തിരുവനന്തപുരം: വര്‍ക്കല പാരാഗ്ലൈഡിങ് അപകടത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. പാരഗ്ലൈഡിങ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ്.കമ്പനി ഉടമകള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈമാസ്റ്റ് വിളക്കുതൂണില്‍ കുടുങ്ങിയുണ്ടായ അപകടത്തിനു കാരണം ഉത്തരാഖണ്ഡുകാരനായ പരിശീലകന് സന്ദീപിന്റെ പിഴവാണെന്ന് എഫ്ഐആര്‍. പരിശീലകന്റെ അലക്ഷ്യമായ പറക്കലാണ് അപകടത്തിനു കാരണമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഗ്ലൈഡിങ് ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ത്തന്നെ നിയന്ത്രണം നഷ്ടമായിരുന്നു. യാത്രക്കാരിയായ കോയമ്പത്തൂര്‍ സ്വദേശിനി പവിത്ര ഭയന്ന് നിലവിളിച്ച് താഴെയിറക്കാന്‍ ആവശ്യപ്പെട്ടിട്ടും സന്ദീപ് പറക്കല്‍ തുടര്‍ന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
പാരാഗ്ലൈഡിങ് കമ്പനിക്ക് കൃത്യമായ അനുമതിയുണ്ടായിരുന്നില്ലെന്ന് വിവരമുണ്ട്. വര്‍ക്കല പാപനാശത്ത് ഇന്നലെയാണ് പാരാഗ്ലൈഡിങിനിടെ പൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി അപകടമുണ്ടായത്. കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയും ഗ്ലൈഡിങ് ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ഒരു മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു കുടുങ്ങിയ രണ്ട് പേരെയും താഴെയിറക്കാനായത്. താഴെ വിരിച്ച വലയിലേക്ക് ഇരുവരും ചാടുകയായിരുന്നു. വര്‍ക്കല പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: