ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് മൂന്ന് ജലാശയങ്ങളുടെ സംഗമ സ്ഥാനത്ത് ആണ്. കടമ്ബ്രയാര്‍, ചിത്രപ്പുഴ, ചമ്പക്കര കനാല്‍ എന്നിവ സംഗമിച്ചു ഒഴുകി കൊച്ചിയിലെ മറ്റു ജലസ്രോതസ്സുകലുമായി ചേര്‍ന്ന് അവസാനം കൊച്ചി കായലിലൂടെ കടലിലേക്ക് എത്തും. മേല്പറഞ്ഞ ജലാശയങ്ങളുടെ കരയിലായി 2008 ല്‍ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. പതിവ് പോലെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ പ്രവര്‍ത്തനം നിലച്ചു പോയി. കോടിക്കണക്കിനു രൂപ ചിലവഴിച്ചു നിര്‍മ്മിച്ച പ്ലാന്റും മെഷിനറിയും അതിനായി ഉള്ള പ്രത്യേക വണ്ടികളും എല്ലാം തുരുമ്പെടുത്തോ ആക്രിക്കാര്‍ എടുത്തോ പോയി.
2009 ലെ കനത്ത മഴയില്‍ നദിക്കരയില്‍ ഉള്ള ചതുപ്പ് ഭാഗത്ത് നിര്‍മ്മിച്ച പ്ലാന്റും കെട്ടിടവും മണ്ണിലേക്ക് ഇരുന്ന് താഴ്ന്നു പോയി. മാലിന്യ സംസ്‌കരണത്തിന് വേണ്ടി നിര്‍മ്മിച്ച ബ്രഹ്മപുരം പ്ലാന്റ് അങ്ങനെ തീര്‍ത്തും ഉപയോഗശൂന്യമായി തീര്‍ന്നു. ഭൂമിയില്‍ താഴ്ന്നു പോയി പ്രവര്‍ത്തനം നിലച്ച മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍ മാലിന്യം കൊണ്ട് നിറഞ്ഞു കവിഞ്ഞു. നല്ല മഴ പെയ്യുമ്പോള്‍ ഈ കൂടി കിടക്കുന്ന മാലിന്യങ്ങളും അതിന്റെ കൂടെയുള്ള വിശാംശങ്ങളും എല്ലാം കൂടി നദികളിലേക്ക് പ്രവഹിക്കും. അതോടെ നദിയുമായി സംഗമിക്കുന്ന അനുബന്ധ ജലാശയങ്ങള്‍ വഴി കൊച്ചിയിലെ എല്ലാ ഭാഗത്തേക്കും ഈ വിഷമാലിന്യങ്ങള്‍ സ്വാഭാവികമായി എത്തിച്ചേരും. എന്തിന് പറയുന്നു പ്ലാന്റിന്റെ ചുറ്റുമുള്ള ഭാഗങ്ങളില്‍ കിണര്‍ കുഴിച്ചാല്‍ കിട്ടുന്നത് പോലും പോലും ഉപ്പു പോലെ രുചിക്കുന്ന മലിനജലം ആണ്. അത്രക്ക് ഭൂമിയിലേക്ക് ആഴത്തില്‍ ആണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ അശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത.
ശാസ്ത്രീയമായാ മാലിന്യ സംസ്‌കരണം ഒന്നും നടക്കുന്നില്ല എങ്കിലും കൊച്ചി നഗരം പുറന്തള്ളുന്ന ടണ്‍ കണക്കിന് മാലിന്യം തള്ളാന്‍ ഒരു ഇടം വേണ്ടേ ? എന്നും ട്രക്കുകള്‍ കുത്തി നിറച്ചു മാലിന്യങ്ങള്‍ ഈ പ്ലാന്റിന്റെ ഭൂമിയില്‍ തള്ളിയിട്ട് പോകും. മാലിന്യങ്ങള്‍ തരം തിരിച്ചു അത് കത്തിച്ചു കളയണോ റീസൈക്കിള്‍ ചെയ്യാനോ ഒന്നും ആരും മിനക്കെടാറില്ല. പക്ഷെ ദിനം പ്രതി ബ്രഹ്മപുരത്തെ മാലിന്യ പര്‍വ്വതത്തിന്റെ ഉയരവും വ്യാസവും വലിപ്പവും കൂടി കൂടി വന്നു കൊണ്ടിരുന്നു. അങ്ങനെ താങ്ങാവുന്ന പരിധിക്ക് പുറമെ എത്തിയപ്പോള്‍ ഭൂമിക്ക് ഭാരമായി തുടങ്ങിയ മാലിന്യ മലക്ക് തീ പിടിച്ചു. ഇപ്പോള്‍ ആഴ്ച ഒന്നായിട്ടും മീഥെന്‍ ഗ്യാസും ഡയോക്‌സിന്‍ വിഷവും വമിക്കുന്ന മാലിന്യ പ്ലാന്റ് പരിസരത്തെ അഗ്‌നി ബാധ നിയന്ത്രണത്തില്‍ ആക്കാന്‍ സര്‍ക്കാരിനും ഭരണകൂടത്തിനും സാധിക്കുന്നില്ല. ആരുടെ എങ്കിലും മുകളില്‍ പഴി ഇട്ടു രക്ഷപെടാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായി കളക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. അപ്പോഴും മാലിന്യ സംസ്‌കരണത്തിന് കരാര്‍ എടുത്തിട്ടുള്ള കരാറുകാരന്‍ രാഷ്‌ട്രീയക്കാരുടെ ഇഷ്ടക്കാരന്‍ ആയത് കൊണ്ടായത് കൊണ്ടാവണം മാധ്യമങ്ങള്‍ പോലും അയാളുടെ പേര് പറയാന്‍ മടിക്കുന്നത്.
കോസ്റ്റല്‍ സോണ്‍ റെഗുലേഷന്‍ പരിധിയില്‍ വരുന്ന കൊച്ചിയുടെ തീര പരിസരങ്ങളില്‍ ജലാശയത്തെ തടഞ്ഞു കൊണ്ടുള്ള നിര്‍മ്മാണങ്ങള്‍ അനുവദനീയമല്ല. അതിനാല്‍ തന്നെ കൊച്ചിയുടെ ഏത് ഭാഗത്തേക്കും ബ്രഹ്മപുരത്തെ ജലാശയങ്ങളുടെ വഴിയിലൂടെ മാലിന്യവും അവിടെ നിന്നുള്ള വിഷത്തോടൊപ്പം എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.
2008 വരെ അതിസുന്ദരമായ കൊച്ചിയിലെ ഒരു ഭൂപ്രകൃതി ആയിരുന്നു ബ്രഹ്മപുരത്തെത്. നഗരത്തിലെ തിരക്കില്‍ നിന്നുമാറി എങ്ങും പച്ചപ്പും ജലാശയങ്ങളും ഉള്ള മനോഹരമായ ഒരു സ്ഥലമായിരുന്നു ബ്രഹ്മപുരം എന്ന് ഇപ്പോഴും അവിടുത്തെ നാട്ടുകാരില്‍ പലരും ഓര്‍ത്തെടുക്കുന്നു. കടമ്പ്രയാറിലും ചിത്രപുഴയിലും നീന്താനും കുളിക്കാനും ഒക്കെ കുട്ടികള്‍ അടക്കം ധാരാളം ജനങ്ങള്‍ അന്ന് അവിടെ വരുമായിരുന്നു. പക്ഷെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിതമായ ശേഷം ദുര്‍ഗന്ധവും രോഗങ്ങളും മൂലം തലമുറകള്‍ ആയി അവിടെ ജീവിച്ചിരുന്നവര്‍ ജീവനും കൊണ്ട് ഓടി പോയി.
കേരളത്തിലെ ജനങ്ങള്‍ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് കെടുകാര്യസ്ഥതയുടെ കാര്യത്തില്‍ വേണ്ടവിധം ഉണര്‍ന്നു പ്രതികരിച്ചില്ല. കേരളം ഒരാഴ്ച ആയി ശ്രമിച്ചു പരാജയപ്പെട്ട സ്ഥിതിക്ക് കേന്ദ്ര സര്‍ക്കാരും കോടതിയും നേരിട്ട് ഇടപെട്ട് ഈ മനുഷ്യനെ കൊല്ലിക്ക് തീരുമാനം ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ദുരന്തം ഉണ്ടായ ശേഷം ആദരാഞ്ജലി സന്ദേശം അര്‍പ്പിക്കുന്ന പതിവ് കലാപരിപാടി അല്ല ബ്രഹ്മപുരം മാലിന്യത്തിന്റെ കാര്യത്തില്‍ വേണ്ടത്. അതോ പ്രളയ ദുരന്ത അഴിമതി പോലെ, കോവിഡ് ദുരന്ത അഴിമതി പോലെ കേരളത്തിലെ ജനങ്ങള്‍ ബ്രഹ്മപുരത്തെയും കിറ്റ് വാങ്ങി മറക്കുമോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: