തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. രാവിലെ 9:30-ന് തന്നെ പരീക്ഷകള്‍ക്ക് തുടക്കമായി. ഈ വര്‍ഷം സംസ്ഥാനത്ത് 4,19,362 വിദ്യാര്‍ത്ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന് കുട്ടി അറിയിച്ചു.
പാഠ്യേതര വിഷയത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കും. ഗ്രേസ് മാര്‍ക്ക് ഇത്തവണ ക്രമീകരിച്ച് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രേസ് മാര്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കുമെന്നാണ് ശിവന്‍കുട്ടി അറിയിച്ചത്.
ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ നടപടിയെടുത്തിട്ടുണ്ട്. ആവശ്യമായ ക്രമീകരണം സ്വീകരിക്കാന്‍ കളക്ടര്‍ക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ ഹാളില്‍ കുടിവെള്ളം ക്രമീകരിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ കുടിക്കാന്‍ വെള്ളം കരുതണം. പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച മലബാറിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമിതിയെ നിയമിച്ചിട്ടുണ്ടെന്നും വി ശിവന്‍കുട്ടി അറിയിച്ചു. അധ്യാപകരുടെ ഡ്യൂട്ടി ആശങ്ക സംബന്ധിച്ച് എല്ലാ വശവും ചര്‍ച്ച ചെയ്താണ് തിയതി നിശ്ചയിച്ചതെന്നും എല്ലാവരേയും തൃപ്തിപ്പെടുത്തി പരീക്ഷാ സമയക്രമം തീരുമാനിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആകെ 2960 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ സജ്ജീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 1170 സെന്ററുകളും എയഡഡ് മേഖലയില്‍ 1421 പരീക്ഷ കേന്ദ്രങ്ങളുമാണ് ഉള്ളത്. ഗള്‍ഫില്‍ 518 കുട്ടികളും ലക്ഷദ്വീപില്‍ 289 പേരുമാണ് പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 29-ന് പരീക്ഷകള്‍ അവസാനിക്കും. മെയ് ആദ്യ വാരത്തോടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.
ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10-ന് ആരംഭിക്കും. മാര്‍ച്ച് 30 വരെയാണ് പരീക്ഷകള്‍ നടക്കുക. ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കായി 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷയും 4,42,067 വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: