കോഴിക്കോട്: തട്ടിപ്പും കൃത്രിമവും ഏറെ നടന്നുവെന്ന് സര്‍ക്കാര്‍തന്നെ സംശയിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഒരു മറുപടിയും കൃത്യമായി നല്‍കാതെ വിവരാവകാശ കമ്മിഷന് ഒഴിയുകയാണ്.
ഇതുസംബന്ധിച്ച് അപ്പീല്‍ നല്കി 11 മാസം കഴിഞ്ഞിട്ടും ഹിയറിങ് നടത്തിയിട്ടില്ല. അനര്‍ഹര്‍ക്ക് ധനസഹായം കിട്ടിയെന്നും ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തിരിക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കെയാണിത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായത്തിന് മെയ് 2016 മുതല്‍ 2022 ജനുവരി 20 വരെ എത്ര അപേക്ഷകള്‍ ലഭിച്ചു, ധനസഹായം അനുവദിച്ച അപേക്ഷകളുടെ എണ്ണം എത്ര എന്നിവയെക്കുറിച്ച് അറിയാന്‍ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വിവരങ്ങള്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നാണ് റവന്യു (ഡിആര്‍എഫ്-എ) വകുപ്പ് മറുപടി നല്‍കിയത്.
തുടര്‍ന്ന്, അപേക്ഷകന് സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15ന് അപ്പീല്‍ സമര്‍പ്പിച്ചു. മെയ് 25ന് റവന്യു വകുപ്പ് മറുപടി സമര്‍പ്പിച്ചെങ്കിലും വിവരാവകാശ കമ്മിഷന് ഹിയറിങ് ഇതുവരെ വിളിച്ചിട്ടില്ല. ഈ വിഷയത്തില്‍ ആര്‍ടിഐ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കെല്ലാം സമാനാനുഭവമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ചോദിച്ച മറ്റു ചോദ്യങ്ങളില്‍ ചിലത് ഇവയാണ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ആകെത്തുക എത്ര? ഗുണഭോക്താക്കളുടെ എണ്ണം, തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം എന്നിവ എത്രവീതം?
എല്ലാം സുതാര്യമാണ് എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ തന്നെ ദുരിതാശ്വാസ നിധിയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ പോലും ലഭ്യമല്ലെന്നത് വിചിത്രമാണെന്ന് ഗോവിന്ദന് നമ്പൂതിരി ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷ മുതല്‍ ധനസഹായ വിതരണം കൈകാര്യം ചെയ്യുമ്പോള്‍ ഈ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കേണ്ടതാണ്. എന്നിട്ടും വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതില്‍ ദുരൂഹത ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: