കോട്ടയം: ‘കൊടയല്ല വടി’ എന്ന മാസ് ഡയലോഗിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അന്ന തോമസ് (92) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അന്ത്യം. വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. പെട്ടന്നുണ്ടായ ചെറിയ ചുമയും ശ്വാസംമുട്ടലുമാണ് അന്നയുടെ ആരോഗ്യം വഷളാക്കിയത്.വീട്ടിലെ തെങ്ങിന് വളമിടുന്ന കാര്യം കേള്‍വിക്കുറവുള്ള ഭര്‍ത്താവിനോട് പലയാവര്‍ത്തി പറഞ്ഞിട്ടും കേള്‍ക്കാതെ വരുമ്പോള്‍ തൊണ്ണൂറുകാരി കുപിതയായ വീഡിയോ കണ്ടു ചിരിക്കാത്ത മലയാളികളില്ല. യൂട്യുബില്‍ വൈറലായ ഈ രംഗം കണ്ട് സാക്ഷാല്‍ ജഗതി ശ്രീകുമാര്‍ പോലും പൊട്ടിച്ചിരിച്ചിരുന്നു. ജഗതി ചിരിക്കുന്ന വീഡിയോ കണ്ട് അന്നച്ചേട്ടത്തിയും ചിരിച്ചുപോയി. രണ്ട് കൊല്ലം മുമ്പാണ് ഉഴവൂര്‍ ചക്കാലപടവില്‍ അന്ന ചക്കാലപടവും ഭര്‍ത്താവ് തോമസുമായുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
അന്ന് മുതല്‍ ഈ രംഗം പലയാവര്‍ത്തി കണ്ടവര്‍ വെള്ളിയാഴ്ച വലിയ സങ്കടത്തോടെയാണ് അന്നയുടെ വേര്‍പാട് വാര്‍ത്ത അറിഞ്ഞത്. ആ യൂട്യൂബ് രംഗത്തിലെ സംഭാഷണം ഇങ്ങനെ ‘തൈയുടെ ചോട്ടിലേ വളം മേടിച്ചിടണം, വളം” എന്ന് അന്ന. ഭാര്യ എന്തോ പറയുന്നുണ്ടെന്ന് മനസിലാക്കിയ തോമസ് ശ്രദ്ധാപൂര്‍വം ശ്രദ്ധിക്കുന്നുണ്ടെങ്കിലും കേള്‍ക്കാന്‍ കഴിയുന്നില്ല. അന്ന പലയാവര്‍ത്തി പറയുമ്പോള്‍ തോമസ് വളരെ ശാന്തനായി അവസാനം ചോദിക്കുന്നു ‘കൊടയോ’?. അത് കേട്ടതും സ്വാഭാവികമായുണ്ടായ ദേഷ്യത്തിന് പുറത്ത് അന്ന പ്രതികരിച്ചതാണ് ‘കൊടയല്ല വടി’. ആ മാസ് മറുപടി ആയിരുന്നു വൈറലായത്.
അത്രയും സ്വഭാവികമായിട്ടാണ് ആ അമ്മയുടെ പ്രതികരണമെന്ന് അയല്‍വാസിയായ സൈമണ്‍ പരപ്പനാട് പറയുന്നു. പലവട്ടം താനടക്കം പലരും ഈ രംഗം അന്നച്ചേട്ടത്തിയേയും അപ്പാപ്പനേയും കാണിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അന്നച്ചേടത്തി പറയും ”മകളുടെ മകള്‍ പറ്റിച്ച പണി”യായിരുന്നെന്ന്. ഇത് കണ്ടു തോമസും പിന്നീട് ചിരിച്ചു. കര്‍ഷകനായ തോമസും അന്നയും എന്നും കൃഷിക്ക് നല്കിയ പ്രാധാന്യമാണ് വീഡിയോയിലും കാണാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: