തൃശൂർ: അന്താരാഷ്‌ട്ര നാടകോത്സവ വേദിയിൽ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. നാടകത്തിന് സർക്കാരും ഇടതുസംഘടനകളും നൽകുന്ന പിന്തുണ അപലപനീയമാണെന്നും അത്യന്തം അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിർമ്മിക്കുന്നതുമായ സൃഷ്ടികളെ മഹത്വവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കെസിബിസി വാർത്താ കുറിപ്പിൽ പറഞ്ഞു.
വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് കക്കുകളി നാടകം ക്രൈസ്തവ വിരുദ്ധ ഉള്ളടക്കമാണെന്ന് വിലയിരുത്തുകയും നാടകത്തിന്റെ അവതരണത്തെ അപലപിക്കുകയും ചെയ്തത്.
എത്രയും വേഗം നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ സർക്കാർ ഇടപെടൽ വേണം. കേരളത്തിൽ അതുല്യമായ സേവന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും പതിനായിരക്കണക്കിന് സന്യാസിനിമാരുടെയും ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും വിലപറയുന്ന കക്കുകളി എന്ന നാടകത്തിന് സംസ്ഥാന സർക്കാരിന്റെ അന്തർദേശീയ നാടക മേളയിൽ ഉൾപ്പെടെ സ്ഥാനം ലഭിച്ചതും കമ്യൂണിസ്റ്റ് സംഘടനകൾ പ്രസ്തുത നാടകത്തിന് വലിയ പ്രചാരം നൽകിക്കൊണ്ടിരിക്കുന്നതും അത്യന്തം അപലപനീയമാണെന്നും കെസിബിസി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: