ദീപ്തി എം. ദാസ്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് പുറത്തേക്ക് പടര്‍ന്ന വിഷ വാതകം ഡയോക്സിന്‍ ഒരു തലമുറയെ തന്നെ നശിപ്പിക്കാന്‍ തക്കവണ്ണം ശേഷിയുള്ള ഉഗ്രവിഷമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. കാറ്റു വീശിയ എല്ലാ ദിക്കിലേക്കും ഡയോക്സിന്‍ വ്യാപിച്ചിട്ടുണ്ടെന്നും കൊച്ചിയെയും സമീപ പ്രദേശങ്ങളെയും കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഡയോക്സിന്‍ ശ്വസിക്കുന്ന തലമുറയുടെ പ്രത്യുല്‍പ്പാദന ശേഷിയെ തന്നെ ബാധിക്കും.
കുട്ടികളുണ്ടാകാത്ത സാഹചര്യമുണ്ടാകാം.ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മനുഷ്യശരീരത്തിലെ ഹോര്‍മോണ്‍ പ്രക്രിയയെ സാരമായി ബാധിക്കുക മാത്രമല്ല പ്രതിരോധ ശേഷിയെ തന്നെ ഇല്ലാതാക്കുകയും ചെയ്യും. ഡയോക്സിന്‍ വര്‍ഷങ്ങള്‍ കൊണ്ടാണ് ആരോഗ്യത്തെ നശിപ്പിക്കുന്നത്. ആദ്യം ശ്വാസകോശത്തെ ബാധിക്കും, നീര്‍ക്കെട്ട് ഉണ്ടാക്കും. പ്രായമായവരിലാണ് ശ്വാസതടസം കൂടുതലായി കാണുന്നത്. ഡയോക്സിനിലൂടെ ഉണ്ടാകുന്ന എന്വിറോണ്മെന്റല് ഈസ്ട്രജന് വരുന്ന തലമുറയെയാണ് കൂടുതലും ബാധിക്കുക.
പെണ്‍കുട്ടികളിലാണെങ്കില്‍ ഗര്ഭപാത്രത്തിന് കട്ടികൂടുക, പിസിഒഡി, അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം പോലുളള അസുഖങ്ങളാണ് കൂടുതലായി ഉണ്ടാകുന്നത്. ആണ്‍കുട്ടികളിലാണെങ്കില്‍ വന്ധ്യത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ. പ്രസാദ് പോള്‍ ജന്മഭൂമിയോടു പറഞ്ഞു.
വനത്തില്‍ ഒളിഞ്ഞിരിക്കുന്ന വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പോരാളികളെ കണ്ടെത്താന്‍ ഉഗ്രവിഷമായ ഡയോക്സിന്‍ (ഏജന്റ് ഓറഞ്ച്) അമേരിക്കയാണ് ആദ്യമായി ഉപയോഗിച്ചത്. വനത്തിലെ മരങ്ങളുടെ ഇലകള്‍ പൊഴിക്കാന്‍ വിമാനത്തിലെത്തി ഡയോക്സിന്‍ തളിക്കുകയായിരുന്നു. എന്നാല്‍ ഡയോക്സിന്റെ അംശം അമേരിക്കന്‍ സൈനികരുടെ ശരീരത്തില്‍ പതിച്ചു. അവര്‍ക്ക് ക്യാന്‍സര്‍ അടക്കമുള്ള അസുഖങ്ങളും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാന്‍ തുടങ്ങി. ഇതോടെയാണ് അവര്‍ ഡയോക്സിന്റെ തീവ്രത മനസിലാക്കിയത്. വിയറ്റ്നാം ജനത ഇന്നും ഡയോക്സിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയാണ്. വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: