Istand here today to speak for the sacred bond between us and our natural world
–കാര്‍ത്തികി ഗോണ്‍സാല്‍വസ്
95-ാം ഓസ്കര് പുരസ്കാരങ്ങള്‍ ലോസാഞ്ചലസിലെ ഡോള്‍ബി തീയേറ്ററില്‍ ഇന്നലെ പ്രഖ്യാപിച്ചു. ‘എവരിതിംഗ്, എവരിവെയര്‍, ഓള് അറ്റ് വണ്‍സ്’ മികച്ച ചിത്രമായും, ചിത്രം സംവിധാനം ചെയ്ത ഡാനിയല്‍ സഹോദരങ്ങള്‍ മികച്ച സംവിധായകരായും തെരഞ്ഞെടുക്കപ്പെട്ടു. ബ്രണ്ടണ് ഫ്രേസര്‍ ആണ് മികച്ച അഭിനേതാവ് (ദ വെയ്ല്), മിഷേല്‍ യു (എവരിതിംഗ്, എവരിവെയര്‍, ആള് അറ്റ് വണ്‍സ്) മികച്ച നടിയും. ദി എലിഫന്റ് വിസ്പറേഴ്സ് (മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം), നാട്ടുനാട്ടു (മികച്ച ഒറിജിനല്‍ സോംഗ്) എന്നിവയിലൂടെ ഇന്ത്യയിലേക്കുമെത്തി ഓസ്കര് പുരസ്കാരങ്ങള്‍.
ഇത്തവണത്തെ ഇന്ത്യന്‍ ഓസ്കര് പുരസ്കാരങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവ രണ്ടും ഇന്ത്യന്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും, ഇന്ത്യന്‍ സ്വത്വത്തിന്റേയും ചിത്രീകരണങ്ങളാണ്. കാര്‍ത്തികി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ‘ദ എലിഫന്റ് വിസ്പറേഴ്സ്’ ഇന്ത്യയിലെ ആദിവാസി ജനവിഭാഗങ്ങളും പ്രകൃതിയും തമ്മിലുള്ള പരിശുദ്ധമായ ബന്ധത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കഥയാണ് പറയുന്നത്. ഓസ്കര് പുരസ്കാര വേദിയില്‍ കാര്‍ത്തികി പറഞ്ഞതും അതുതന്നെയാണ്. ”ഞാനിന്നിവിടെ നില്‍ക്കുന്നത്, ഞങ്ങളും പ്രകൃതിയും തമ്മിലുള്ള പരിശുദ്ധ ബന്ധത്തെക്കുറിച്ച് നിങ്ങളോട് പറയുവാന്‍ വേണ്ടിയാണ്.”
ബൊമ്മന് ബെല്ലി ദമ്പതികളുമായി രഘു എന്ന ആനക്കുട്ടിക്ക് ആഴത്തിലുണ്ടായ ബന്ധമാണ് ഈ ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ആദിമ നിവാസികളെ സംബന്ധിച്ചിടത്തോളം അവര്‍ താമസിക്കുന്ന മണ്ണിനെക്കുറിച്ച് ആഴത്തിലുള്ള അറിവും അതിനോടുള്ള ബഹുമാനവുമുണ്ട്. പ്രകൃതിയില്‍ നിന്നും ആവശ്യമുള്ളതു മാത്രം ശേഖരിക്കുന്നതും, മണ്ണിനെ ബഹുമാനിക്കുന്നതും അവരില്‍ നിന്നും നാം കണ്ടുപഠിക്കേണ്ടതാണ്. ഒരഭിമുഖത്തില്‍ കാര്‍ത്തികി ഇങ്ങനെ അഭിപ്രായപ്പെടുന്നു.
”പാമ്പിനേയും എലിയേയും ആരാധിക്കുന്നവരെന്ന് ഇന്ത്യന്‍ ജനതയെ പരിഹസിച്ചുപറഞ്ഞ വൈദേശികര്‍ തന്നെ, മനുഷ്യനും മൃഗവും തമ്മിലുള്ള അഭേദ്യമായ ബന്ധം ഒരു ഡോക്യുമെന്ററിയിലൂടെ അവതരിപ്പിച്ചപ്പോള്‍ കയ്യടിച്ചത് കാലത്തിന്റെ കാവ്യനീതിയാവാം.”
പ്രകൃതിയെ ചൂഷണം ചെയ്യുക എന്നത് നമ്മുടെ രീതിയല്ല, പ്രകൃതിയോടൊപ്പം ചേര്‍ന്ന്, നമുക്ക് വേണ്ടതു മാത്രം പ്രകൃതിയില്‍ നിന്നുമെടുക്കുന്നതാണ് നമ്മുടെ രീതി. അതാണ് എലഫന്റ് വിസ്പറേഴ്സ് വരച്ചുകാട്ടിയതും. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന്റെ തിളക്കുവുമായാണ് ‘ആര്‍ആര്‍അര്‍’ലെ ‘നാട്ടുനാട്ടു’ഗാനം ഓസ്കാര്‍ വേദിയില്‍ മത്സരത്തിനെത്തിയത്. സംഗീത സംവിധായകന് കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
അല്ലൂരി സീതാരാമ രാജുവിന്റെയും കൊമരം ഭീമിന്റേയും സാങ്കല്പിക പ്രതിനിധികളായിട്ടാണ് സിനിമയിലെ നായകരെത്തുന്നത്. പിന്നീട് നടത്തുന്നത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സന്ധിയില്ലാ പോരാട്ടങ്ങളും. സിനിമയിലുടനീളം കാണിക്കുന്ന ദേശീയതയെ ഇരുകൈകളും ചേര്‍ത്താണ് ഇന്ത്യന്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇംഗ്ലീഷുകാര്‍ക്കിടയില്‍ ഇംഗ്ലീഷ് ശൈലിയില്‍ നൃത്തം ചെയ്യാന്‍ നായകരോട് അവരാവശ്യപ്പെടുന്നു. അക്ഷരാര്‍ത്ഥത്തില്‍ പിന്നീടവിടെ നടക്കുന്നത് നായകരുടെ ‘താണ്ഡവനൃത്തം’ തന്നെയാണ്. അവസാനം നായകര്‍ക്കൊപ്പം പിടിച്ചുനില്‍ക്കാനാവാതെ ഇംഗ്ലീഷുകാര്‍ തോറ്റ് പിന്മാറുകയും നായകയില്‍ മതിപ്പുളവാക്കുകയും ചെയ്യുന്നതോടെ ഗാനം അവസാനിക്കുന്നു.
നാട്ടുനാട്ടു, ഈണം കൊണ്ടും താളം കൊണ്ടും വരികള്‍കൊണ്ടുമെല്ലാം നൂറുശതമാനം ഒരു തദ്ദേശീയ സിനിമാഗാനം തന്നെയാണ്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ പൊതുവേ കാണപ്പെടുന്ന ഡപ്പാന്കൂത്ത്, കൂത്ത് നൃത്ത ശൈലിയിലാണ് ‘നാട്ടുനാട്ടു’ വിന്റെ ചുവടുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാലഭൈരവയും, രാഹുല്‍ സിപ്ലിംഗുഞ്ജും ഈണത്തിനും താളത്തിനുമൊപ്പം ഊര്‍ജ്ജവും ആവേശവും കൂടി ചേര്‍ക്കുമ്പോള്‍ ഗാനം മറ്റൊരുതലത്തിലേക്ക് ശ്രോതാക്കളെ കൊണ്ടെത്തിക്കുന്നു.
സിനിമയില്‍ സംവിധായകന് സ്ഥാപിച്ചെടുക്കുമ്പോള് മാത്രമല്ല, ഗാനരംഗം കാണുമ്പോള്‍ തന്നെ ഇംഗ്ലീഷുകാരുടെ പതിഞ്ഞ ചുവടുകളെക്കാള്‍ എത്രയോ ശക്തയും ആവേശഭരിതവുമാണ് നാടന്‍ ചുവടുകളെന്ന് പ്രേഷകര്‍ക്കും തോന്നിപ്പോകും. സത്യത്തില്‍ അതൊരു സാംസ്കാരികമായ ഉയര്‍ത്തെഴുന്നേല്‍പ്പുകൂടിയാണ്. ബ്രിട്ടീഷുകാര്‍ നമുക്കിടയില്‍ സൃഷ്ടിച്ച, പാശ്ചാത്യമായതെല്ലാം മികച്ചതെന്ന ചിന്താധാരയില്‍ നിന്നും അവരുടേതിനൊപ്പമെന്നതല്ല, അവരേക്കാള്‍ മികച്ചതാണ് നമ്മള് എന്ന പ്രതീതി വെറും നാലര മിനിട്ടുകള്‍ മാത്രമുള്ളൊരു ഗാനം നമുക്കു പറഞ്ഞുതരുന്നു.
സിനിമയെ വ്യത്യസ്ത രീതിയില്‍ സമീപിക്കുന്നവര്‍ ഉണ്ടാകാം. അതങ്ങനെ തുടരട്ടേ. എന്നിരുന്നാലും യുവാക്കളില്‍, പ്രേക്ഷകരില്‍ ആത്മവിശ്വാസം ജനിപ്പിക്കുന്ന, ആവേശമുളവാക്കുന്ന, നമ്മുടെ അസ്തിത്വത്തില്‍ ആത്മാഭിമാനമുളവാക്കുന്ന സിനിമകള്‍, കലാരൂപങ്ങള്‍ പ്രത്യേകം പ്രശംസിക്കപ്പെടേണ്ടതുണ്ട്. സിനിമയും, രാഷ്ട്രീയവും ദൈനംദിന ജീവിതവുമെല്ലാം ബന്ധപ്പെട്ടുകിടക്കുന്ന നമ്മുടേതു പോലുള്ളൊരു രാജ്യത്ത്, ജനങ്ങളില്‍ ആത്മാഭിമാനമുളവാക്കുന്ന കലാരൂപങ്ങള്‍ ഇനിയും ജനിക്കട്ടേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: