ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ അണച്ചെന്ന് സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും വന്‍ അവകാശവാദവുമായി രംഗത്ത് നിലയുറപ്പിക്കുമ്പോള്‍, പ്രതിപക്ഷവും പ്രദേശവാസികളായ ദൃക്സാക്ഷികളും പതിനൊന്ന് ദിവസമായിട്ടും തീ അണയാതിരിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുകയാണ്. ഈ തര്‍ക്കം തുടരുമ്പോള്‍തന്നെ തര്‍ക്കമില്ലാത്ത ഒരു കാര്യമുണ്ട്. ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യം സംസ്കരിക്കാന്‍ നല്കിയ കരാറുകളുമായി ബന്ധപ്പെട്ട അഴിമതിയുടെ തീ ഇപ്പോഴും ആളിക്കത്തുകയാണ്. അത് ഉടനൊന്നും ശമിക്കാനും പോകുന്നില്ല. യോഗ്യതയില്ലാതിരുന്നിട്ടും വ്യാജരേഖ ഹാജരാക്കിയും രാഷ്ട്രീയ പരിഗണനവച്ചും പ്രമുഖ സിപിഎം നേതാവായ വൈക്കം വിശ്വന്റെ മരുമകന് കൊണ്ടുനടക്കുന്ന സോണ്ട ഇന്‍ഫ്രാടെക്കിന് കോടികളുടെ കരാര്‍ നല്‍കിയെന്ന വിവാദത്തിനു പിന്നാലെ ജൈവമാലിന്യ സംസ്കരണത്തിന് കളമശ്ശേരിയിലെ സിപിഎം നേതാവിന് പങ്കാളിത്തമുള്ള സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. അര്‍ഹതയില്ലാത്ത ഈ കമ്പനിക്ക് പതിനേഴ് കോടിയുടെ കരാര്‍ നല്‍കിയതിനെതിരായ വിജിലന്‍സ് അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം തടസപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത ഒരു സിപിഎം നേതാവിന്റെ സഹോദരനാണ് ഈ കമ്പനിയുടെ ഉടമയെന്ന വിവരവും പുറത്തുവന്നിരിക്കുന്നു. എറണാകുളം ജില്ലയില്‍നിന്നുള്ള ഒരു മന്ത്രിക്ക് വേണ്ടപ്പെട്ടവനാണ് ഇയാളെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഇനിയൊരു ബ്രഹ്മപുരം ഉണ്ടാവില്ലെന്ന വമ്പന്‍ പ്രസ്താവനയാണ് വ്യവസായമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം നടത്തിയത്. വരാന്‍ പോകുന്ന കാര്യം അവിടെ നില്ക്കട്ടെ. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തീപിടിത്തത്തെക്കുറിച്ചും, അതിനുപിന്നിലെ അഴിമതികളെക്കുറിച്ചും എന്താണ് മന്ത്രിക്ക് പറയാനുള്ളതെന്നാണ് അറിയേണ്ടത്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അറിവോടെയും സമ്മതത്തോടെയും നടന്നിട്ടുള്ള വ്യവസ്ഥാപിതമായ അഴിമതികളിലൊന്നാണ് ബ്രഹ്മപുരത്തെ അഗ്നിബാധയിലേക്ക് നയിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. സോണ്ട ഇന്‍ഫ്രാടെക്ക് ഉടമസ്ഥന്റെ ഭാര്യാപിതാവായ വൈക്കം വിശ്വന്റെ പേരു മാത്രമാണ് പാര്‍ട്ടി ബന്ധത്തിന് തെളിവായി ചര്‍ച്ചയായിട്ടുള്ളൂ. കരാര്‍ ലഭിക്കാന്‍ താന്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്നാണ് വിശ്വന് പറയുന്നത്. ഇതിന് പ്രത്യേകമായി ഇടപെടേണ്ട ആവശ്യമൊന്നുമില്ല. പാര്‍ട്ടി നേതാവിന്റെ മരുമകന് ആയാല്‍ മാത്രം മതി. ഇത്തരം അഴിമതിക്കരാറുകള്‍ വെള്ളിത്തളികയില്‍വച്ച് നല്‍കും. ഇതിനുവേണ്ടിയുള്ള ഇടപെടല്‍ നടത്താനുള്ള ആളുകളും സംവിധാനവും പാര്‍ട്ടിക്കുണ്ട്. ജൈവമാലിന്യസംസ്കരണത്തിന് കളമശ്ശേരിയിലെ കമ്പനിക്ക് കരാര്‍ ലഭിച്ചതിന് പിന്നില്‍ സിപിഎമ്മിലെയും സര്‍ക്കാരിലെയും ആരൊക്കെയാണുള്ളതെന്ന വിവരമാണ് പുറത്തുവരാനുള്ളത്. അഗ്നിബാധയെ ലളിതവല്‍ക്കരിക്കുകയും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്ന ചിലര്‍ക്ക് ഈ അഴിമതിയില്‍ പങ്കുണ്ടെന്ന് ഉറപ്പായും സംശയിക്കണം. വിവാദത്തിനിടെ അവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്.
ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം ഇപ്പോഴുണ്ടായതല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിരുത്തരവാദപരമായ പ്രസ്താവന അഴിമതി മറച്ചുവയ്ക്കുന്നതിനാണ്. മാലിന്യക്കൂമ്പാരം അവിടെയുണ്ടായിരുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. അവ സംസ്കരിക്കാന്‍ കോടികളുടെ കരാറുകള്‍ നല്‍കിയിട്ടും അത് നടക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്. തീ പൂര്‍ണമായും അണച്ചുവെന്ന് അവകാശപ്പെടുന്നതുകൊണ്ടോ, യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍തന്നെയോ പ്രശ്നം അവസാനിക്കുന്നില്ല. ഹൈക്കോടതി ചൂണ്ടിക്കാണിച്ചതുപോലെ കൊച്ചി മഹാനഗരത്തെ ഗ്യാസ് ചേമ്പറിലാക്കിയതിന്റെ ഉത്തരവാദികളെ കണ്ടുപിടിച്ച് അവരെ ശിക്ഷിക്കണം. ബ്രഹ്മപുരത്തുനിന്നുയര്‍ന്ന വിഷപ്പുകയില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് ആര് സമാധാനം പറയും? വിഷപ്പുക ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലങ്ങളോളം ഇത് ജനങ്ങളെ ദുരിതത്തിലാഴ്ത്തും. ഇക്കാര്യത്തില്‍ വിദഗ്ധരടങ്ങുന്ന സംഘം സ്വതന്ത്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഇത് പരിശോധിച്ച് സത്വരമായ നടപടിയെടുക്കണം. അഴിമതിക്കുവേണ്ടി അധികൃതര്‍ ക്ഷണിച്ചുവരുത്തിയ ഈ പാരിസ്ഥിതിക ദുരന്തമുണ്ടായി പത്തുദിവസമായപ്പോഴാണ് സംസ്ഥാന ആരോഗ്യമന്ത്രി ഇതുസംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഇതില്‍നിന്നുതന്നെ സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ തെളിയുന്നുണ്ട്. അഗ്നിബാധയുണ്ടായി വിഷപ്പുക പടര്‍ന്നപ്പോള്‍ ജനങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനെക്കാള്‍ അഴിമതി എങ്ങനെ പ്രതിരോധിക്കാമെന്ന ആലോചനയിലായിരുന്നു അധികൃതര്‍. ഇങ്ങനെയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണം. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതിക്ക് മാത്രമേ ഇത് ഉറപ്പുവരുത്താനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: