ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായി അറിയപ്പെടുന്ന എസ്.എസ്. രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രകൃതിയുടെ മടിത്തട്ടില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലെ ആത്മബന്ധത്തിന്റെ കഥപറയുന്ന ദ എലിഫന്റ് വിസ്പറേഴ്സ് എന്നിവയിലൂടെ ഒരിക്കല്‍ക്കൂടി ഓസ്കര് പുരസ്കാരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുകയാണല്ലോ. ആര്‍ആര്‍ആര്‍ ചിത്രത്തിലെ നാട്ടു നാട്ടു എന്ന പാട്ട് ചിട്ടപ്പെടുത്തിയ സംഗീത സംവിധായകന് എം.എം. കീരവാണിയും, യഥാക്രമം ദി എലിഫന്റ് വിസ്പറേഴ്സിന്റെ സംവിധായകയും നിര്‍മാതാവുമായ കാര്‍ത്തികി ഗോണ്‍സാല്‍വസും ഗുനീത് മോങ്കയുമാണ് അപൂര്‍വ ബഹുമതിക്ക് അര്‍ഹരായിരിക്കുന്നത്. ഒസ്കര് ആദ്യമായല്ല ഇന്ത്യയ്ക്ക് ലഭിക്കുന്നതെങ്കിലും ഇപ്പോഴത്തെ പുരസ്കാരലബ്ധിക്ക് സവിശേഷതകള്‍ ഏറെയാണ്. ഒരേസമയം നാല് ഇന്ത്യക്കാര്‍ക്ക് പുരസ്കാരം ലഭിക്കുന്നത് ഇത് ആദ്യം. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന ചിത്രത്തിന് വസ്ത്രാലങ്കാരം ഒരുക്കിയതിന് ബാനു ആതയ്യക്കും, സിനിമാ മേഖലക്ക് സമഗ്ര സംഭാവന നല്‍കിയതിന് സത്യജിത് റായ്ക്കും, സ്ലം ഡോഗ് മില്യണേഴ്സ് എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് ഗുല്‍സാര്‍-എ.ആര്. റഹ്മാന്, ഈ ചിത്രത്തിലെ ശബ്ദമിശ്രണത്തിന് മലയാളിയായ റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കും ഇതിനുമുന്‍പ് ഓസ്കര് പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഗാന്ധിയും സ്ലംഡോഗ് മില്യണേഴ്സും ഇന്ത്യന്‍ സിനിമകളായിരുന്നില്ല. എന്നുമാത്രമല്ല ഒരു പരിധിവരെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോടും സമകാലിക ജീവിതത്തോടും നീതിപുലര്ത്തുന്നതുമായിരുന്നില്ല. ഇന്ത്യന്‍ സിനിമ എന്നു തീര്‍ത്തു പറയാവുന്ന ആര്‍ആര്‍ആറിലൂടെ ഓസ്കര് പുരസ്കാരങ്ങള്‍ ലഭിച്ചു എന്നത് ഓരോ പൗരനും അഭിമാനകരമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായം ആവിഷ്കരിച്ച ആര്‍ആര്‍ആറിലൂടെയാണ് ലോകോത്തര ബഹുമതി ലഭിച്ചിരിക്കുന്നത് എന്നതും ഏറെ ആഹഌദം പകരുന്നു. കീരവാണിയുടെയും മറ്റും പ്രതികരണങ്ങളില്‍നിന്നുതന്നെ അത് വ്യക്തമാണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമാ സംഗീതരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞയാളാണ് ആന്ധ്രാക്കാരനായ കീരവാണി. അപൂര്‍വം മലയാള ചിത്രങ്ങള്‍ക്ക് മാത്രമാണ് കീരവാണി സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ളതെങ്കിലും ആ പാട്ടുകള്‍ ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. ഭരതന് ചിത്രമായ ദേവരാഗത്തിലെ ശശികല ചാര്‍ത്തിയ… എന്നു തുടങ്ങുന്ന ഗാനവും, ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു… എന്നു തുടങ്ങുന്ന ഗാനവും, സൂര്യമാനസം എന്ന ചിത്രത്തിലെ തരളിതരാവില്‍ മയങ്ങിയോ… എന്ന ഗാനവും സൂപ്പര്‍ഹിറ്റുകളും നിത്യഹരിതവുമാണ്. സംഗീതസംവിധായകനായ രാജാമണിയാണ് കീരവാണിയെ ഈ രംഗത്തേക്കു കൊണ്ടുവന്നത്. കണ്ണൂര്‍ രാജന്റെയും വിദ്യാധരന് മാസ്റ്ററുടെയും പാട്ടുകള്‍ക്ക് കീരവാണി ഓര്‍ക്കസ്ട്ര ഒരുക്കിയിട്ടുണ്ട്. ദേവരാജന്‍ മാസ്റ്ററുടെയും എം.ജി. രാധാകൃഷ്ണന്റെയും ജോണ്സന്റെയുമൊക്കെ ഈണങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കീരവാണി അവരുടെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യുന്നു. തെലുങ്കിന്റെ ഉച്ചാരണരീതി കടന്നുവരുമെങ്കിലും മലയാള സിനിമാഗാനങ്ങള്‍ അതിമനോഹരമായി പാടുകയും ചെയ്യും. സംഗീതം പാരമ്പര്യമായി ലഭിച്ച കീരവാണിക്ക് എല്ലാത്തരം പാട്ടുകളും വഴങ്ങും. ഒരു പാട്ടിന് എത്ര വേണമെങ്കിലും ഈണങ്ങളൊരുക്കാനും കഴിയും. മെലഡികളാണ് വ്യക്തിപരമായി ഇഷ്ടമെങ്കിലും ഫാസ്റ്റ് സോങ്ങുകളും അടിപൊളി പാട്ടുകളും അനായാസം ചിട്ടപ്പെടുത്തും. ഇപ്പോള്‍ ഓസ്കര് നേടിത്തന്നിട്ടുള്ള നാട്ടുനാട്ടു എന്ന പാട്ടുതന്നെ ഇതിനുദാഹരണമാണ്. ഭാഷയുടെ പരിമിതികള്‍ ഭേദിച്ച് ആഗോളതലത്തില്‍ ജനപ്രീതി നേടാന്‍ ഈ പാട്ടിന് കഴിഞ്ഞത് അതിന്റെ സവിശേഷമായ സംഗീതപരിചരണം കൊണ്ടാണ്. ചടുലമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഈ പാട്ട് ഏറെക്കാലം തരംഗമായി നിലനില്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. വൈവിധ്യമാര്‍ന്ന പാട്ടുകള്‍ കീരവാണിയില്നിന്ന് ആസ്വാദകര്‍ ഇനിയും പ്രതീക്ഷിക്കുന്നു.
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിമിന് ലഭിച്ച ഒസ്കര് പുരസ്കാരം മണ്ണിനോടും പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും മനുഷ്യന് സ്വീകരിക്കേണ്ട സമീപനത്തിന്റെയും പരസ്പര്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. ബൊമ്മന്-ബെല്ലി ആദിവാസി ദമ്പതികളും രഘു-അമ്മുക്കുട്ടി എന്നീ ആനക്കുട്ടികളും തമ്മില്‍ രൂപപ്പെട്ട ആത്മബന്ധത്തിന്റെ കഥപറയുന്ന ഈ ഡോക്യുമെന്ററി ഭാരതത്തിന്റെ തനതായ പ്രകൃതിപാഠങ്ങളാണ് പറയുന്നത്. പ്രകൃതിയെ തന്നില്‍നിന്ന് അന്യമായി കാണുകയും അതിലെ ജീവികളെ ശത്രുക്കളായി കരുതി കീഴ്പ്പെടുത്തുകയും ചെയ്യുന്ന തലതിരിഞ്ഞ പ്രപഞ്ചവീക്ഷണത്തെ തിരുത്തുന്നതാണ് ഈ ചിത്രം. ഉപഭോഗസംസ്കാരത്തിന്റെ വക്താക്കളായ പാശ്ചാത്യര്‍ക്ക് ഇത്തരം പ്രമേയങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നത് ഭാരതീയ സംസ്കാരത്തിനുള്ള അംഗീകാരമാണ്. ഈ ചിത്രമൊരുക്കിയത് രണ്ട് വനിതകളാണെന്നതും ശ്രദ്ധേയം. ഞാനിവിടെ നില്‍ക്കുന്നത് ഞങ്ങളും പ്രകൃതിയും തമ്മിലെ വിശുദ്ധ ബന്ധത്തെക്കുറിച്ച് പറയാനാണെന്ന് ഓസ്കര് വേദിയില്‍ നിന്ന് കാര്‍ത്തികി പറഞ്ഞതില്‍ ഈ ദര്‍ശനത്തിന്റെ ദീപ്തിയും ഇന്ത്യന്‍ സ്ത്രീകള്‍ ആര്‍ജിക്കുന്ന ആത്മവിശ്വാസത്തിന്റെ മുഴക്കവുമുണ്ട്. എല്ലാറ്റിന്റെയും തുടക്കമാണിതെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് കീരവാണി പറഞ്ഞതിലും പാശ്ചാത്യ-കൊളോണിയല്‍ വഴക്കങ്ങളില്‍നിന്ന് മോചനം നേടുന്നതിന്റെ ഗാംഭീര്യമാണുള്ളത്. ലോകത്തിന് നാടന്‍ പാട്ടെന്നാല്‍ ഇന്ത്യന്‍-ഏഷ്യന്‍ സംഗീതമാണെന്നും, എന്റെ സംസ്കാരത്തെ ആലിംഗനം ചെയ്യാന്‍ ഞാന്‍ ലോകത്തിന് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നുമുള്ള കീരവാണിയുടെ വാക്കുകള്‍ ഭാരതവും അതിന്റെ സംസ്കാരവും അംഗീകരിക്കപ്പെടുന്നു എന്നതിന് അടിവരയിടുന്നു. ഓം എന്ന ശബ്ദം ലോകത്തിന് സമ്മാനിച്ച ഒരു സംസ്കാരത്തിന് ഞാന്‍ എന്റെ ഓസ്കര് പുരസ്കാരം സമര്‍പ്പിക്കുന്നു എന്ന റസൂല്‍ പൂക്കുട്ടിയുടെ വാക്കുകളാണ് ഇവിടെ ഓര്‍മവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: