കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷന് വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ടു. അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ കണ്ണൂർ കക്കാട് വി. വി ഷമീം എന്ന ചാണ്ടി ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ തലവനായ ഇയാൾ കാപ്പ കേസ് പ്രതിയാണ്. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ചാണ്ടി ഷമീം തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ബഹളംവച്ചിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതിനെ തുടര്‍ന്നായിരുന്നു ബഹളം വയ്ക്കുകയും ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തത്. ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാകാമെന്ന് പോലീസ് സംശയിച്ചിരുന്നു. സിസിടിവി പരിശോധനയിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പർദ ധരിച്ചാണ് ഷമീം എത്തിയത്.
കത്തി നശിച്ചതിൽ ഷമീമിന്റെ വാഹനവും ഉൾപ്പെടുന്നു. നിരവധി കേസുകളിൽ ഷമീം പ്രതിയാണ്. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനങ്ങൾ എന്നിവയാണ് തീപിടിച്ച് നശിച്ചത്. വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. തളിപ്പറമ്പ് നിന്ന് അഗ്നിരക്ഷാസേനയെത്തി നാല് മണിയോടെ തീ അണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: