പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ തുടങ്ങി. അടുത്ത മാസം അവസാനമോ അതിനടുത്തമാസം ആദ്യമോ പരീക്ഷാഫലം വരും. ഫലം 100 ശതമാനം വിജയമായാലും 99.99 ശതമാനം എ പ്ലസ് വിജയമായാലും സമ്പൂര്‍ണമായി കുട്ടികള്‍ പരാജയപ്പെട്ടാലും സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രിക്ക് സ്ഥാനമൊന്നും നഷ്ടമാകാന്‍ പോകുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമന്ത്രി രാജിവെക്കണമെന്നോ മന്ത്രിയെ രാജിവെപ്പിക്കണമെന്നോ വിദ്യാഭ്യാസ ചട്ടത്തിലോ ഭരണഘടനയിലോ വ്യവസ്ഥയില്ല. അതിനാല്‍, പരീക്ഷ കഴിഞ്ഞ് ഫലംവരുന്നതിനിടയില്‍ സമാധാനപരമായി വിദ്യാഭ്യാസ വകുപ്പുമന്ത്രിക്കും വകുപ്പിനും ചിന്തിക്കാന്‍ ചില കാര്യങ്ങള്‍.
വിദ്യാഭ്യാസത്തിന്റെ നിര്‍വചനവും നിര്‍ദ്ധാരണവും ഒക്കെ നില്ക്കട്ടെ. എന്തൊക്കെപ്പറഞ്ഞാലും അടിസ്ഥാനപരമായി, വിദ്യാഭ്യാസം പല ഘട്ടങ്ങളിലും ഘടകങ്ങളിലും യോഗ്യത നിര്‍ണയിക്കാനുള്ള മാനദണ്ഡമാണ്. മന്ത്രിയാകാനോ, ഏതെങ്കിലും രാഷ്ട്രീയ പരിഗണനയിലുള്ള സ്ഥാനങ്ങള്‍ നേടാനോ അതാവശ്യമില്ലെങ്കിലും പലരില്‍ ഒരാളെ തിരഞ്ഞെടുക്കേണ്ട ഘട്ടം വരുമ്പോള്‍ നിശ്ചയമായും പരിഗണിക്കേണ്ട പ്രധാന വിഷയമാണ് വിദ്യാഭ്യാസം. തത്വത്തില്‍ അങ്ങനെയല്ലെന്ന് പറഞ്ഞാലും പ്രയോഗത്തില്‍ മത്സരംതന്നെയാണത്. വിദ്യാഭ്യാസയോഗ്യത കണക്കാക്കുമ്പോള്‍, അതില്‍ സര്‍ട്ടിഫിക്കറ്റുകള്‍തന്നെയാണ് മുഖ്യം. അങ്ങനെ നോക്കുമ്പോള്‍ പഠിക്കുക, യോഗ്യത നേടുക എന്നത് പരമപ്രധാനമാണ്.
പക്ഷേ സര്‍ട്ടിഫിക്കറ്റ് മാത്രംപോരാ പ്രയോഗത്തിനുള്ള ക്ഷമതയും പ്രധാനമായിവന്നിരിക്കുന്ന കാലമാണിത്. ഇയാള്‍ ഇന്നയോഗ്യതയുള്ളയാളാണെന്ന് ഒരു സ്ഥാപനമോ സംവിധാനമോ നല്കുന്ന ഉറപ്പിനെ പരിശോധിച്ച് അതിലെ ശരിതെറ്റുകള്‍ അറിയാനുള്ള സംവിധാനത്തിലെ പരീക്ഷണവും വിജയിക്കുമ്പോഴേ അയാളുടെ യോഗ്യത പൂര്‍ണബോധ്യമാകൂ എന്നാണ് അനുഭവം.
അതിനപ്പുറം, വിദ്യാഭ്യാസം മനുഷ്യന്റെ പ്രത്യേക അവസരങ്ങളിലെ പെരുമാറ്റത്തിനെ സ്വാധീനിക്കുന്നു. അത് സാംസ്കാരികമായി പ്രതിഫലിപ്പിക്കുന്നു. അത് വ്യക്തിയുടെ ‘സ്വഭാവ’ത്തെ സമൂഹത്തിലെ ‘സ്വഭാവമായി’ പരിണമിപ്പിക്കുന്നു. അപ്പോള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം പൂര്‍ണ വിജയത്തിലോ, മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലിലോ, മുന്‍ സര്‍ക്കാരിന്റെകാലത്തേക്കാള്‍ മികച്ചതിലോ എന്നതാകില്ല കാര്യം. അതുകൊണ്ട്, പരീക്ഷ കുട്ടികള്‍ എഴുതട്ടെ, വിദ്യാഭ്യാസ വകുപ്പുമന്ത്രി അതില്‍ ആശങ്കപ്പെടുകയോ ആവേശം കൊള്ളുകയോ വേണ്ട എന്ന് ചുരുക്കം.
എന്നാല്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി, ആ വകുപ്പ്, സര്‍ക്കാര്‍, ആകുലപ്പെടുകയും ആശങ്കകൊള്ളുകയും ചെയ്യേണ്ട ചിലതുണ്ട്. അത് പരീക്ഷയ്ക്ക് മുമ്പുള്ള കാര്യങ്ങളാണ്. ‘പരീക്ഷാ പേ’ ചര്‍ച്ചയല്ല, ‘ശിക്ഷാ പേ’ ചര്‍ച്ചയാണ്. (ഹിന്ദി അടിച്ചേല്‍പ്പിച്ചതല്ല, പരിചയംകൊണ്ട് സ്വാഭാവികമായി വന്നതാണ്)
ആദി ശങ്കരാചാര്യരുടെ ‘ഭജഗോവിന്ദം’ കേട്ടിട്ടുണ്ടാകും. മനസ്സിരുത്തി വായിക്കണം. വ്യാഖ്യാനങ്ങള്‍ കിട്ടും. സംസ്കൃതം പഠിച്ചിട്ടില്ലെന്ന ഖേദം വേണ്ട, സംസ്കൃതം എന്നുകേള്‍ക്കുമ്പോള്‍ ‘പ്രാകൃത’മായ വികാരവും വിചാരവും ഉണ്ടാകാതിരിക്കണം. അതില്‍പ്പറയുന്ന ‘ഗോവിന്ദന്’ ആത്മാവാണ്, ആധ്യാത്മികതയാണ്, ആത്മീയതയാണ്, അവനവനെ അറിയലാണ്. അതില്‍ വൈരുദ്ധ്യാത്മകതയുടെ ഭൗതികവാദം തീണ്ടരുത്. ‘ഭജഗോവിന്ദം’ തുടങ്ങുന്നു: ”ഭജഗോവിന്ദം ഭജഗോവിന്ദം/ഗോവിന്ദം ഭജ മൂഢമതേ,/ സംപ്രാപ്തേ സന്നിഹിതേ കാലേ/ നഹിനഹി രക്ഷതി ഡുകൃഞ്ജ് കരണേ” അതായത്, ‘ജീവിതത്തിന്റെ കാലം കഴിയാറാകുമ്പോള്‍, അതുവരെ പഠിച്ച ഭാഷാ വ്യാകരണ നിയമങ്ങളൊന്നും രക്ഷിക്കാനുണ്ടാവില്ല’ എന്ന്. ഇത് ശങ്കരന് വിവര വിദ്വേഷിയായിരുന്നതിനാലാണെന്ന് വിവരിക്കുന്ന നവ ശങ്കരന്മാരും വിവരദോഷികളും ഉള്ള നാടാണ് നമ്മുടേത്. ഭാഷാ വ്യാകരണത്തിനപ്പുറത്ത് ജീവിതത്തിന്റെ വ്യാകരണം പഠിക്കാനാണ് ഉപദേശം. കടുത്ത യുക്തിചിന്തകനുമായിരുന്ന സ്വാമി വിവേകാനന്ദന് പറഞ്ഞതും അതുതന്നെയാണ്, ”മനുഷ്യന്റെ ഉള്ളില്‍ ജന്മനാ ഉള്ള സമ്പൂര്‍ണതയുടെ പ്രകടീകരണമാണ് വിദ്യാഭ്യാസ”മെന്ന്. പക്ഷേ, ശങ്കരനും വിവേകാനന്ദനും പറഞ്ഞത് വേണ്ടവണ്ണം തിരിച്ചറിയാതെയാണ് നമ്മുടെ മുഴുവന്‍ വിദ്യാഭ്യാസവുമെന്നുമാത്രം. ഒരു പ്രായത്തില്‍, ‘വിദ്യാര്‍ത്ഥികളായിരിക്കുക’ എന്നത് ധര്‍മ്മവും അതനുസരിച്ചുള്ള കര്‍മ്മങ്ങള്‍ ചര്യയാക്കുക എന്നതുമാണ് വിദ്യാഭ്യാസത്തിന്റെ വഴി. പക്ഷേ, ‘ധര്‍മ്മ’മല്ല , ‘അര്‍ത്ഥ’മാണ്(ധനം) മുഖ്യമെന്നും അടിത്തറയെന്നും തെറ്റിവശായവരുടെ ബോധത്തിലും സങ്കല്പ്പത്തിലും അവര്‍ തുറന്ന വഴിയിലൂടെയായി ഏറെക്കാലം വിദ്യയുടെ ‘അഭ്യാസം’. അത് ക്രമേണ ‘കാമ’ത്തിലേക്കെത്തി (ആഗ്രഹം). പക്ഷേ, ‘മാനിഫെസ്റ്റേഷന്’, പ്രകടീകരണം, അതു മാത്രം യഥാവിധി സംഭവിച്ചില്ല. കാരണം മറ്റെവിടെയൊക്കെയോ കണ്ടതിനെ, ഇവിടെയുള്ളത് മോശമാണെന്ന മുന്‍വിധിയില്‍ അനുകരിച്ചു, അനുസരിച്ചു. അങ്ങനെ രീതിയില്‍, ഉള്ളടക്കത്തില്‍, സംവിധാനത്തില്‍, സമ്പ്രദായത്തില്‍, ലക്ഷ്യത്തില്‍ എല്ലാം അപഭ്രംശങ്ങള്‍ സംഭവിച്ചു.
ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം എന്നാല്‍ മരച്ചുവട്ടിലും ഗുഹയിലും പര്‍ണാശ്രമത്തിലും കാവിയുടുത്തവര്‍ കളരിയിലിരുത്തി മതവും ഈശ്വരവിശ്വാസവും പഠിപ്പിക്കുന്നതാണെന്ന ദുര്‍വ്യാഖ്യാനവിവരണങ്ങള്‍ ചമച്ചു. അത് പ്രചരിപ്പിച്ചു. അതിനപ്പുറം, ടൈകെട്ടി, ഷൂ ഇട്ട്, യൂണിഫോം ധരിച്ച്, എസി മുറിയിലിരുന്ന് പഠിച്ചെടുക്കേണ്ടതാണ് വിദ്യാഭ്യാസമെന്ന അവബോധം സൃഷ്ടിച്ചു. പഠിക്കേണ്ടതിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തി. ഭാഷയും സാഹിത്യവും പാഠങ്ങളില്‍നിന്ന് അപ്രത്യക്ഷമായി. സാങ്കേതികകാര്യങ്ങളാണ് പഠിക്കേണ്ടതെന്ന വിശ്വാസം പരത്തി. തൊഴിലധിഷ്ഠതമാക്കി വിദ്യാഭ്യാസം.
ധാര്‍മ്മികതയും മൂല്യവും ഗുണപാഠവും അപരാധങ്ങളാണെന്ന നിലവരുത്തി. സംസ്കൃതം എന്നത് പരിഷ്കൃതമല്ലെന്ന് വിധിച്ചു. ഹിന്ദി അനാവശ്യമെന്ന് വാദിച്ചു. ത്രിഭാഷയല്ല ശരി മാതൃഭാഷ മാത്രമാണെന്ന ധാരണയുണ്ടാക്കി. ഇംഗ്ലീഷ് മേല്‍ത്തട്ടുകാര്‍ക്കുള്ള ആര്‍ഭാടമാണെന്ന് ഇകഴ്ത്തി.
അടുത്ത ഘട്ടത്തിലാണ് പരിഷ്കാരം പാരമ്യത്തിലെത്തിയത്. ധര്‍മ്മത്തില്‍നിന്ന് അകറ്റി അവിടെ കാമം പ്രതിഷ്ഠിച്ചു. കാമം, അതിന്റെ എല്ലാ അര്‍ത്ഥത്തിലും. തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു വാദങ്ങള്‍ പലതും. ലൈംഗിക വിദ്യാഭ്യാസത്തിന്റെ പേരില്‍ ഒളിച്ചുകടത്തിയത് അശ്ലീല പാഠങ്ങളായി മാറി, അപക്വമനസ്വികളായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ക്ലാസ് മുറികളില്‍.
പരീക്ഷകള്‍ അനാവശ്യമെന്ന് പ്രഖ്യാപിച്ചു. ക്ലാസുകയറ്റത്തിന് യോഗ്യത വേണ്ടെന്നായി. അടിയുറയ്ക്കാത്ത മണ്‍കൂനകളെ കെട്ടിടങ്ങളാക്കി ചായംപൂശി നിരത്തി, വിജയികളെന്ന് വിളിച്ചു. അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് രാഷ്ട്രീയ പരിശീലനം കൊടുത്തു, അവരവരുടെ കര്‍ത്തവ്യങ്ങളെക്കുറിച്ച് പഠിപ്പിക്കാന്‍ അമ്പേ മറന്നു.
പക്ഷേ, പത്താം ക്ലാസ് പരീക്ഷ വലിയ കടമ്പയാണെന്ന് പഠിപ്പിച്ചു. അവിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍, സ്കൂളുകള്‍ തമ്മില്‍, വിദ്യാഭ്യാസ ജില്ലകള്‍ തമ്മില്‍, റവന്യൂ ജില്ലകള്‍ മത്സരമായി. 2004 ല്‍ റാങ്കുകള്‍ ഇല്ലാതായെങ്കിലും പലവിധത്തില്‍ വിജയശതമാനം ഉയര്‍ത്തി പ്രഖ്യാപിക്കാനുള്ള വിദ്യകള്‍ ഉണ്ടായി. 210 മാര്‍ക്ക് ആകെ കിട്ടിയാല്‍ വിജയിക്കാമെന്ന അവസ്ഥ വന്നത് 1969 ലാണ്. അതും കിട്ടാത്തവരെ കടത്തിവിടാന്‍ മോഡറേഷന് സമ്പ്രദായം വന്നത് 1970 കളിലാണ്. 2005 ല്‍ തോറ്റവര്‍ക്കുള്ള ‘സേ’ പരീക്ഷകൂടി വന്നപ്പോള്‍ പത്താം ക്ലാസ് പരീക്ഷയുടെ ഫലം മന്ത്രിമാരും സര്‍ക്കാരുകളും തമ്മിലുള്ള മത്സരമായി. മുന്‍മന്ത്രിയുടെ കാലത്തെ വിജയ ശതമാനത്തേക്കാള്‍ അര ശതമാനമെങ്കിലും കൂടിയില്ലെങ്കില്‍ ഫലം പ്രഖ്യാപിക്കുന്ന മന്ത്രിക്ക് നാണക്കേടാണെന്നായി.
പറഞ്ഞുവരുന്നത്, വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ പോക്കിനെക്കുറിച്ചാണ്. പഠിക്കുന്നവര്‍ക്കുള്ള അവകാശങ്ങള്‍ കൂടിക്കൂടി വരുന്നതിനൊപ്പം പഠിപ്പിക്കുന്നവര്‍ക്കുള്ള കര്‍ത്തവ്യങ്ങളും നിയന്ത്രണങ്ങളും വര്‍ദ്ധിച്ചുവര്‍ദ്ധിച്ചു വരുന്നു; അത് അനുപാതമില്ലാതെയായി. വിദ്യാര്‍ത്ഥികള്‍ സകലമാന സ്വാതന്ത്ര്യവും, (ചിലപ്പോഴെല്ലാം ദുസ്സ്വാതന്ത്ര്യമായിത്തന്നെ തോന്നുന്നുവെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതിപ്പെടുന്നുമുണ്ട്) അനുഭവിക്കുമ്പോള്‍ പരീക്ഷാ ഫലത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അധ്യാപകര്‍ സമാധാനം പറയേണ്ടിവരുന്നു. അങ്ങനെ പഠിപ്പിക്കലിനുള്ളിലെ പഠിപ്പിക്കലായി വിജയശ്രീ പദ്ധതി ഉണ്ടാകുന്നു. പഠിക്കാന്‍ പിന്നാക്കമായവര്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നു. അവര്‍ക്ക് രാത്രികാല പഠനം നല്കുന്നു (കുട്ടികള്‍ ഇതിനെ ‘ബ്രഡ്-മുട്ട’ക്ലാസ്, ‘പൊറോട്ട’ക്ലാസ് എന്നൊക്കെയാണത്രെ പരാമര്‍ശിക്കുന്നത്!), ഒടുവില്‍ മോഡറേഷനും നല്കുന്നു. എന്നിട്ടും കടന്നുകൂടാത്തവരുണ്ടാകുന്നു. എന്തിനേറെ, തോല്ക്കാന് വിദ്യാര്‍ത്ഥികള്‍ ഏറെ പണിപ്പെടണം.
ജയിച്ചു വരുന്നവരില്‍ പക്ഷേ, സ്വന്തം പേര്, പഠിച്ച വിഷയം, സ്കൂളിന്റെ പേര് തെറ്റാതെ എഴുതാന്‍ കഴിയാത്തവരുണ്ട്. മാതൃഭാഷ തെറ്റില്ലാതെ പറയാനും എഴുതാനും കഴിയാത്തവര്‍. അവര്‍ തുടര്‍ വിദ്യാഭ്യാസത്തിന് ഇതര സംസ്ഥാനങ്ങളിലെ സമര്‍ത്ഥരുമായി മത്സരിക്കുമ്പോള്‍ പിന്നാക്കം പോകുന്നു. 100 ശതമാനം വിദ്യാര്‍ത്ഥികളും ഏറ്റവും മെച്ചപ്പെട്ട തുടര്‍ വിദ്യാഭ്യാസം നേടുന്ന, വിദ്യയിലൂടെ വിവേകവും സംസ്കാരവും നേടുന്ന സംവിധാനത്തിലേക്ക് ഉയരുന്ന വിദ്യാഭ്യാസ സംവിധാനം സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നില്ക്കാന് നാം തയാറാകണം. നാം എന്നാല്‍, ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ആദ്യ വാക്യത്തിലെ നാം, ഇന്ത്യന്‍ ജനത, ‘വീ ദ് പീപ്പിള്‍ ഓഫ് ഇന്ത്യ’. അതിനുള്ള വിശാലമായ തുടക്കമാണ് എന്‍പിഇ 2023 എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പുതിയ ‘നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി 2023.’ അത് വിപ്ലവമാണെന്ന് തിരിച്ചറിയാന്‍ മധ്യവേനല്‍ അവധിക്കാലം നമുക്ക് വിനിയോഗിക്കാം. അത് ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഘടന പരിഷ്കരിക്കും, മോശം ചരിത്രം തിരുത്തും, പുതിയ ശരിയായ ചുവടുവെയ്ക്കും.
പിന്കുറിപ്പ്: മേവാറിലെ ജനങ്ങള്‍ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാനിലെ മേവാറില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ: സഫിയ സുബൈര്‍. ‘ആരാധനയുടെ രീതി മാറാം, പക്ഷേ സിരകളിലോടുന്ന രക്തം ഒന്നാണെ’ന്നവര്‍ തുടര്‍ന്നു. തിരിച്ചറിയുന്നവരും വിളിച്ചു പറയുന്നവരും കൂടിക്കൂടി വരുന്നുവെന്നതാണ് ഈ കാലത്തെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: