ന്യൂദല്‍ഹി: പ്രസ്താവനകള്‍ നടത്തുമ്പോള്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയ നേതാവെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബലെ. സംഘപരിവാറിന് സമൂഹത്തിലുള്ള സ്വീകാര്യത എത്രത്തോളമെന്ന് രാഹുല്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ലണ്ടനില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗങ്ങളില്‍ ഉയര്‍ത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലണ്ടനില്‍ ചാതം ഹൗസ് എന്ന തിങ്ക് ടാങ്കില്‍ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെ ഫാസിസ്റ്റ് സംഘടന എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയിലെ ജനാധിപത്യപരമായ മത്സരം എന്നത് അവസാനിച്ചുവെന്നും അതിന് കാരണം ആര്‍എസ്എസ് ആണെന്നും ഏതാണ്ട് എല്ലാ സ്ഥാപനങ്ങളേയും ആര്‍എസ്എസ് കീഴടക്കിയിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസ് തീവ്രവാദ സംഘടനയായ മുസ്ലിം ബ്രദര്ഹുഡിനെപ്പോലെയാണെന്നും അത് ഒരു രഹസ്യസംഘടനയാണെന്നും വരെ രാഹുല്‍ പറഞ്ഞിരുന്നു.
“രാഷ്ട്രീയ സ്വയം സേവക സംഘത്തിനെതിരെ രാഹുല്‍ ഗാന്ധി ഈയിടെ നടത്തിയ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരിക്കാം. പക്ഷെ ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. സംഘത്തില്‍ നിന്നും ഒരു മത്സരവും അദ്ദേഹത്തിനില്ല.” -ദത്താത്രേയ ഹോസബലെ പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവെന്ന രാഹുല്‍ ഗാന്ധി കുറെക്കൂടി ഉത്തരവാദിത്വം കാണിക്കണം. ഇന്ത്യയെ ഒരു ജയിലാക്കി മാറ്റിയവര്‍ക്ക് ഈ രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ യാതൊരു അവകാശവും ഇല്ല. അവരുടെ ക്ഷണപ്രകാരം ആര്‍എസ്എസ് നേതാക്കള്‍ മുസ്ലിം ബുദ്ധിജീവികളെയും ആത്മീയനേതാക്കലെയും കണ്ടുകൊണ്ടിരിക്കുകയാണെന്നും ഹൊസബലെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: