തിരുവനന്തപുരം : ബ്രഹ്മപുരം വിഷയത്തില്‍ ഇന്നും സഭ പ്രക്ഷുബ്ധം. ബ്രഹ്മപുരം മാലിന്യപ്ലാന്റ് സംബന്ധിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ചതോടെയാണ് സഭ പ്രക്ഷുബ്ധമായത്. റോജി എം. ജോണ്‍ എംഎല്‍എയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കഴിഞ്ഞ ദിവസം കൊച്ചി കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ കൗണ്‍സിലര്‍മാരെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും എംഎല്‍എ നിയമസഭയില്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും എംഎല്‍എ റോജി എം. ജോണ്‍ അറിയിച്ചു. എന്നാല്‍ അനുമതി നല്‍കില്ലെന്നും ആദ്യ സബ്മിഷന് ആയി പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്കി.
മുതിര്‍ന്ന നേതാക്കളെ വരെ ക്രൂരമായി മര്‍ദ്ദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടു. അനുമതിയില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തതോടെ, മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് സതീശന് കുറ്റപ്പെടുത്തി. ഇതോടെ ഭരണപക്ഷവും ഇതിനെതിരെ രംഗത്ത് എത്തിയതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുക്കുകയായിരുന്നു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള പ്രശ്നങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. അതിനിടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അറിയിച്ചതാണെന്ന് നിയമമന്ത്രിയും വ്യക്തമാക്കി. ഇതോടെ ബഹളം ശക്തമാകുകയും പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തു. എല്ലാവരും നേരിയ മാര്‍ജിനില്‍ ജയിച്ചവരാണ്. അത് മറക്കണ്ടെന്നും അടുത്ത തവണ തോല്‍ക്കുമെന്നും ഷാഫി പറമ്പിലിനോട് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിഷേധവും കടുത്തു. പ്രതിപക്ഷം ബാനറുമായി നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: