എന്റെ കുട്ടിക്കാലത്ത് മലയാള മനോരമ വാരികയില്‍ ‘പോസുകള്‍’ എന്നൊരു കാരിക്കേച്ചര്‍ പംക്തിയുണ്ടായിരുന്നു. പ്രശസ്തരായ വ്യക്തികളുടെ രേഖാ ചിത്രങ്ങള്‍ക്കു കീഴില്‍ എന്തെങ്കിലുംഒരു കമന്റ് നല്‍കുകയായിരുന്നു അതില്‍ പതിവ്. ഒരു ലക്കത്തില്‍ പ്രൊഫ. എം. കൃഷ്ണന് നായരായിരുന്നു ചിത്രകാരന്റെ വിഷയം. അന്ന് അതിനു കൊടുത്തിരുന്ന അടിക്കുറിപ്പ്. ‘വായിക്കാന്‍ വേണ്ടി ശപിക്കപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു എന്നാണ് ഓര്മ. മുകളില്‍ ഇരുകക്ഷങ്ങളിലും മഹാഗ്രന്ഥങ്ങള് ചേര്‍ത്തു പിടിച്ചുനില്‍ക്കുന്ന പ്രൊഫസറുടെ രൂപവും.
മലയാളികളില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തത് ആരാണ് എന്ന കണക്കെടുക്കുക സാധ്യമായ കാര്യമല്ല. ജീവിതകാലത്തെങ്ങും ഒന്നും എഴുതാതെ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്ന ചിലരെ ഈ ലേഖകന്‍ അറിയാം. ഉള്ളൂരും കേസരി ബാലകൃഷ്ണപിള്ളയും പി. ഗോവിന്ദപ്പിള്ളയും ശൂരനാട് കുഞ്ഞന്പിള്ളയുമൊക്കെ വലിയ വായനക്കാരായിരുന്നു. അവരൊക്കെ വായിച്ച വിഷയങ്ങള്‍ എഴുത്തിലൂടെ വായനക്കാരിലേക്കെത്തിച്ചതുകൊണ്ടാണ് അവരുടെ വായനയുടെ പരപ്പും ആഴവും നമുക്ക് മനസ്സിലാക്കാനായത്. മലയാളത്തിലെ വലിയ ചില വായനക്കാരെക്കുറിച്ച്. എം. കൃഷ്ണന് നായര്‍ തന്നെ തന്റെ പംക്തിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും, വായനക്കാരെ അത്ഭുതപ്പെടുത്തിയ ‘മലയാളത്തിന്റെ മഹാവായനക്കാരന്’ സാഹിത്യ വാരഫലക്കാരനായ പ്രൊഫസര്‍ കൃഷ്ണന് നായര്‍ തന്നെ. 2023 അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷമാണ്. 1923 മാര്‍ച്ച് 3 നായിരുന്നു തിരുവനന്തപുരത്തെ ഒരിടത്തരം കുടുംബത്തില്‍ അദ്ദേഹം ജനിച്ചത്. 2006 ഫെബ്രുവരി 23 ല്‍ 82-ാം വയസ്സില്‍ ജീവന് വെടിയുകയും ചെയ്തു.
1979 ല്‍ ബി.ഡി. ഗോയങ്ക അവാര്‍ഡും 2000 ല്‍ മാത്രം സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ കൃഷ്ണന് നായര്‍ മിത്രങ്ങളെക്കാളും കൂടുതല്‍ ശത്രുക്കളെ സമ്പാദിച്ച നിരൂപകനാണ്. സ്വയം ഒരിക്കലും ഒരു നിരൂപകനെന്ന് അടയാളപ്പെടുത്താതെ ലിറ്റററി ജേര്‍ണലിസ്റ്റ് എന്ന് വിളിച്ചുപോന്ന അദ്ദേഹം പലപ്പോഴും വിശ്വസാഹിത്യത്തിലെ പ്രമുഖകൃതികളുമായി ചേര്‍ത്തുവച്ച് മലയാള കൃതികളെ വിലയിരുത്തി. ഇവിടത്തെ രചനകള്‍ പലതും നിലവാരമില്ലാത്തവയാണെന്നു സ്ഥാപിച്ചത് ധാരാളം ശത്രുക്കളെ നേടിക്കൊടുത്തു. ആ ശത്രുതകൊണ്ടാവണം കാര്യമായ പുരസ്കാരങ്ങള്‍ ഒന്നും അദ്ദേഹത്തിനു നല്കാന് മറ്റെഴുത്തുകാര്‍ അനുവദിച്ചില്ല. എങ്കിലും നാലു ദശബ്ദക്കാലം അദ്ദേഹം തന്റെ പംക്തി തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്നു. ആദ്യം മലയാളനാടിലും പിന്നെ കലാകൗമുദിയിലും തുടര്‍ന്ന് സമകാലിക മലയാളത്തിലും അദ്ദേഹം തന്റെ സപര്യ തുടര്‍ന്നു.
ചെറിയ എഴുത്തുകാരെയാണു കൃഷ്ണന് നായര്‍ പലപ്പോഴും കടന്നാക്രമിച്ചിട്ടുള്ളതെങ്കിലും ലബ്ധപ്രതിഷ്ഠരേയും വെറുതെ വിട്ടിട്ടില്ല. ഒരിക്കല്‍ ഒഎന്‍വിയുടെ സഹായത്തോടെ ഗള്‍ഫില്‍ ഒരു പ്രോഗ്രാമില്‍ പങ്കെടുത്ത കൃഷ്ണന് നായര്‍ പരിപാടിയിലുടനീളം വിമര്‍ശിച്ചത് ഒഎന്‍വിയെ ആയിരുന്നത്രേ. അത് പില്ക്കാലത്ത് അവര്‍ തമ്മില്‍ വലിയ വൈരികളായിത്തീരാനിടയാക്കി. ഇത്തരത്തില്‍ പല പ്രശസ്തരോടും തന്റെ നിരൂപണ ബുദ്ധിമൂലം അദ്ദേഹത്തിനു പിണങ്ങേണ്ടി വന്നിട്ടുണ്ട്. സ്വന്തം രചനകളെ ഖണ്ഡന വിമര്‍ശനത്തിനു വിധേയമാക്കിയാല്‍ സഹിഷ്ണുതയോടെ തിരിച്ചുപെരുമാറുന്ന എഴുത്തുകാരാരും ഇല്ല എന്നതാണ് വാസ്തവം.
പല കൃതികളെക്കുറിച്ചും അദ്ദേഹം നടത്തുന്ന വിലയിരുത്തലുകള്‍ മറ്റുള്ളവര്‍ക്കു യോജിക്കാന്‍ കഴിയുന്നവയായിരുന്നില്ല. തന്റെ മാത്രം ഭാവുകത്വത്തെയാണ് അദ്ദേഹം പലപ്പോഴും ആശ്രയിച്ചിരുന്നത്. ഷെല്ലിയുടെ പ്രശസ്തമായ
“”I fall upon the thorn of life
I bleed I bleed I bleed” എന്ന മനോഹരമായ വരികള്‍ അതിഭാവുകത്വമാണെന്നാണ് കൃഷ്ണന് നായരുടെ അഭിപ്രായം. കേശവദേവിന്റെ ‘ഓടയില്‍നിന്ന്’ വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളുടെ സംഗ്രഹമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. കുട്ടികൃഷ്ണ മാരാര്‍ മഹാഭാരതത്തിലെ നന്മകളെയൊക്കെ തിന്മകയാക്കിയതായും, തിന്മയെ മുഴുവന്‍ നന്മയാക്കിയതായും സാഹിത്യവാരഫലത്തില്‍ തുറന്നടിക്കുന്നു. മലയാളത്തിന്റെ ഒരേ ഒരു വിശ്വസാഹിത്യകാരനായ തകഴിയെക്കുറിച്ചും കൃഷ്ണന് നായര്‍ക്കു മതിപ്പില്ല. പി.കെ. ബാലകൃഷ്ണന് കയര്‍ എന്ന നോവലിനെ പ്രമുഖ യൂഗോസ്ലാവിയന്‍ ബോസ്നിയന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഇവോ ആന്‍ഡ്രിച്ചിന്റെ ‘ദ ബ്രിഡ്ജ് ഓണ്‍ ഡ്രൈന’ യുമായി താരതമ്യപ്പെടുത്തിയപ്പോള്‍ കൃഷ്ണന് നായര്‍ ബാലകൃഷ്ണനെ തന്റെ പംക്തിയിലൂടെ കണക്കറ്റ് പരിഹസിച്ചു. ആശാന്റെ ലീല ഭതൃഘാതകിയാണെന്നു പറഞ്ഞതിന് മാരാരെ ശരിക്കും കളിയാക്കാനും അദ്ദേഹം മടിക്കുന്നില്ല. മൃഗങ്ങളില്‍ ഗവേഷണം നടത്തി മനുഷ്യവ്യവഹാരത്തെക്കുറിച്ചു പഠിച്ച പാവ്ലോവ്, സ്കിന്നര്, ഡെസ്മണ്ട് മോറിസ് തുടങ്ങിയ ബിഹേവിയറിസ്റ്റുകളെയും അദ്ദേഹം അപലപിക്കുന്നു.
ഇടതുപക്ഷ ഭാവുകത്വം കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ നിറഞ്ഞുനിന്ന കാലത്തും നിഷ്പക്ഷനായി നിലകൊള്ളാന്‍ അദ്ദേഹം മടിച്ചില്ല. സ്റ്റാലിനിസ്റ്റുകള്‍ അരങ്ങു കീഴടക്കിയ കാലത്ത് സ്റ്റാലിന്റെ ചെയ്തികളെ തന്റെ പംക്തിയിലൂടെ കൃഷ്ണന് നായര്‍ തുറന്നുകാണിച്ചു. സ്റ്റാലിന് നിരന്തരം വെപ്പാട്ടികളെ സ്വീകരിക്കുന്നതുകൊണ്ട് മനംനൊന്ത് ആദ്യ ഭാര്യ നടേഷ് ദാ ആത്മഹത്യ ചെയ്തതായി ജീവചരിത്രകാരന്മാരെ ഉദ്ധരിച്ച് അദ്ദേഹം എഴുതുന്നു. മാത്രവുമല്ല, ആ സമയത്ത് മൃതദേഹത്തിനു മുന്പില് നിന്നു കരഞ്ഞ നേതാക്കന്മാരെയെല്ലാം ആ ക്രൂരനായ സ്വേച്ഛാധിപതി വധിച്ചതായും വാരഫലത്തില്‍ അദ്ദേഹം എഴുതി.
തുറന്നെഴുത്തുകള്‍ മൂലം ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതായും അദ്ദേഹം എഴുതിയിട്ടുണ്ട്. അതിലൊന്ന് വളരെ മോശമായി കഥയെഴുതിയ ഒരു പെണ്‍കുട്ടിയുടെ എഴുത്തിനെ ആക്ഷേപിച്ചെഴുതിയതിനു കിട്ടിയ ശിക്ഷയാണ്. ആ പെണ്‍കുട്ടിയുടെ അച്ഛന് ഏജീസ് ഓഫീസില്‍ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു. കൃഷ്ണന് നായര്‍ പിഎഫ് ലോണിന് അപേക്ഷിച്ചപ്പോള്‍ അയാള്‍ നിരസിച്ചു കളഞ്ഞു. മാത്രവുമല്ല അദ്ദേഹം പെന്ഷന് പറ്റുന്നതുവരെ കൃഷ്ണന് നായര്‍ക്ക് പിഎഫ് ലോണേ കിട്ടിയില്ല. അത്രമാത്രം കടുത്ത അനുഭവങ്ങള്‍ അനവധിയുണ്ടായിട്ടുണ്ട്. ഊമക്കത്തുകള്‍ വഴിയുള്ള ആക്ഷേപങ്ങള്‍ നിത്യവും പതിവായിരുന്നു. കവി ഡി. വിനയചന്ദ്രനും വാരഫലക്കാരനും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. വിനയചന്ദ്രന് നോട്ടീസ് അടിച്ച് വിതരണം ചെയ്ത് പ്രൊഫസറെ ആക്രമിച്ചു. അതിനു മറുപടിയായി അന്ന് അദ്ദേഹം എഴുതിയ അശ്ലീലം കലര്‍ന്ന കഥ അക്കാലത്തും പിന്നീടും പലരുടേയും ചുണ്ടുകളില്‍ നിറഞ്ഞുനിന്നു.
പക്ഷാന്തരങ്ങള്‍ പലതുമുണ്ടെങ്കിലും എം. കൃഷ്ണന് നായര്‍ നടത്തിയ സാഹിത്യസേവനത്തെ ആര്‍ക്കും വിസ്മരിക്കാനാവുമെന്ന് തോന്നുന്നില്ല. ഇന്റര്‍നെറ്റും ഇന്നത്തേതുപോലെ പുസ്തക ലഭ്യതയുമില്ലാതിരുന്ന അക്കാലത്ത് പാശ്ചാത്യകൃതികളെ നമ്മുടെ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തത് ഒരു വലിയ സേവനം തന്നെയായിരുന്നു. വിദേശകൃതികള്‍ എല്ലാം മലയാളികളുടെ രചനകളേക്കാള്‍ മഹത്തായതൊന്നുമല്ലെങ്കിലും വ്യത്യസ്തമായതാണ്. ആ അനുഭവലോകം നമുക്ക് അപരിചിതമാണ്. ലോകത്തെവിടെയും മനുഷ്യര്‍ ഒരുപോലെയാണെന്നു പറയാമെങ്കിലും അതില്‍ വ്യത്യസ്തയുമുണ്ട്. ആ വ്യത്യസ്തയെക്കുറിച്ചുള്ള അറിവില്‍നിന്നാണ് നമ്മുടെ എഴുത്തിലും പുതുമയുണ്ടാകുന്നത്.അതിന് കേസരി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് എം. കൃഷ്ണന് നായര്‍ തന്നെ.
ജനാധിപത്യം, മാനവികത, ദേശീയത എന്നിവയോടൊക്കെ വിട്ടുവീഴ്ചയില്ലാത്ത ഐക്യദാര്‍ഢ്യം അദ്ദേഹത്തിന്റെ സാഹിത്യവാരഫലത്തിലുടനീളം കാണാം. സ്റ്റാലിന്റെ അനുയായി ആയിരുന്ന ഡെല്‍റിയോ മെര്‍ക്കാര്‍ഡര്‍, ട്രോട്സ്കിയെ വധിച്ചതെങ്ങനെയെന്ന് പോളിഷ് എഴുത്തുകാരനായ “The Prophet Armed, The Prophet Out Cast’ എന്നീ കൃതികളെ ഉദ്ധരിച്ച് വാരഫലത്തില്‍ വിവരിക്കുന്നത് കേരളത്തില്‍ ആരും അതിനു മുന്‍പ് മനസ്സിലാക്കിയിരുന്ന സംഗതിയല്ല. ട്രോട്സ്കിയെ ഐസ് ആക്സുകൊണ്ടു തലയ്ക്കടിച്ചുകൊന്ന ഡെല്‍റിയോ തീര്‍ച്ചയായും ക്രൈം ആന്‍ഡ് പണിഷ്മെന്റ് വായിച്ചിട്ടുണ്ടെന്നാണ് കൃഷ്ണന് നായരുടെ അഭിപ്രായം. വിട്ടുവീഴ്ചയില്ലാത്ത ദേശീയ നിലപാടുകളുണ്ടായിരുന്ന അദ്ദേഹം ഭാരത സംസ്കാരത്തിന്റെ യഥാര്‍ത്ഥ പ്രഭവങ്ങള്‍ രാമായണവും ഭാരതവുമാണെന്നു പലപ്പോഴും ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു.
17 വര്‍ഷമായി പ്രൊഫ. എം. കൃഷ്ണന് നായര്‍ നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ പംക്തിയും ഇന്നില്ല. പക്ഷേ അതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. മാറ്റൊലിക്കവികള്‍ എന്ന് ഒഎന്‍വിയെയും വയലാറിനെയും പി. ഭാസ്കരനെയും അദ്ദേഹം വിളിച്ചത് ഇന്നും പലരും ആവര്‍ത്തിക്കുന്നു. പലരുടെയും കൃതികള്‍ പാശ്ചാത്യ കൃതികളുടെ കോപ്പികളോ അനുകരണങ്ങളോ ആണെന്നു പ്രചരിപ്പിക്കുന്നവര്‍ ഇന്നുമുണ്ട്. അവരെല്ലാം ആണയിടുന്നത് എം. കൃഷ്ണന് നായരെന്ന നിരൂപകനെ ചൂണ്ടിയാണ്. എന്തൊക്കെ വിയോജിപ്പുകളുണ്ടെങ്കിലും അദ്ദേഹം തുറന്നിട്ട വായനയുടെ ലോകം വളരെ വിപുലമാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാത്രമല്ല ഫ്രഞ്ച്, റഷ്യന്‍, ലാറ്റിനമേരിക്കന്‍, ജര്‍മന്‍, ജാപ്പനീസ് സാഹിത്യത്തിലെല്ലാം ഇംഗ്ലീഷിലൂടെ ആ മലയാളം പ്രൊഫസര്‍ പടര്‍ന്നുകയറി. ഇംഗ്ലീഷ് ഐച്ഛികമായെടുത്തു പഠിച്ചവര്‍ക്കു പലര്‍ക്കും കഴിയാത്തതാണ് വായനയുടെ ഈ ദീര്‍ഘസഞ്ചാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: