കേരളത്തില്‍ ബിജെപിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. നരേന്ദ്രമോദി സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ കേരളത്തില്‍ നിന്നും അംഗങ്ങള്‍ ഉണ്ടാകണമെന്ന അമിത്ഷായുടെ ആഹ്വാനം തള്ളിക്കളയുമെന്ന് എം.വി. ഗോവിന്ദന്‍. ഇതില്‍ നിന്നും വ്യക്തമാകുന്നതെന്താണ്? ത്രിപുര മോഡല്‍ കേരളത്തിലുമെന്നല്ലെ, ത്രിപുരയിലെ സംഭവങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കുമെന്നോര്‍ക്കുക. കഴിഞ്ഞ തവണ ത്രിപുരയില്‍ സിപിഎം പ്രതിപക്ഷനേതാവുണ്ടായിരുന്നു. ഇക്കുറി അതും ഗോവിന്ദ ആയി. കേരളത്തിലും ഗോവിന്ദ ക്ഷണിച്ചുവരുത്തുകയാണോ?
അഞ്ചുവര്‍ഷം മുന്‍പ് ത്രിപുരയില്‍ ബിജെപിക്ക് എന്തുശക്തിയാണുണ്ടായിരുന്നത്? എത്ര ആളുകളാണ് നിയമസഭയില്‍ ഉണ്ടായിരുന്നത്? അന്ന് ബിജെപിയെ വിജയിപ്പിക്കണമെന്നുപറഞ്ഞപ്പോള്‍ വി.ഡി.സതീശനും എം.വി.ഗോവിന്ദനും പറഞ്ഞ ന്യായങ്ങളാണ് പറഞ്ഞിരുന്നത്. കാലുകുത്താന്‍ വിടില്ല. വെച്ചുപൊറുപ്പിക്കില്ല എന്ന്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കണ്ടല്ലോ. ജനമനസ്സാക്ഷിയെ വെല്ലുവിളിച്ചവര്‍ക്ക് കനത്ത പ്രഹരം നല്‍കി വാശിയോടെ ആവേശത്തോടെ ബിജെപിക്ക് വോട്ടുനല്‍കി. പോടാ പുല്ലേ എന്ന മട്ടില്‍. കേരളത്തിലും അതുതന്നെ ആവര്‍ത്തിക്കും.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെ അപ്പാടെ വിസ്മരിച്ച് എല്ലാം സ്വന്തമായി ചെയ്യുന്നതെന്ന അഹങ്കാരത്തോടെയാണ് കേരളം പെരുമാറുന്നത്. കേരളത്തിന്റെ വികസനത്തിനുവേണ്ടി കൈമെയ് മറന്ന് സഹായിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് കേന്ദ്ര അവഗണന എന്ന പുകമറ സൃഷ്ടിക്കുന്നത്. യുപിഎയുടെ 10 വര്‍ഷത്തെ ഭരണത്തില്‍ കേരളത്തില്‍ നിന്നും അഞ്ചു മന്ത്രിമാരുണ്ടായിരുന്നു. എന്നിട്ടും കേരളത്തിന്റെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. മൊത്തം 45900 കോടി രൂപമാത്രമാണ് 10 വര്‍ഷത്തെ കേന്ദ്രഫണ്ട് ലഭിച്ചത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെ ഏഴുവര്‍ഷം കൊണ്ട് തന്നെ രണ്ടുലക്ഷം കോടി രൂപ ലഭിച്ചു. സിപിഎമ്മും സിപിഐയും ഒത്തൊരുമിച്ച് താങ്ങുകയും പങ്കാളിത്ത ഭരണം നടത്തുകയും ചെയ്ത സര്‍ക്കാരിന്റെ അവഗണന ഉള്ളം കൈയിലെ നെല്ലിക്കപോലെ നില്‍ക്കുമ്പോഴാണ് നരേന്ദ്രമോദിക്ക് പഴി.
പാര്‍ട്ടി യാത്രയ്‌ക്ക് ആളെ കൂട്ടാന്‍ വാട്‌സാപ്പ് വഴി ഭീഷണിമുഴക്കുകയും തൊഴിലുറപ്പ് പണിക്ക് പോകുന്നതിനെ വിലക്കുകയും ഭീഷണിപ്പെടുത്തുകയും ആലപ്പുഴയില്‍ കൊയ്‌ത്തുപോലും നിര്‍ത്തിവയ്‌ക്കുകയും ചെയ്തു. തൊഴിലുറപ്പ് പണിനിര്‍ത്തി പാര്‍ട്ടിയാത്രക്കെത്തിയില്ലെങ്കില്‍ പണിതുടര്‍ന്ന് ലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയ എം.വി.ഗോവിന്ദന്‍ ഒന്നോര്‍ക്കണം, തൊഴിലുറപ്പ് പണിക്ക് പണം നല്‍കുന്നത് കേന്ദ്രമാണ്. തൊഴിലുറപ്പിന് കേന്ദ്രം ഇക്കുറി 2500 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്.
കേരളത്തെ സോമാലിയയോട് ഉപമിച്ചു എന്നാണ് ഗോവിന്ദന്റെ പരാതി. മഹാബലിയെപോലും ചവിട്ടിത്താഴ്‌ത്താന്‍ അമിത്ഷാ ആഹ്വാനം ചെയ്‌തെന്നും പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട 40000 കോടി തരാതിരിക്കുകയാണെന്നും ആക്ഷേപിക്കുന്നു. പിന്നെയും കുറ്റപത്രം നിരത്തുന്നു. കെ-റെയില്‍ അനുവദിക്കാത്തതാണ് മഹാഅപരാധം. എയിംസ് തന്നില്ലല്ലൊ എന്നും സങ്കടം. രണ്ട് എയിംസ് അനുവദിച്ചതാണ്. അതിന് സ്ഥലം ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടതുമാണ്. കുറ്റമറ്റ ഒരു സ്ഥലം പോലും നല്‍കാന്‍ തയ്യാറായില്ല. തെക്ക്-വടക്ക് വടംവലിയും ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ത്തി സമയം കളഞ്ഞതു മാത്രമാണ് മിച്ചം.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ ഗോവിന്ദന് സഹിക്കാന്‍ കഴിയുന്നില്ല. ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണിതെന്നാണ് സിപിഎം സെക്രട്ടറിയുടെ വാദം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അടിച്ചുതകര്‍ത്ത പൊതുസ്വത്തിന്റെ നഷ്ടം കണ്ടെത്തി ഈടാക്കാന്‍ ഹൈക്കോടതി പലതവണ നിര്‍ദ്ദേശിച്ചിട്ടും മുഖം തിരിച്ചുനിന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായില്ലെ.
എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് പട്ടികജാതി-വര്‍ഗവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല എന്നാണ് പരാതി. പട്ടികജാതി-വര്‍ഗ വികസനത്തിനായി കേന്ദ്രം അനുവദിച്ചതുക ചെലവാക്കാതെയും ഇടത്തട്ടുകാര്‍ക്ക് വാരിവിഴുങ്ങാന്‍ അവസരമൊരുക്കുകയും ചെയ്യുകയാണ് ഇടത്-വലതുമുന്നണികള്‍ ചെയ്തത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഏറെ അവസരവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് നടപ്പാക്കിയ സര്‍ക്കാരാണ് നരേന്ദ്രമോദിയുടേതെന്ന് കേരളം മനസ്സിലാക്കണം. വോട്ടുബാങ്ക് സൃഷ്ടിക്കാന്‍ ന്യൂനപക്ഷപ്രേമം പാടിനടക്കുന്ന രീതിയല്ല നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആരോടുമില്ല പ്രീണനം എല്ലാവര്‍ക്കും തുല്യനീതി എന്ന തത്വം മുറുകെ പിടിച്ച് മുന്നേറുന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്.
നരേന്ദ്രമോദിയുടെ പരിഗണനയില്‍ രണ്ടുമൂന്നുപേരു മാത്രമേയുള്ളൂ എന്നാണ് ഗോവിന്ദന്റെ പരാതി. ആദ്യ പരിഗണന അദാനി. രണ്ടാമത്തെ പരിഗണന അംബാനി. തീര്‍ന്നു. എന്നാല്‍, കേരളം പരിഗണിക്കുന്നത് 64000 പട്ടിണി പാവങ്ങളെയാണത്രെ. നുണപറയുന്നതിന് പ്രത്യേക പരിശീലനവും ഡ്രില്ല് മാഷിന് ലഭിച്ചിട്ടുണ്ടെന്നുവേണം അനുമാനിക്കാന്‍. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിച്ച നേരേന്ദ്രമോദി സര്‍ക്കാര്‍, നല്‍കിയ ആനുകൂല്യങ്ങളുടെയും സൗജന്യങ്ങളുടെയും കണക്കൊന്ന് നോക്കേണ്ടതല്ലെ. പത്തുകോടിയോളം പാവങ്ങള്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കി. പോസ്റ്റാഫീസിന് പ്രത്യേക അധികാരങ്ങളും അവകാശങ്ങളും സൗകര്യങ്ങളും നല്‍കി ജനസേവനത്തിന് അവസരമുണ്ടാക്കി. ബ്രഹ്മപുരത്ത് മാലിന്യമലയ്‌ക്ക് തീപിടിപ്പിച്ച് ജനങ്ങളെ പുകതീറ്റിച്ച കൊടുംകുറ്റവാളികളുടെ ജല്പനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ഇതെല്ലാം നേരിട്ട് കാണുന്ന ജനങ്ങള്‍ ഇടതു-വലതു വേതാളങ്ങളെ പാഠം പഠിപ്പിക്കുകതന്നെ ചെയ്യും.
ബ്രഹ്മപുരം കത്തി അമര്‍ന്നാലും തരക്കേടില്ല, അവിടെനിന്ന് ഉയരുന്ന കറുത്തവിഷപ്പുകയാല്‍ ജനലക്ഷങ്ങള്‍ വീര്‍പ്പുമുട്ടിയാലും തരക്കേടില്ല ഞാന്‍ മിണ്ടില്ല എന്ന നിലപാടല്ലെ മുഖ്യമന്ത്രി സ്വീകരിച്ചത്. തിരുവനന്തപുരത്ത് ഒരാസ്വാമിയുടെ ആശ്രമത്തില്‍ ഒരു കാറിന് തീ പിടിച്ചപ്പോള്‍ ഓടിയെത്തിയ മുഖ്യമന്ത്രിക്കും പരിവാരത്തിനും എന്തേ 13 ദിവസമായിട്ടും ബ്രഹ്മപുരത്തെക്കുറിച്ച് മിണ്ടാട്ടമില്ല. സ്വന്തം സഖാവിന്റെ മരുമകന്‍ കത്തിച്ച തീയല്ലെ, ഉയരുന്നത് കറുത്തപുകയല്ലല്ലൊ ചുവന്ന തീനാളമല്ലല്ലൊ എന്നതാണോ ചിന്ത. ഇതൊക്കെ ഒരു ഭരണാധികാരിക്കും ഭൂഷണമല്ല വിജയാ. അതല്ല, സംസ്ഥാനത്തെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന സ്ഥാനപ്പേര് നേടാനോ, എങ്കില്‍ നന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: