ന്യൂദല്‍ഹി: കോര്‍പറേറ്റ് യുദ്ധത്തില്‍ അവസാന അങ്കത്തിനൊരുങ്ങുകയാണ് അദാനി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ മടയില്‍ കേറിയുള്ള ആക്രമണം.
നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ അദാനി ഗ്രൂപ്പിന്റെ റോഡ് ഷോ തുടങ്ങിയത് സിംഗപ്പൂരില്‍ നിന്നാണ്. പിന്നീട് ഹോങ്കോങ്ങില്‍; ബോണ്ട് നിക്ഷേപകരെ കണ്ടു, വമ്പന്‍ കോര്‍പറേറ്റ് ഭീമന്‍മാരെ കണ്ടു. അദാനി ഗ്രൂപ്പ് കാര്യങ്ങള്‍ വിശദീകരിച്ചു. തങ്ങള്‍ എടുത്തിട്ടുള്ള വായ്പകള്‍ തിരിച്ചടക്കാന്‍ പ്രാപ്തിയുള്ളവരാണെന്ന് പറയുക മാത്രമല്ല, വായ്പാ തിരിച്ചടവിന്റെ കാലവധിയ്‌ക്ക് മുന്‍പേ 2023 മാര്‍ച്ച് വരെയുള്ള വായ്പാതിരിച്ചടവുകള്‍ കൊടുത്തു തീര്‍ത്തു. ഏകദേശം 21,720 കോടി രൂപയാണ് കൊടുത്തുതീര്‍ത്തത്. ഇതിന്റെ ഫലമാണ് 15,500 കോടി രൂപയുടെ നിക്ഷേപം നാല് അദാനി ഓഹരികളില്‍ ആസ്ത്രേല്യയില്‍ നിന്നുള്ള ജിക്യുജി പാര്‍ട്നേഴ്സ് നിക്ഷേപിച്ചത്. ഇതോടെ അദാനി ഓഹരികള്‍ കുതിച്ചുയര്‍ന്നു.
പക്ഷെ റോഡ് ഷോ അവിടെയും നിന്നില്ല. ദുബായില്‍ നിക്ഷേപകരെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ലണ്ടനില്‍ എത്തിയിരിക്കുകയാണ്. ഇവിടെ കടുത്ത ചോദ്യങ്ങളാണ് അദാനി ഗ്രൂപ്പ് ബോണ്ട് നിക്ഷേപകരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഓഹരിവിലകളില്‍ കൃത്രിമം കാട്ടി, നികുതി വേണ്ടാത്ത മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലെ കടലാസ് കമ്പനികള്‍ വഴി നിക്ഷേപം എത്തിച്ചു, ഓഡിറ്റില്‍ കൃത്രിമം നടത്തി തുടങ്ങി ഹിന്‍ഡന്‍ബര്‍ഗ് നടത്തുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് നിക്ഷേപകരുടെ മനസ്സിലെ കറ തീര്‍ത്ത് വിശ്വാസം തിരിച്ചുപിടിക്കുക എളുപ്പമല്ല.
ലണ്ടന്‍ കഴിഞ്ഞാല്‍ അടുത്ത റോഡ് ഷോ യൂഎസിലെ പ്രധാന നഗരങ്ങളിലാണ്. ഈ ആഴ്ച അവസാനം അദാനി ഗ്രൂപ്പ് റോഡ് ഷോ ആദ്യം ലോസാഞ്ചലസിലും പിന്നീട് ന്യൂയോര്‍ക്കിലും എത്തും. ന്യൂയോര്‍ക്ക് നഗരത്തിന്റെ പ്രത്യേകത അറിയാമോ? അതാണ് അദാനിയെ വിമര്‍ശിച്ച് മുട്ടുകുത്തിക്കാന്‍ ശ്രമിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനിയുടെ ആസ്ഥാനം. നരിയെ മടയില്‍ കയറി ആക്രമിക്കുക എന്ന് പറയുംപോലെ ശത്രുവിന്റെ മടയില്‍ കേറി ആക്രമിക്കാന്‍ തന്നെയാണ് അദാനി ഗ്രൂപ്പിന്റെ പരിപാടി. ഹിന്‍ഡന്‍ബര്‍ഗിന്റെ ഉടമയും സിഇഒയുമായ നഥാന്‍ ആന്‍ഡേഴ്സന്‍ ഈ റോഡ് ഷോയില്‍ പങ്കെടുക്കാനുള്ള ത്രാണി കാണിക്കുമോ? അതോ ഒളിച്ചോടുമോ? ഇതേ ഇനി അറിയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: