമാർ ആണ് രാജിവെക്കുന്നത്. ആബിദ് ഹുസ്സൈൻ തങ്ങൾ, റോജി എം ജോൺ, എം വിൻസെന്റ്, മോൻസ് ജോസഫ് എന്നിവരാണ് രാജി വയ്ക്കുന്നത്.
സഭാ ടിവി പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും മറച്ചു വയ്ക്കുന്നു. ഏകപക്ഷീയമായി ഭരണകക്ഷിക്ക് വേണ്ടി മാത്രമാണ് സഭാ ടിവി പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പോലും മന്ത്രിമാരുടെ മുഖമാണ് സഭാ ടിവി കാണിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിരന്തരമായി ഹനിക്കപ്പെടുന്നുവെന്നും സതീശന് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ സംപ്രേക്ഷണം ചെയ്യാത്ത സഭാ ടിവിയുടെ നടപടിക്കെതിരെ നേരത്തെ പ്രതിപക്ഷം നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. കുറച്ചു നാളുകളായി സഭയിലെ പ്രതിപക്ഷ പ്രതിഷേധമോ പ്രതിപക്ഷ നേതാവിന് ഉൾപ്പെടെ എം എൽ എമാരുടെ പ്രതിഷേധമോ സഭാ ടിവി കാണിക്കാറില്ല.
ഇക്കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫിസിനു മുന്നിൽ പ്രതിപക്ഷ സമരം നടക്കുമ്പോഴും ആ ദൃശ്യങ്ങൾ സഭാ ടിവി കാണിച്ചിരുന്നില്ല. തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. ഇതിനെതിരെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ രംഗത്തെത്തി. മൊബൈല്‍ റെക്കോഡിംഗ് സഭയില്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്. എന്നാല്‍ അത്തരം നടപടികളിലേക്ക് താന്‍ പോയിട്ടില്ലെന്നും സ്പീക്കര്‍ പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: