സുനീഷ് മണ്ണത്തൂര്‍
എന്‍.എന്‍. പിള്ള എന്ന നാടകാചാര്യന്റെ മകനായി നാടക തറവാട്ടില്‍ പിറന്നുവീണ കുഞ്ഞിനെ മലയാളികള്‍ മുഴുവനും ആകാംക്ഷയോടെ ഉറ്റുനോക്കി. ഊഹം തെറ്റിയില്ല. ആ ഉദയസൂര്യന് കത്തിജ്ജ്വലിക്കുന്ന തേജസ്സായി മലയാള സിനിമയിലുണ്ട്. ശബ്ദം കൊണ്ടും ഭാവംകൊണ്ടും അഭിനയം കൊണ്ടും നമ്മെ ത്രസിപ്പിക്കുന്ന വിജയ രാഘവന് ഇന്ന് അഭിനയത്തിന്റെ 50 വര്‍ഷം പൂര്‍ത്തീകരിച്ച് നമുക്കൊപ്പമുണ്ട്.
ഒരു നടനായില്ലെങ്കില്‍ എന്താകുമായിരുന്നുവെന്ന് ചോദിച്ചാല്‍ നടന് വിജയരാഘവന് പറയാനുള്ള മറുപടി ഇതാണ്. ”അഭിനയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ജന്മമെടുത്തതെന്ന് വിശ്വസിക്കുന്നു. ദൈവം എന്നെ സൃഷ്ടിച്ചതും അത്തരത്തിലൊരു കുടുംബത്തിലാണ്.” ജന്മഭൂമിയോട് മനസ്സ് തുറക്കുകയാണ് അദ്ദേഹം.
കലാ കുടുംബത്തിന്റെ മടിത്തട്ടിലേക്കാണ് താങ്കള്‍ ജനിച്ചുവീണത്. തീര്‍ച്ചയായിട്ടും ഉത്തരവാദിത്വം കൂടുതലുണ്ടാവും. സിനിമാ അഭിനയത്തില്‍ എന്തെല്ലാം അനുഭവങ്ങളാണ് അങ്ങേക്കുണ്ടായിട്ടുള്ളത്? ഇതെല്ലാം 50 വര്‍ഷത്തെ സിനിമാ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചു?
സത്യം പറഞ്ഞാല്‍ വലിയൊരു കലാകുടുംബത്തിലാണ് ജനിച്ചതെങ്കിലും സ്കൂളിലോ കോളേജിലോ ഞാന്‍ അഭിനയിച്ചിട്ടേ ഇല്ല. അധ്യാപകരില്‍ നിന്ന് പഠിച്ചതിനേക്കാള്‍ അറിവും സാഹിത്യവും കഥകളും, നാടകവുമെല്ലാം ഞാന്‍ പഠിച്ചത് സ്വന്തം വീട്ടില്‍ നിന്നുതന്നെയാണ്. അതും അച്ഛനില്‍നിന്ന്. ലിറ്ററേച്ചര്‍ പഠിച്ചപ്പോള്‍ കിട്ടിയതിനേക്കാള്‍ അറിവ് അച്ഛന് പകര്‍ന്ന് നല്‍കിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ അച്ഛനില്‍നിന്ന് അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. കലാസാഹിത്യരംഗത്തെ സുഹൃത്തുക്കള്‍ വരുമ്പോള്‍ നടത്തുന്ന സംവാദങ്ങളും സംഭാഷണങ്ങളും കുട്ടിക്കാലത്ത് എന്നില്‍ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ഇന്നും എനിക്ക് വളരെയേറെ പ്രയോജനകരമാണ്.
അഭിനയ രംഗത്തേക്ക് എങ്ങനെയാണ് ആകൃഷ്ടനായത്. താല്പര്യപ്പെട്ട് തന്നെയാണോ അതോ അച്ഛന് പ്രചോദനമായോ?
അത് എങ്ങനെയെന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരം പറയാനാകില്ല. ചിലപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട്. ഞാന്‍ ജനിച്ചതുതന്നെ അഭിനയിക്കാനാണെന്ന്. അഭിനയത്തില്‍ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ ഉള്ളില്‍ ഒതുക്കിവച്ചിരിക്കുകയായിരുന്നു. കോളജില്‍ പഠിച്ചിരുന്ന സമയത്ത് അവസാന വര്‍ഷം അച്ഛന് എഴുതിയ ഗറില്ല എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. 20 വയസുള്ള ഒരു ചെറുപ്പക്കാരന്റെ വേഷം. അഭിനയിക്കാമോയെന്ന് അച്ഛന് എന്നോട് ചോദിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷം ഇന്നും പറഞ്ഞറയിക്കാന്‍ ആവില്ല. തിരിച്ചറിവ് വന്ന കാലം മുതല്‍ വീട്ടിലെ അഭിനയകളരികള്‍ കണ്ട് വന്നതാണ്. അതാണ് എന്റെ ജീവിതത്തിലെ അഭിനയത്തിന്റെ സര്‍വ്വകലാശാല.
നാടകാഭിനയത്തില്‍ നിന്ന് സിനിമാലോകത്തേക്കുള്ള ചുവടുവയ്പ്പ് എങ്ങനെയായിരുന്നു? രണ്ടിന്റേയും വ്യത്യാസങ്ങളെ എങ്ങനെ കാണുന്നു?
പണ്ട് അച്ഛന് അഭിനയിച്ച് കൊണ്ടിരുന്ന കാപാലികയുടെ ഷൂട്ടിങ് സൈറ്റായ മൈസൂരില്‍ എത്തിയിരുന്നു. അതില്‍ ഒരു കോളജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലേക്ക് ഒഴിവ് വന്നപ്പോള്‍ യാദൃച്ഛികമായി എനിക്ക് അവസരം കിട്ടി, അതും അഛനൊപ്പം. പിന്നീട് സുറുമയിട്ട കണ്ണുകളിലൂടെ ആയിരുന്നു ഞാന്‍ സിനിമയില്‍ എത്തുന്നത്. കാപാലികയില്‍ നീ അഭിനയിക്കടാ എന്ന് അച്ഛന് നിര്‍ബന്ധിച്ച് പറഞ്ഞു. അതുവരെ സിനിമ എന്ന് ഫ്രെയിമിനെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. എന്‍.എന്‍. പിള്ളയുടെ മകന് എന്ന ലേബല്‍ ഉണ്ടായിരുന്നു. എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിയുമായിരുന്നു. പിന്നീട് 1983ലാണ് സുറുമയിട്ട കണ്ണുകളിലുടെ ഞാന്‍ സിനിമാ നടനായി അറിയപ്പെട്ടത്.
അതിനും മുമ്പ് രവി ആലുംമൂടിന്റെ ഒരു ആര്‍ട്ട് സിനിമയില്‍ അഭിനയിച്ചിരുന്നു. അന്ന് നാടകം ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന സമയമായിരുന്നു. അന്ന് അതിന്റെ ഷൂട്ടിങ് മുടങ്ങിയെങ്കിലും ആക്കാലത്ത് എനിക്ക് സിനിമ എന്ന കലയോട് ഒരു താല്പര്യം തോന്നിത്തുടങ്ങിയിരുന്നു.
നാടകമാണ് താങ്കളുടെ മുഖമുദ്രയെങ്കിലും പ്രേക്ഷക മനസുകളില്‍ ഇന്നും താങ്കള്‍ ഒരു സിനിമാ നടനാണ്.
നാടകവും സിനിമയും ഒരിക്കലും താരതമ്യം ചെയ്യരുത്. നാടകം പ്രേക്ഷകരിലേക്ക് പകരുകയും അവിടെ നിന്നും ഒരു സര്‍ക്കുലര്‍ റെസ്പോണ്‍സ് ഉണ്ടാക്കുകയും ചെയ്യും. നാടകം പ്രേക്ഷകരിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലും. പ്രേക്ഷകരുടെ മനസ്സ് നേരിട്ടറിഞ്ഞ് അഭിനയിക്കാം. സിനിമയില്‍ ആ ഒരു സുഖം ഇല്ല. നടന്നെന്ന നിലയിലുള്ള നല്ല ഒരു കോണ്‍ഫിഡന്‍സ് എനിക്ക് ഉണ്ട്.
1983 മുതല്‍ 93 വരെയുള്ള കാലഘട്ടത്തില്‍ കുറേ നല്ല ചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു. പിന്നീട് അത്ര നല്ല വേഷങ്ങള്‍ കിട്ടിയില്ല എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടോ?
1973 ല്‍ ആദ്യമായി അഭിനയിച്ചുവെങ്കിലും ഞാന്‍ 1983 മുതലാണ് സിനിമയില്‍ സജീവമായത്. ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ എനിക്ക് നല്ലതെന്നോ ചീത്തയൊന്നോ തോന്നിയിട്ടില്ല. എല്ലാം അഭിനയമായിരുന്നു, ഒരിക്കലും നിരാശതോന്നിയിട്ടില്ല. ന്യൂദല്‍ഹി സിനിമ മുതല്‍ അഭിനയരംഗത്ത് ചുവട് ഉറപ്പിച്ചു. ഇന്നും വളരെ സജീവമാണ്. പലരും പറയുന്നതുപോലെ ഒരു ബ്രേക്ക് എനിക്ക് വന്നിട്ടില്ല. ഞാന്‍ കാലത്തിന്റെ ഒഴുക്കിനൊപ്പം പോകുന്നു.
ന്യൂജനറേഷന് സിനിമകളും പഴയ സിനിമാ മേഖലയും തമ്മിലുള്ള വിത്യാസം?
ന്യൂ ജനറേഷന് എന്ന് ഒരു ഫീല്‍ എനിക്ക് ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ പുതിയ സംവിധായകരോടൊപ്പം ജോഷിയും ഷാജി കൈലാസുമൊക്കെ ചിത്രങ്ങള്‍ ഇറക്കിയത് നമ്മള് കണ്ടതല്ലേ. സിനിമയില്‍ ഉണ്ടായ മാറ്റം എന്നത് സാങ്കേതിക വശങ്ങളിലുണ്ടായ മാറ്റം മാത്രമായേ എനിക്ക് ഫീല്‍ ചെയ്തിട്ടുള്ളൂ. ഞാന്‍ ഹിറ്റ് സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചിട്ടില്ല. ഭരതന്, പത്മരാജന്, കെ.ജി. ജോര്‍ജ്ജ്, പ്രിയദര്ശന്, ബാലചന്ദ്രമേനോന്, ഹരിഹരന് എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചിട്ടില്ല.
താങ്കളെ പൗരുഷത്തിന്റെ പ്രതീകമായാണ് പ്രേക്ഷകര്‍ കാണുന്നത്. എന്തു പറയുന്നു?
അങ്ങനെയാണോ? പൗരുഷത്തിന്റെ പ്രതീകമെന്ന വിലയിരുത്തല്‍ പ്രേക്ഷകര്‍ക്ക് ഉണ്ടെങ്കില്‍ അത് ഞാന്‍ സ്വീകരിക്കുന്നു.
അച്ഛനും മകനും തമ്മിലുള്ള അതിശക്തമായ ബന്ധത്തിന്റെ കഥയായ ദേശാടനം എന്ന ചിത്രം താങ്കളുടെ ജീവിതവുമായി താരതമ്യം ചെയ്തിട്ടുണ്ടോ?
ഉണ്ട്, ഒരുപാട്… എനിക്ക് എല്ലാ കാര്യത്തിന്റേയും തുടക്കം അച്ഛനില്‍ നിന്നായിരുന്നു. പലരും പറയുന്നുണ്ട് ഞാന്‍ എപ്പോള്‍ സംസാരിച്ചാലും അച്ഛനെ ക്വോട്ട് ചെയ്യുമെന്ന്. അത് സത്യമാണ്. കാരണം എന്റെ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അവിടെ മറ്റ് ആരേക്കാളും സ്ഥാനം അച്ഛനുണ്ട്. അത്രയ്ക്ക് ബന്ധമായിരുന്നു ഞാനും അഛനും തമ്മില്‍.
മലയാള സിനിമയിലെ ഒട്ടുമിക്കവരും കുട്ടേട്ടന് എന്നാണല്ലോ വിളിക്കുന്നത്. എല്ലാവരുമായി വളരെ അടുപ്പത്തോടെ പെരുമാറുന്നുവെന്ന് കേട്ടിട്ടുണ്ട്. സിനിമയിലെ സുഹൃത്ത് ബന്ധങ്ങള്‍ എങ്ങനെ കൊണ്ടുപോകുന്നു?
സിനിമയില്‍ എനിക്ക് ഒരുപാട് സൗഹൃദങ്ങളുണ്ട്. അത് വളരെ കൃത്യമായി കൊണ്ടുപോകുന്നുണ്ട്. കുതിരവട്ടം പപ്പുവേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഇന്ന് പലരും അഭിനയത്തെ വിശേഷിപ്പിക്കുന്നത് റിയലിസ്റ്റിക് ആണെന്ന് പറഞ്ഞാണല്ലോ. പക്ഷേ പപ്പുവേട്ടന് അന്നേ റിയലിസ്റ്റിക് ആയിരുന്നു. അദ്ദേഹത്തിന്റെ അഭിനയം ഇന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സൗന്ദര്യത്തേക്കാള്‍, ശബ്ദത്തേക്കാള്‍ ഉപരി അഭിനയകലയാണ് ഒരു നടന് മുഖ്യം എന്ന് കാണിച്ചു തന്ന വ്യക്തിയാണ് അദ്ദേഹം.
ടെക്നോളജി എത്ര മാറിയാലും അഭിനയം മാറുന്നില്ല. ഇന്നുള്ള പല നടന്മാരും പുതുമുഖങ്ങള്‍ ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ്. സംവിധായകന് ജോഷി എന്റെ ക്ലാസ്മേറ്റ് ആണ്. ഷാജി കൈലാസ്, രണ്‍ജിപണിക്കര്‍ എന്നിവരുമൊക്കെയായി നല്ല സൗഹൃദത്തിലാണ്.
വില്ലനായും നായകനായും തിളങ്ങിയിരുന്ന താങ്കള്‍ അത്തരം വേഷങ്ങളെ എങ്ങനെയാണ് വേര്‍തിരിച്ച് വിലയിരുത്തുന്നത്?
വില്ലന്‍, നായകന് അങ്ങനെ ഒന്നും എനിക്ക് ഇല്ല. അഭിനയത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ റാംജീറാവു എന്ന കഥാപാത്രം ഒരു കാരിക്കേച്ചേറാണ്. നായകനും ഹീറോയും രണ്ടും രണ്ടാണ്. കഥ കൊണ്ടുപോകുന്ന ആളാണ് നായകന്. ഹീറോ എന്നാല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നവനാണ്. ആ നായകന് അല്ലെങ്കില്‍ ഹീറോക്ക് ഒരു പ്രതിനായകന് വേണം, അതാണ് വില്ലന്‍. നായകനും വില്ലനും ഒരേ മാനസിക അവസ്ഥയാണ്. സിനിമ കാണുന്നയാള്‍ക്ക് വില്ലന്‍ അധര്‍മ്മം ചെയ്യുന്ന ആളായി തോന്നുന്നു എന്നേ ഉള്ളൂ. അതുകൊണ്ടുതന്നെ എനിക്ക് എല്ലാ വേഷങ്ങളും ഇഷ്ടമാണ്.
സിനിമയിലെ മാറ്റങ്ങള്‍ എങ്ങനെ കാണുന്നു?
കാലത്തിന് അനുസരിച്ച് ഉണ്ടായ മാറ്റങ്ങള്‍ സിനിമയുടെ ടെക്നിക്കല്‍ വിഭാഗത്തിന് ഏറെ സഹായമാണ്. ഡബ്ബിങ് അടക്കമുള്ള സാങ്കേതിക വശങ്ങളില് പുതിയ ടെക്നോളജി വളരെ എളുപ്പമാക്കി. ഡിജിറ്റല്‍ ക്യാമറകളുടെ കടന്നുവരവ് സിനിമാ വ്യവസായത്തെ വളരെ സ്വാധീനിച്ചു. ഡിഐ മിക്സിങ്ങും, വിഎഫ്എക്സുമെല്ലാം സിനിമയുടെ അഭിവാജ്യഘടകമാണ്. അതുകൊണ്ട് ഇന്ന് കാര്യങ്ങള്‍ വളരെ എളുപ്പമാണ്.
പുതിയ പ്രൊജക്ടുകള്‍?
പുറത്തിറങ്ങുവാന്‍ രണ്ട് ചിത്രങ്ങളുണ്ട്. നാല് ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. 90 വയസ്സുള്ള ഒരു മുത്തച്ഛന്റെ വേഷം ചെയ്തു. നെറ്റ്ഫ്ളിക്സുമായി ചേര്‍ന്ന് ഒരു വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്.
കോട്ടയം ഒളശയിലെ ‘ഡാനീഷ്യാ’ എന്ന വീട്ടില്‍ ഭാര്യ അനിതയോടും മക്കളായ ജിനദേവന്, ദേവദേവന് എന്നവരോടും മരുമക്കളോടും കൊച്ചുമക്കളോടുമൊപ്പം കഴിയുന്നു. ഇളയമകന് ദേവദേവനും അഭിനയരംഗത്ത് സജീവമാകുവാന്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: