തിരൂര്‍ കോടതികളുടെ ചരിത്രത്തില്‍ അവഗണിക്കാനാവാത്ത അടയാളപ്പെടുത്തലുകളോടെ വക്കീല്‍ ഗുമസ്തനും എഴുത്തുകാരനുമായ തിരൂര്‍ ദിനേശ് നാലു പതിറ്റാണ്ടുകാലത്തെ കോടതിയെഴുത്തിനോട് വിടപറയുന്നു. പൊന്നാനി കോടതിയുടെ ചരിത്രത്തിന്റെ ഭാഗമായ മഹാകവി ഇടശ്ശേരിക്ക് ശേഷം സാഹിത്യ മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച തിരൂര്‍ ദിനേശ് ഷഷ്ഠിപൂര്‍ത്തി ദിനമായ ഈ മാസം 28നാണ് വക്കീല്‍ ഗുമസ്ത കുപ്പായം അഴിച്ചുവയ്ക്കുന്നത്.
കോഴിക്കോട് ചേവരമ്പലത്ത് വെളമല്‍പനങ്ങോട്ട് ഗോപാലന് നായരുടെയും വെങ്ങാലൂരില്‍ പാലക്കാട് ശ്രീദേവി അമ്മയുടേയും മകനായി 1963 മാര്‍ച്ച് 15ന് മീനമാസത്തിലെ മകീര്യം നക്ഷത്രത്തിലാണ് തിരൂര്‍ ദിനേശ് ജനിച്ചത്. ദിനേശ് ബാബു എന്നാണ് ശരിയായ പേര്. പ്രതികൂല ജീവിത സാഹചര്യങ്ങളെത്തുടര്‍ന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തോടെ പഠനം ഉപേക്ഷിച്ച് 1979ല്‍ തിരൂരില്‍ അഡ്വ. ടി. കൃഷ്ണനുണ്ണിയുടെ ഗുമസ്തനായിക്കൊണ്ടാണ് കോടതിയെഴുത്തിലേക്ക് കടന്നുവന്നത്. ഇത് ഒരു നിമിത്തവും നിയോഗവുമായിത്തീര്ന്നു. നാലു പതിറ്റാണ്ടിനിടയ്ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ എഴുതി. വക്കീല്‍ ഗുമസ്ത ജോലിക്കിടയില്‍ത്തന്നെ ഇതിനെല്ലാം സമയം കണ്ടെത്തി. രചനകളൊക്കെ ചരിത്രസംബന്ധിയായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്ര നോവലുകള്‍ എഴുതിയ എഴുത്തുകാരന് കൂടിയാണ് തിരൂര്‍ ദിനേശ്.
തുഞ്ചത്തെഴുത്തച്ഛന്‍, മേല്‍പ്പത്തൂര്‍ ഭട്ടതിരി, പൂന്താനം, ശങ്കരാചാര്യസ്വാമികള്‍, മഹാത്മാ അയ്യന്‍കാളി, രാമസിംഹന് എന്നിവരെക്കുറിച്ചുള്ള ജീവചരിത്ര നോവലുകള്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട രചനകളാണ്. മാപ്പിള കലാപത്തെക്കുറിച്ച് മൂന്ന് പുസ്തകങ്ങള്‍ രചിച്ചു. പ്രാദേശിക ചരിത്രരചന ലക്ഷ്യമിട്ട് കേരളത്തില്‍ ആദ്യമായി ഒരുസംവിധാനമുണ്ടാക്കിയത് തിരൂര്‍ ദിനേശ് ആണ്. പ്രാദേശിക ചരിത്രരചന സ്കൂള്‍പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റാന്‍ സര്‍ക്കാരിനു പ്രചോദനമായത് തിരൂര്‍ ദിനേശ് തുടങ്ങിയ ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളാണ്. തകര്‍ന്ന് കാടുമൂടി കിടക്കുന്ന ഇരുനൂറോളം ക്ഷേത്രങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷമായി കണ്ടെത്തി അവയുടെ ചരിത്രം രചിച്ചു. ക്ഷേത്രചരിത്ര രചന ശ്രദ്ധയില്‍പ്പെട്ട ലോകപ്രശസ്ത ഇന്‍ഡോളജിസ്റ്റായ ജര്‍മ്മനിയിലെ കൊര്ണാള്ഡ് എല്‍റ്റ്സ് തന്റെ ബ്ലോഗില്‍ തിരൂര്‍ ദിനേശിനെ പ്രശസ്ത ക്ഷേത്ര ചരിത്രകാരനായ സീതാറാം ഗോയലിന്റെ പിന്‍ഗാമി എന്നാണ് വിശേഷിപ്പിച്ചത്.
രണ്ടര നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തിനു നഷ്ടപ്പെട്ട ഭാരതപ്പുഴയുടെ ഉത്സവമായ മാമാങ്കം പുനഃരാരംഭിച്ചത് തിരൂര്‍ ദിനേശാണ്. ഇദ്ദേഹത്തിന്റെ നിരവധി കണ്ടെത്തലുകള്‍ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ തിരൂര്‍ ദിനേശിന് 2021ല്‍ കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയര്‍ ഫെല്ലോഷിപ്പു നല്കി. കോടതിയെഴുത്തിനും പുസ്തകമെഴുത്തിനും പുറമെ പത്രലേഖകനായും പ്രവര്‍ത്തിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തകനായിട്ട് മൂന്നര പതിറ്റാണ്ടുംപിന്നിട്ടു. സംസ്ഥാനത്തെ മികച്ച പ്രാദേശികപത്രപ്രവര്ത്തകനുള്ള കുന്നംകുളം പ്രസ്സ് ക്ലബ്ബ് പുരസ്കാരം, മലയാളനന്മ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കേരളാ അഡ്വക്കറ്റ്സ് ക്ലാര്‍ക്ക്സ് അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ അംഗമായിരിക്കെത്തന്നെ തിരൂര്‍ ദിനേശ് തിരൂര്‍ പ്രസ്സ് ക്ലബ്ബിന്റെ സെക്രട്ടറിയുമായിരുന്നു. ശേഷിച്ച കാലം എഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ധിക്കുമെന്ന് പറഞ്ഞ തിരൂര്‍ ദിനേശിന്റെ ഷഷ്ഠിപൂര്‍ത്തിക്ക് ഇരട്ടി മധുരമുണ്ട്. അന്ന് തന്നെയാണ് അമ്മയുടെ എണ്‍പത്തിയഞ്ചാം പിറന്നാളും. ഒഴൂര്‍ എരനെല്ലൂരിലെ പണിക്കോട്ടില്‍ രമയാണ് ഭാര്യ. മകന് ശ്രീഹരി തിരൂരില്‍ അഭിഭാഷകനാണ്. ശ്രീലക്ഷ്മി, നര്‍ത്തകിയായ ആര്.എല്‍.വി. കൃഷ്ണാ ദിനേശ് എന്നിവരാണ് മറ്റു മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: