കഴിഞ്ഞ മാസം ലഖ്നൗവില്‍ നടന്ന ഉത്തര്‍പ്രദേശ് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റ്(യുപിജിഎസ്2023) വഴി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യുപിയിലേക്ക് കൊണ്ടുവന്ന നിക്ഷേപം 33.50 ലക്ഷം കോടി രൂപയുടേതാണ്. 19,058 പുതിയ എംഒയുകള്‍ ഒപ്പുവെച്ച നിക്ഷേപക സംഗമത്തിലൂടെ ആ സംസ്ഥാനത്തേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങളുടെ എണ്ണം 95 ലക്ഷമാണ്. ഇത്രവലിയ നിക്ഷേപക സംഗമം വിജയകരമായി നടത്തിയ യുപി സര്‍ക്കാര്‍ പിന്നീടെന്താണ് ചെയ്തത്? സര്‍ക്കാരുകളുടെ ഭരണ മികവ് പ്രകടമാക്കേണ്ടത് തുടര്‍നടപടികളിലും പ്രവര്‍ത്തനങ്ങളിലുമാണ്. യുപിജിഎസിന് പിന്നാലെ യോഗി ആദിത്യനാഥ് സ്വീകരിച്ച നടപടികളാണ് ഏറെ ശ്രദ്ധേയമാവുന്നതും നാം കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ടതും. തട്ടിക്കൂട്ടു സംരംഭങ്ങളുടെ പട്ടിക പുറത്തിറങ്ങി ലോകത്തിലെ ഏറ്റവും വലിയ സംരംഭക സൗഹൃദ സംസ്ഥാനം തങ്ങളാണെന്ന് നുണ പ്രചരിപ്പിക്കുന്ന കേരളത്തിലെ ഇടതു സര്‍ക്കാരിന് മാതൃകയാക്കാവുന്നതാണ് യുപിയിലെ വലിയ മാറ്റങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നടത്തേണ്ട തുടര്‍ പ്രവര്‍ത്തനങ്ങളുടെയും വിലയിരുത്തലുകളുടേയും ഏകോപനത്തിന്റെയും അഭാവത്തില്‍ കേരളത്തിന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാത്രം നഷ്ടമായത്.
നിക്ഷേപക സംഗമത്തിന് പിന്നാലെ യുപി സര്‍ക്കാരിന് കീഴിലെ 28 വകുപ്പുകള്‍ക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശങ്ങള്‍ എത്തി. എംഒയു ഒപ്പുവെച്ച കമ്പനികള്‍ക്ക് ആറുമാസത്തിനകം ഭൂമി അനുവദിച്ച് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കണമെന്നതാണ് യോഗി ആദിത്യനാഥ് നല്കിയ കര്‍ശന നിര്‍ദ്ദേശം. ഇതനുസരിച്ചുള്ള അതിവേഗ നടപടികള്‍ വിവിധ വകുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.
ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് അതോറിറ്റിയുമായി വിവിധ കമ്പനികള്‍ ഒപ്പുവെച്ചിരിക്കുന്ന ധാരണാപത്രം 1.60 ലക്ഷം കോടിരൂപയുടേതാണ്. ഏറ്റവും അധികം നിക്ഷേപം എത്തുന്നതും ഇവരുടെ കീഴിലാണ്. ധാരണാപത്രം ഒപ്പുവെച്ച കമ്പനികള്‍ക്കായി പ്രത്യേക ശ്രദ്ധ നല്‍കാനും ഇവര്‍ക്ക് പദ്ധതികള്‍ ആരംഭിക്കാനായി വേഗത്തില്‍ തന്നെ ഭൂമികള്‍ കൈമാറാനും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ഭൂമി നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കി ഭൂമി വിതരണം ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കണം. ധാരണാപത്രം ഒപ്പുവെച്ച കമ്പനികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തി വേണ്ട സര്‍ക്കാര്‍ നടപടികള്‍ ചെയ്തു നല്‍കും. ഊര്‍ജ്ജം, വിവര സാങ്കേതിക വിദ്യ, ഇലക്ട്രോണിക്സ്, നഗര വികസന വകുപ്പുകള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ വീതം പദ്ധതികളാണ് ലഭിച്ചിരിക്കുന്നത്. ഇവയും ആറുമാസത്തിനകം ആരംഭിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
ദല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന യുപിയുടെ പ്രദേശങ്ങളുടെ വികസനചുമതലയുള്ള ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് അതോറിറ്റിക്ക് 40,000 കോടി രൂപയുടെ പദ്ധതികളാണ് ലഭിച്ചിരിക്കുന്നത്. യമുനാ എക്സ്പ്രസ് വേ വ്യാവസായിക വികസന അതോറിറ്റിക്ക് 35,000 കോടി രൂപയുടേയും ന്യൂ ഓഖ്ല വ്യാവസായിക വികസന അതോറിറ്റിക്ക് 60,000 കോടി രൂപയുടേയും പദ്ധതികള്‍ ലഭിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന് ലഭിച്ച പദ്ധതികള്‍ പോലും ആയിരം കോടി രൂപയുടേതാണ്. സാങ്കേതിക വിദ്യാ വകുപ്പിന് മൂവായിരം കോടി രൂപയുടേയും ടൂറിസം വകുപ്പിന് 30,000 കോടി രൂപയുടേയും പുതിയ പദ്ധതികള്‍ ലഭിച്ചിട്ടുണ്ട്. ഈ വകുപ്പുകളെല്ലാം പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ കമ്പനികളുമായുള്ള ഏകോപന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്.
ആയിരത്തിലധികം വിദേശ പ്രതിനിധികളും കാല്‍ലക്ഷത്തോളം ഇന്ത്യന്‍ പ്രതിനിധികളും പങ്കെടുത്ത ലഖ്നൗവിലെ നിക്ഷേപക സംഗമം യുപിയുടെ ചരിത്രത്തിലെ വലിയ മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. നെതര്‍ലാന്റ്, ഡെന്മാര്ക്ക്, സിംഗപ്പൂര്‍, ജപ്പാന്, സൗത്ത് കൊറിയ, ആസ്ത്രേലിയ, യുകെ, യുഎഇ, ഇറ്റലി, മൗറീഷ്യസ് തുടങ്ങിയ ലോക രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപത്തിനൊപ്പം ഇന്ത്യയിലെ വമ്പന്‍ കമ്പനികളും യുപിയില്‍ നിക്ഷേപം പ്രഖ്യാപിക്കുകയും അതുമായി മുന്നോട്ടു പോവുകയുമാണ്. റിലയന്‍സ് മാത്രം 75,000 കോടി രൂപയുടെ പദ്ധതികളാണ് യുപിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
യുപിയുടെ എല്ലാ ജില്ലകളിലും മേഖലകളിലും വികസനം എത്തുന്ന തരത്തിലുള്ള ധാരണപത്രങ്ങളാണ് യുപി സര്‍ക്കാര്‍ വിവിധ കമ്പനികളുമായി ഉണ്ടാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. 14.81 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പശ്ചിമാഞ്ചലിലേക്കെത്തുമ്പോള് വാരാണസി അടങ്ങുന്ന പൂര്വ്വാഞ്ചലിലേക്ക് 9.54 ലക്ഷം കോടി രൂപയുടെ പദ്ധതികളൊഴുകും. മധ്യാഞ്ചലിലും ബുന്ദേല്‍ഖണ്ഡ് മേഖലയിലുമായി 26 ശതമാനം നിക്ഷേപങ്ങള്‍ വരും.
പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിവേശ് മിത്ര എന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉദ്യമി മിത്ര യോജന എന്ന സംവധാനത്തിലൂടെ നിക്ഷേപകരുമായുള്ള ഏകോപന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കപ്പെടുന്നു. നൂറു ഇന്‍ക്യുബേറ്ററുകളും 33 സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് സെന്ററുകളും യുവാക്കളില്‍ സ്റ്റാര്‍ട്ടപ്പ് സംസ്ക്കാരവും തൊഴില്‍ വൈദഗ്ധ്യവും വളര്‍ത്തിയെടുക്കാനായി യുപി സര്‍ക്കാര്‍ ആരംഭിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രവര്‍ത്തനം. യുപിയിലെ 75 ജില്ലകളിലെ പരമ്പരാഗത വ്യവസായങ്ങള്‍ക്ക് നിക്ഷേപകരുടെ ശ്രദ്ധ ലഭിക്കാനുള്ള ഏകോപന പ്രവര്‍ത്തനങ്ങള്‍ യുപി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.
ക്രമസമാധാന പ്രശ്നങ്ങളും അഴിമതിയും സുതാര്യതയില്ലായ്മയും മൂലം 2017ന് മുമ്പ് യുപിയില്‍ നിക്ഷേപം നടത്തുകയെന്നത് അസാധ്യമായ കാര്യമായിരുന്നുവെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. നിക്ഷേപകര്‍ക്ക് അവരുടെ മൂലധനവും സുരക്ഷിതതത്വവും സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെ സംസ്ഥാനത്തേക്ക് വികസന പദ്ധതികള്‍ ഒഴുകുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയിലെ വിവിധ നഗരങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളും ആരംഭിക്കാനായി യുപിയില്‍ 4,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന കേരളത്തിലെ ലുലു ഗ്രൂപ്പ് നല്കുന്ന സന്ദേശവും, യോഗി ആദിത്യനാഥിനേയും യുപിയിലെ ബിജെപി സര്‍ക്കാരിനേയും വിശ്വസിക്കാം എന്നു തന്നെയാണ്.
ലഖ്നൗവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ആരംഭിച്ച് വിജയകരമായി മുന്നേറുന്ന ലുലു ഗ്രൂപ്പ്, നോയിഡ, വാരാണസി, ഗോരഖ്പൂര്‍, അയോധ്യ, കാണ്‍പൂര്‍, പ്രയാഗ് രാജ് എന്നിവിടങ്ങളിലും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നോയിഡയില്‍ പഞ്ചനക്ഷത്ര ഹോട്ടലും ലുലുഗ്രൂപ്പ് നിര്‍മ്മിക്കും. 20,000 പേര്‍ക്കാണ് യുപിയില്‍ ലുലുഗ്രൂപ്പ് തൊഴില്‍ നല്കാന് പോകുന്നത്. യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവും ആരോഗ്യമേഖലയിലെ വമ്പന്‍ കമ്പനിയായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ഉടമയുമായ ഡോ. ഷംസീര്‍ വയലിലും യുപിയില്‍ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥ എന്ന വലിയ നേട്ടത്തിലേക്കുള്ള ഉത്തര്‍പ്രദേശിന്റെ പ്രയാണം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ മാതൃകയാക്കണം.
കേരളാ മോഡല്‍: കേവലം 215 രൂപയുടെ വൈദ്യുതി ബില്ല് കുടിശികയുടെ പേരില്‍ കൊല്ലത്ത് വിദ്യാര്‍ത്ഥി സംരംഭകന്റെ ഐസ്ക്രീം കടയുടെ ഫ്യൂസ് ഊരിയെന്ന് വാര്‍ത്ത. മുന്‍കൂട്ടി അറിയിക്കാതെ കെഎസ്ഇബി നടത്തിയ ഈ ‘കൃത്യ നിര്‍വഹണം’ മൂലം സംരംഭകന് നഷ്ടം ഒന്നേകാല്‍ ലക്ഷം രൂപ. ശീതീകരണ സംവിധാനങ്ങള്‍ നിലച്ചതോടെ പുതിയ സ്റ്റോക്ക് വന്ന ഐസ്ക്രീമുകള്‍ മുഴുവന്‍ ഉരുകി ഒലിച്ചു കേടായി. സംരംഭക സൗഹൃദത്തില്‍ കേരളാ മോഡല്‍ രാജ്യത്ത് തന്നെ വേറിട്ട് നില്‍ക്കുന്നത് ഇങ്ങനെയാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: