മ്യൂണിക്ക്: ലോക ഫുട്ബോളിലെ മിന്നും താരങ്ങള്‍ ലയണല്‍ മെസിയും കൈലിയന്‍ എംബാപ്പെയും നെയ്മറും ഇനി യുവേഫ ചാമ്പ്യന്‍സ് ലീഗിലില്ല. ഇവരുടെ ടീമായ പിഎസ്ജി ലീഗില്‍ നിന്ന് പുറത്ത്. നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് 2-0ന് തോറ്റ് ആകെ 3-0ന് കീഴടങ്ങി പിഎസ്ജിയുടെ മടക്കം. മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ആകെ 1-0 ജയത്തോടെ ഇറ്റാലിയന്‍ കരുത്തരായ എസി മിലാനും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ബയേണിന്റെ അലിയന്‍സ് അരീനയില്‍ ഒരു ഗോള്‍ കമ്മി മറികടക്കാനിറങ്ങിയ പിഎസ്ജിക്ക് അടിതെറ്റി. പരിക്കു മൂലം നെയ്റില്ലാതിരുന്നെങ്കിലും മെസിയും എംബാപ്പെയും അച്രഫ് ഹാക്കിമിയും മുഴുവന്‍ സമയവും കളിച്ചിട്ടും ബയേണ്‍ പ്രതിരോധം പിളര്‍ത്താനായില്ല.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. 61-ാം മിനിറ്റില്‍ എറിക് ചൗപൊ മോട്ടിങ്ങും 89-ാം മിനിറ്റില്‍ സെര്‍ജി നബ്രിയുമായണ് ജര്‍മന്‍ ടീമിനായി ഗോള്‍ നേടിയത്. പിഎസ്ജി ബോക്സില്‍ ബയേണ്‍ ചെലുത്തിയ സമ്മര്‍ദത്തിന്റെ ഫലമായിരുന്നു ആദ്യ ഗോള്‍. പിഎസ്ജി പ്രതിരോധത്തില്‍ നിന്ന് പന്ത് റാഞ്ചിയ തോമസ് മുള്ളറും ലിയോണ്‍ ഗൊരെറ്റ്സ്ക്കയുമാണ് ഗോളിലേക്ക് വഴിതുറന്നത്. അപ്രതീക്ഷിതമായി ഗൊരെറ്റ്സ്ക്ക നല്കിയ പാസ് മുന്‍ പിഎസ്ജി സ്ട്രൈക്കര്‍ കൂടിയായ മോട്ടിങ് ഗോളിലേക്ക് തിരിച്ചുവിട്ടു. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ജോവൊ കാന്‍സെലൊ നല്കിയ പാസിലാണ് നബ്രി ടീമിന്റെ രണ്ടാം ഗോളും നേടിയത്. പാരീസിലെ ആദ്യ പാദം 1-0ന് ജയിച്ചിരുന്ന ബയേണ്‍ വീണ്ടുമൊരിക്കല്‍ കൂടി യൂറോപ്യന്‍ പോരാട്ടത്തില്‍ അവസാന എട്ടിലിടം നേടി.
സ്വന്തം മൈതാനത്തെ ആദ്യ പാദം ഒരു ഗോളിന് ജയിച്ച മിലാന്, എതിരാളിയുടെ മൈതാനത്ത് അവരെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുനിര്‍ത്തി. ഇതോടെ, 1-0ന് അവര്‍ അവസാന എട്ടില്‍. ഇടവേളയ്ക്കു ശേഷമാണ് മിലാന് ക്വാര്‍ട്ടറിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: