തിരുവനന്തപുരം: പാവപ്പെട്ട ജനങ്ങള്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖാന്തിരം അഞ്ചുലക്ഷംവരെ ചികിത്സാസഹായം നല്‍കുന്ന കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് 138 കോടി രൂപയാണെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. 42 ലക്ഷം കുടുംബങ്ങള്‍ നിലവില്‍ ഈ പദ്ധതിയില്‍ അംഗങ്ങളാണ്.
ഈ പദ്ധതിയില്‍പ്പെടുത്തി 2021-22 ല്‍ 5,41,233 പേര്‍ക്കും 2022-23 ഡിസംബര്‍ വരെ മാത്രം 5,08,120 ഗുണഭോക്താക്കള്‍ക്കും ചികിത്സാസൗകര്യം ഒരുക്കാനായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരോഗ്യവകുപ്പില്‍ 2906 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആരോഗ്യവകുപ്പില്‍ പിഎസ്‌സി മുഖാന്തിരം നിയമനം നല്‍കി.
വയനാട് മെഡിക്കല്‍ കോളജില്‍ കാത്ത്‌ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു. രണ്ടുമാസത്തിനുള്ളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമ്മയ്‌ക്കും കുഞ്ഞിനും ഒരുമിച്ച് ചികിത്സ ഒരുക്കാനുള്ള മദര്‍ ആന്‍ഡ് ചൈല്‍ഡ് ഐസിയു സംവിധാനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടപ്പാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമണങ്ങള്‍ കര്‍ശനമായി തടയാന്‍ 2011 ലെ നിയമം സമഗ്രമായി പരിഷ്‌കരിക്കും. കൊവിഡാനന്തര സാഹചര്യത്തില്‍ ഹൃദ്രോഗ സാധ്യത മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുരുതര കൊവിഡ് ബാധയുണ്ടായവരില്‍ ചെറുപ്പക്കാരിലുള്‍പ്പെടെ ശ്വാസകോശ-ഹൃദ്രോഗ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്.
ബ്രഹ്മപുരത്ത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അവിടെ പ്രവര്‍ത്തിച്ച അഗ്നിരക്ഷാ സേനാംഗങ്ങള്‍, സിവില്‍ ഡിഫന്‍സ് സേനയിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് സമഗ്രമായ ആരോഗ്യപരിശോധന സര്‍ക്കാരിന്റെ ആരോഗ്യസ്ഥാപനങ്ങളില്‍ സാധ്യമാക്കും. അത് തുടര്‍ച്ചയായി നടത്തി ആവശ്യമുള്ളവര്‍ക്ക് സൗജന്യമായ ചികിത്സയും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: