കണ്ണൂര്‍: ആറളം ഗ്രാമപഞ്ചായത്തിലെ വീര്‍പ്പാട്ടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഫാമിലെ പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
ബന്ധപ്പെട്ട ഫാമിലെ പന്നികള്‍ മുഴുവന്‍ ചത്തതിനാല്‍ ഫാമില്‍ പന്നികള്‍ ഇല്ലെന്നും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് പന്നി ഫാമുകള്‍ ഇല്ലെന്നും മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഫാമിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു.
ആറളം ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പോലീസുമായും റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറുമായും ചേര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തണം.
രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്, വില്ലേജ് ഓഫീസര്‍, കെ എസ് ഇ ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെട്ട ടീം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കണം. അണുനശീകരണത്തിനു ശേഷം ഫാമില്‍ ഫ്യൂമിഗേഷന് നടപടികള്‍ ഫയര്‍ ആന്റ് റെസ്ക്യു ഫോഴ്സിന്റെ നേതൃത്വത്തില്‍ നടത്താനും ഉത്തരവില്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: